ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part 11 (തിരികെ നാട്ടിലേക്ക് Delhi- Home)
പാർട്ട് -10 വായിക്കാൻ... (തിരികെ നാട്ടിലേക്ക് Sreenagar - Delhi...)
ഫ്ലൈറ്റിൽ നിന്നും പതിയെ ആണ് ഇറങ്ങിയത്. തിരക്കുള്ള ആളുകൾ പൊയ്ക്കോട്ടേ എന്ന് കരുതി ഞങ്ങൾ സീറ്റിൽ തന്നെ ഇരുന്നു. പതിയെ പുറത്തിറങ്ങി റൺവേ യിൽ നിന്നും ബസിൽ കയറി ടെർമിനലിലേക്ക്. ഇനി കണ്ണൂർ വിമാനം പുറപ്പെടുന്ന ടെർമിനലിലേക്ക് എത്തണം.
വലിയ വിമാനത്താവളം ആണ് ഡൽഹി വിമാനത്താവളം. ഞങ്ങൾ അകത്തേക്ക് നടന്നു. ടെർമിനൽ മാറാൻ ഉള്ള ആളുകൾക്ക് പോകേണ്ട ഭാഗത്തേക്ക് ഞങ്ങൾ നടന്നു. അപ്പോഴും ഞങ്ങൾ വന്ന വിമാനത്തിൽ വന്ന പലരും കണക്ഷൻ ഫ്ലൈറ്റ് മിസ് ആയതിന്റെ പേരിൽ അവിടെ നിന്നും ബഹളം വെക്കുന്നത് കാണാമായിരുന്നു. മുകൾ നിലയിലേക്ക് കോണി കയറി ആണ് ഞങ്ങൾ എത്തിയത് അവിടെയും സെക്യൂരിറ്റി ചെക്ക് ഉണ്ട്. അതെല്ലാം കഴിഞ്ഞു ഞങ്ങൾ വെയ്റ്റിംഗ് ഏരിയയിലേക്ക് എത്തി.
ഇനി കുറെ സമയം ഉണ്ട് കണ്ണൂർ ഫ്ലൈറ്റ് നു. എല്ലാർക്കും നന്നായി വിശക്കാൻ തുടങ്ങിയിട്ടുണ്ട്. രാവിലെ ഒരു ബ്രഡ് ഓംലെറ്റും പിന്നെ ഒരു ബർഗറും മാത്രമേ കഴിച്ചിട്ടുള്ളു. പിന്നെ ആദിൽ ഭായി തന്ന വെള്ളവും. വെള്ളം ഒക്കെ കാലി ആയി തുടങ്ങി കഷ്ടിച്ച് മുക്കാൽ കുപ്പി യെ ബാക്കി ഒള്ളു. ഇനി എന്തേലും കഴിച്ചിട്ടാകാം ബാക്കി എന്ന ചിന്തയിൽ ആ ഫ്ലോറിൽ തന്നെ ഉള്ള ഫുഡ് കോർട്ട് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു.
ഫുഡ് കോർട്ടിൽ ഒരു പാടു കടകൾ ഉണ്ട്, KFC, subway അങ്ങനെ പലതും. ചെറിയ രീതിയിൽ ഉള്ള ഫുഡ് കൊണ്ട് കാര്യമില്ല എന്ന് മനസിലാക്കിയ ഞാനും റഷീദും KFC യിൽ നിന്നും ബ്രോസ്റ്റ് കഴിക്കാൻ തീരുമാനിച്ചു, റിയാസ് പിസ്സ ഹട്ടിലേക്ക് നീങ്ങി അവനു പിസ്സ മതി. കൗണ്ടറിനു പുറത്തു ഒരു പയ്യൻ നിന്ന് എന്തോ ഓഫർ ഒക്കെ പറയുന്ന കണ്ടപ്പോ ഫസൽ അവന്റെ അടുത്ത് പോയി കാര്യം ഒക്കെ തിരക്കി ക്യാഷ് ഡിസ്‌കൗണ്ട് ഒക്കെ ഒപ്പിച്ചു KFC യും ബുക്ക് ചെയ്യൽ കഴിഞ്ഞു വന്നു. അത് കണ്ടപ്പോ ഞങ്ങളും ആ വഴിക്ക് തിരിഞ്ഞു. ഒരു പുതിയ ഫുഡ് ആപ്പ് ലോഞ്ച് ചെയ്തതാണ്. അതിന്റ്റെ ഓഫർ ആണ്, ആദ്യത്തെ ഓർഡർ നു 20% ഡിസ്‌കൗണ്ട്, ഉടനെ തന്നെ ആ എക്സിക്യൂട്ടീവിന്റെ സഹായത്തോടെ ആ ആപ്പ് ഇൻസ്റ്റാൾ ചെയ്തു അത് വഴി KFC യിലെ ഫുഡ് ഓർഡർ ചെയ്തു ടോക്കൺ എടുത്തു വെയിറ്റ് ചെയ്യാൻ ആരംഭിച്ചു. അധികം വൈകാതെ ഫുഡ് എത്തി അൽപ സമയത്തിനുള്ളിൽ റിയാസും ഫുഡുമായി വന്നു.
എല്ലാരും ഫുഡ് കഴിച്ചു കയ്യിൽ ഉള്ള വെള്ളം കുടിച്ചു. വയർ നിറഞ ഒരു ഫീൽ ഇല്ല, ഇനി ആ ആപ്പിൽ ഡിസ്‌കൗണ്ടും ഇല്ല, അപ്പൊ പിന്നെ തല്ക്കാലം ഫുഡ് അടി നിർത്തി. കൈ കഴുകി വരുന്ന വഴി ബോട്ടിലിൽ വെള്ളം നിറച്ചു, അവിടെ ഉള്ള ഒരു കിയോസ്കിൽ നിന്നും പ്രയർ റൂമിന്റെ ലൊക്കേഷൻ മനസ്സിലാക്കി എല്ലാരേയും കൂട്ടി നിസ്കരിക്കാൻ ആയി നടന്നു. നല്ല വിശാലമായ പ്രയർ റൂം. അവിടെ കയറി മഗ്‌രിബും ഇഷ യും നിസ്കരിച്ചു. പുറത്തു വന്നു നമുക്ക് പോകേണ്ട ഗേറ്റിലേക്ക് നടന്നു. ഇനിയും കുറച്ചു ടൈം കൂടെ ഉണ്ട് ഫ്ലൈറ്റ് നു.
ഫ്ലൈറ്റ് ന്റെ ടൈം അകാൻ ആയപ്പോ അന്നൗൺസ്‌മെന്റ് വന്നു ഗേറ്റ് മാറിയിരിക്കുന്നു, വേറെ ഒരു ഗേറ്റിലേക്ക് പോകണം എന്ന്, ഇത് ഇപ്പൊ സ്ഥിരം പരിപാടി ആണല്ലോ എന്നും പറഞ്ഞു ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു, അപ്പോഴേക്കും അവിടെ ആള് നിറഞ്ഞിട്ടുണ്ടായിരുന്നു. എല്ലാം കണ്ണൂരേക്കുള്ള മലയാളികൾ തന്നെ. കുറെ പേര് കാശ്മീരിൽ നിന്നും മടങ്ങി വരുന്നവർ ആണ്, ഫസലിന്റെ കയ്യിലെ മൂൺ ലൈറ്റ് ബേക്കറി കവർ കണ്ടപ്പോ തന്നെ പലർക്കും ഞങ്ങൾ കാശ്മീരിൽ നിന്നും വരുന്നവരാണ് എന്ന് മനസിലായി. അവരൊക്കെ ഇത് വാങ്ങിയവരാണ്. വേങ്ങര ഭാഗത്തുള്ള ഒരു മാഷെയും ഫാമിലിയെ യും പരിചയപ്പെട്ടു, അവർ 2 ദിവസാം മുന്നേ മടങ്ങിയവർ ആണ്, ട്രെയിനിൽ ആണ് ഡൽഹിയിൽ എത്തിയത് അവർ. ടൂർ കഴിഞ്ഞു വരുന്ന സാധാരണക്കാർ അടങ്ങുന്ന ഗ്രൂപ്പുകൾ, അങ്ങനെ അകെ ബഹള മയം ആണ് ഗേറ്റ് നു മുന്നിൽ. കുറച്ചു സമയത്തിനുള്ളിൽ ക്രൂ മെംബേർസ് വിളിച്ച നമ്പർ അടിസഥാനത്തിൽ ഞങ്ങൾ വിമാനത്തിലേക്ക് നടന്നു, ഇത്തവണ ജെറ്റ് ബ്രിഡ്ജ് വഴി ആണ് ഫ്ലൈറ്റ് ലേക്ക് പോകുന്നത്, നേരെ ഗേറ്റ് ഇത് നിന്നും ഫ്ലൈറ്റിലേക്ക് കയറി. സീറ്റ് കണ്ടു പിടിച്ചു ഇരുന്നു.
മുൻപത്തെ ഫ്ലൈറ്റ് ലെ പോലെ തന്നെ എല്ലാം മിഡിൽ സീറ്റ് ആണ്. റശീദിന്റെ ആവശ്യപ്രകാരം അവനു എന്റെ സീറ്റ് കൊടുത്തു അവൻ മുന്നിലും പിന്നെ ഞാനും ബാക്കിൽ ഫസലും പിന്നെ റിയാസും. റഷീദിന് ടിക്കറ്റ് പ്രകാരം ഉള്ള സീറ്റ് നു നേരെ ചിറക് ആയത് കാരണം ഒന്നും കാണാൻ പറ്റുന്നില്ല എന്ന് പറഞ്ഞാണ് സീറ്റ് മാറിയത്. പക്ഷെ അവന്റെ നിർഭാഗ്യത്തിന് അവന്റെ അപ്പുറവും ഇപ്പുറവും ഇരിക്കേണ്ടവർ ഭാര്യ ഭർത്താക്കന്മാർ ആയിരുന്നു, അവര് അടുത്ത് ഇരിക്കാൻ വേണ്ടി അവനോട് മൂന്നാം സീറ്റിലേക്ക് ഇരിക്കാമോ എന്ന് ചോദിച്ചേ അവനെ മാറ്റി ഇരുത്തി. അത് ക്നാട് ഞങ്ങൾ കുറെ ചിരിച്ചു.
ഞങ്ങളുടെ കോഡ് ഒക്കെ ഉണ്ടായിരുന്നത് കണ്ണൂർ ഏതോ ചെറിയ ഗ്രാമത്തിൽ നിന്നും ഡൽഹിയും ചുറ്റും കറങ്ങാൻ വന്ന സാധാരണക്കാരായ കുറെ ആളുകൾ ആണ്. എന്റെ അടുത്ത് ഇരുന്ന ആളൊക്കെ ആദ്യമായി വിമാനത്തിൽ കയറുന്ന ആളായിരുന്നു. വിമാനം പുറപ്പെട്ടു കുറച്ചു കഴിഞ്ഞപ്പോ അയാൾ മുന്നിലെ ഒരു സെറ്റിൽ ഒഴിവ് കണ്ടപ്പോ അങ്ങോട്ടേക്ക് പോയി. അപ്പൊ ആ സൈഡ് സീറ്റിലേക്ക് ഞാൻ റശീദിനെ ഇരുത്തി അപ്പോഴേക്കും ഡൽഹി ഒക്കെ വിട്ടു വിമാനം ഇരുട്ടിൽ ആയിരുന്നു, ഒന്നും കാണാൻ ഇല്ലാത്ത വിധം ഇരുട്ട്.
കുറെ സമയത്തെ പാറക്കലിന് ശേഷം വിമാനം കണ്ണൂർ എയർപോർട്ടിൽ എത്തി ചേർന്നു, സമയം 12 മണി കഴിഞ്ഞതേ ഒള്ളു. വളരെ സാവധാനം ഞങ്ങൾ പുറത്തിറങ്ങി. ഞങ്ങൾക്ക് ഇനി 5 മണിക്കാണ് തലശ്ശേരിയിൽ നിന്നും കോഴിക്കോടേക്ക് ട്രെയിൻ ബുക്ക് ചെയ്തിരിക്കുന്നത്. അപ്പോഴേക്കും അവിടെ എത്തിയാൽ മതി.
ല്ഗഗേജു എടുത്ത് പുറത്തേക്കു നടക്കുമ്പോ ഞങ്ങളുടെ കൂടെ ഫ്ലൈറ്റിൽ ഉണ്ടായിരുന്ന ആ കണ്ണൂർ ടീമിലെ ചിലർ അവിടെ പരാതിയുമായി നിൽക്കുന്ന കണ്ടു, അവരുടെ ടീമിലെ മെയിൻ ആളുടെ ലഗേജ് കാണാൻ ഇല്ല.. കഷ്ടം അതും പറഞ്ഞു ഞങ്ങൾ പുറത്തേക്ക് നടന്നു. ഒരു ചായ കുടിക്കാം എന്നായി. പുറത്തുള്ള മിൽമ കൗണ്ടറിൽ നിന്നും ചായയും പഴം പൊരിയും കഴിച്ചു. തണുത്തു പോയ പഴം പൊട്ടി കഴിച്ചു ഞങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് വണ്ടി കിട്ടുമോ എന്ന് ഊബറിൽ സെർച്ച് ചെയ്തു നോക്കി. വണ്ടി ലഭ്യമല്ല, അതോടെ പ്രീ പെയ്ഡ് ടാക്സി ആശ്രയിക്കാൻ തീരുമാനിച്ചു.
നേരെ കൗണ്ടറിൽ ചെന്ന് പോകേണ്ട സ്ഥലം പറഞ്ഞു. എത്ര ആളുണ്ട് എന്ന് കൗണ്ടറിലെ കൊച്ചു, 4 പേര് എന്ന് പറഞ്ഞപ്പോ ചെറിയ കാര് മതിയാകില്ല ഇന്നോവ വേണം എന്ന് കൊച്ചു. അത് വേണ്ട ഞങ്ങൾക്ക് സെഡാൻ ടൈപ്പ് മതി എന്ന് ഞാനും. അവസാനം വേറെ വഴിയില്ലാതെ അവർ സമ്മതിച്ചു. 1800 രൂപയാണ് എന്ന് തോന്നുന്നു, അത് പേ ചെയ്തു അവർ വണ്ടി ബുക്ക് ചെയ്തു. ഡ്രൈവർ സമ്മതിച്ചില്ലെങ്കിൽ വണ്ടി മാറ്റേണ്ടി വരും എന്നൊക്ക പറഞ്ഞു കൊണ്ടിരുന്നു അവർ, അത് ഞങ്ങൾ നോക്കികൊള്ളാം എന്നും പറഞ്ഞു വണ്ടിക്ക് വേണ്ടി കാത്തിരുന്നു.
അധികം വൈകാതെ ഞങ്ങൾക്കുള്ള ഒരു സ്വിഫ്റ്റ് കാർ വന്നു. പുതിയ മോഡൽ സ്വിഫ്റ്റ് ഡിസൈർ കാർ. നല്ല ഡ്രൈവർ, അങ്ങേരു ഒരു ബുദ്ധിമുട്ടും കൂടാതെ ഞങ്ങളുടെ ലഗേജ് എല്ലാം ഡിക്കിയിൽ തന്നെ കൊള്ളിച്ചു വണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു, പോകുന്ന വഴിയിൽ കണ്ണൂർ എയർപോർട്ട് നെ കുറിച്ചെല്ലാം ഡ്രൈവറോട് സംസാരിച്ചു. വേണ്ടത്ര ഫ്ലൈറ്റുകൾ ഇല്ല, യാത്രക്കാർ കുറവ് അങ്ങനെ ഒക്കെ ഒപ്പിച്ചു പോകുകയാണ് ഇപ്പൊ കണ്ണൂർ എയർപോർട്ട് എന്നൊക്ക അയാൾ പറഞ്ഞു കൊണ്ടിരുന്നു. കുറച്ചു സമയത്തിനുള്ളിൽ ഞങ്ങൾ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. ഇനിയും കുറെ സമയം ബാക്കി ഉണ്ട്, 2 മണിക്ക് ഒരു ട്രെയിൻ ഉണ്ടായിരുന്നു, പക്ഷെ നമ്മൾ വിമാനം ലേറ്റ് ആയാലോ എന്നൊക്കെ കരുതി അതിനു ടിക്കറ്റ് എടുത്തിരുന്നില്ല, പിന്നെ ഉള്ളതാണ് ഈ 5 മാണിയുടെ ജന ശതാബ്‌ദി. അപ്പൊ അത് വരുന്ന വരെ വെയിറ്റ് ചെയ്യുക തന്നെ.
കിടക്കാൻ ഒന്നും സ്ഥലമില്ല, ഉള്ള സ്ഥലങ്ങളിലൊക്ക പലരും കിടപ്പുണ്ട്. വേറെ ആരും എവിടെയും ഇല്ല. കുറെ നേരം വെയ്റ്റിംഗ് റൂമിൽ ഇരുന്നു പിന്നെ പ്ലാറ്റഫോമിലേക്ക് നടന്നു. അവിടെ ഒരു ഫാനിനു താഴെ പോയി ഇരുന്നു. അല്പം മാറി ഒരു ബെഞ്ചിൽ റഷീദ് മെല്ലെ തല ചായ്ച്ചു. കുറെ സമയം കഴിഞ്ഞു വണ്ടിയുടെ സമയം ആകാറാകുമ്പോഴേക്കും റെയിൽവേ സ്റ്റേഷനിൽ ആള് കൂടാൻ തുടങ്ങി. ഉറങ്ങിയവരെ ഒക്കെ എഴുന്നേൽപ്പിച്ചു അവിടെ ഒക്കെ ആളുകൾ ഇരിക്കാൻ തുടങ്ങി. അങ്ങനെ 5 മണി ആയി. വണ്ടി വരാൻ ആയി. എല്ലാ ലഗേജുകളും എടുത്തു ഞങ്ങളുടെ കംപാർട്മെന്റ് വരുന്ന ഭാഗം ലക്ഷ്യമാക്കി നടന്നു. നല്ല ഭാരം ഇത്രയും നേരം ഒരു ബാഗ് മാത്രമേ ചുമക്കാൻ ഉണ്ടായിരുന്നുള്ളു ബാക്കി വിമാനത്തിൽ ആയിരുന്നല്ലോ... നടന്നു നടന്നു ലക്ഷ്യ സ്ഥാനത്തു എത്തിയപ്പോഴേക്കും ട്രെയിൻ വന്നു. നേരെ കയറി സീറ്റ് കണ്ടു പിടിച്ചു അവിടെ ഇരുന്നു. ഒരു മണിക്കൂർ കൊണ്ട് കോഴിക്കോട് എത്തും. അതിനിടയിൽ ഒരു ചെറിയ ഉറക്കം പാസ്സാക്കി. 6 മണിയോടെ കോഴിക്കോട് എത്തി. റിയാസ് ഒഴികെ ഞങ്ങൾ അവിടെ ഇറങ്ങി. റിയാസ് നേരെ എറണാകുളത്തേക്കാണ് ടിക്കറ്റ് എടുത്തത്, അവൻ അങ്ങോട്ട് പോകുകയാണ്. ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തേക്ക് നടന്നു.
ഇനി നാട്ടിലേക്ക് എത്തണം അന്ന് ഡ്യൂട്ടി ക്ക് കയറാൻ ഉള്ളതാണ്. കുറെ ദിവസം ആയിട്ടുണ്ട് ജോലിയിൽ നിന്നും ഇറങ്ങിയിട്ട്. അത് കൊണ്ട് അന്ന് ലീവ് ചോദിയ്ക്കാൻ വയ്യ. റഷീദും ഫസലും അന്ന് ലീവ് ആണ്, അത് കൊണ്ട് അവർക്ക് പെട്ടെന്ന് എത്തണം എന്ന് ഒന്നും ഇല്ല. എന്നാലും എന്റെ ആവശ്യം അറിഞ്ഞപ്പോ അവർ വേഗം പോകാം എന്ന് പറഞ്ഞു. ബസിൽ ഈ ലഗേജ് ഒക്കെ കൊണ്ട് പോകുന്നത് നല്ല പണിയാണ് എന്നത് കൊണ്ട് വണ്ടി വിളിക്കാം എന്ന് തീരുമാനിച്ചു. ഒരു യൂബർ കിട്ടുമോ എന്ന് നോക്കിയപ്പോ ഒരു വണ്ടിയുണ്ട്. എർട്ടിഗ. യൂബർ ആപ്പിൽ കാണിക്കുന്ന തുക വളരെ കുറവാണു അത് കിട്ടിയാൽ ഉഷാറായി. ബുക്ക് ചെയ്യാൻ തന്നെ തീരുമാനിച്ചു. ഉടനെ തന്നെ കാൾ വന്നു. ആള് സ്ഥലത്തു ഉണ്ട്, പക്ഷെ യൂബർ ചാർജിൽ നിന്നും കുറച്ചു കൂടെ ക്യാഷ് കൂടുതൽ കൊടുക്കണം എന്ന് പറഞ്ഞു. എന്റെ അത്യാവശ്യം ആയത് കൊണ്ടു കൊടുക്കാം എന്ന് പറഞ്ഞു ആളോട് വരൻ പറഞ്ഞു. അൽപ സമയത്തിനുള്ളിൽ വണ്ടി വന്നു. ഒരു പുതിയ എർട്ടിഗ.
വണ്ടിയിൽ കയറിയപ്പോ തന്നെ അങ്ങേരുടെ ചോദ്യം നിങ്ങൾ ഇവിടെ ഒന്നും ജോലി ചെയ്യുന്നവരല്ലല്ലോ എന്ന്, അല്ല എറണാകുളം ഒക്കെ ആണ് എന്ന് പറഞ്ഞപ്പോ അങ്ങേരുടെ മറുപടി വെറുതെ അല്ല ഇവിടെ ഒക്കെ ഉർ വിളിക്കാൻ നിങ്ങൾക്ക് തോന്നിയത് എന്ന്. കാലിക്കറ്റ് ൽ യൂബർ സർവീസ് ഉണ്ട് എന്ന് തന്നെ ആർക്കും അറിയില്ല എന്നൊക്കെ അങ്ങേരു പറഞ്ഞു.
വണ്ടി അച്ചനമ്പലം ലക്ഷ്യമാക്കി പുറപ്പെട്ടു. എൻറെ ബൈക്ക് അവിടെ റിയാസിന്റെ വീട്ടിൽ ആണ്, അവിടെ പോയി അതെടുത്തു വേണം എനിക്ക് വീട്ടിൽ പോകാൻ. കാർ യാത്രക്കിടെ ഡ്രൈവറെ വിശദമായി പരിചയപ്പെട്ടു, എന്റെ ഒരു കുടുംബക്കാരന്റെ അയൽവാസിയാണ്, കൂടാതെ കുറെ കാലം മുന്നേ അച്ചനമ്പലത്ത് നിന്നും ഉണ്ടായിരുന്ന ബസിലെ ഡ്രൈവർ ആണ് അങ്ങനെ എല്ലാരേയും പരിചയമുള്ള ആളാണ്... അങ്ങേരോട് സംസാരിച്ചു വണ്ടി നീങ്ങി കൊണ്ടിരുന്നു. തലപ്പാറ എത്തിയപ്പോ ഫസലിനെ അവിടെ ഇറക്കി. ഞങ്ങൾ അധികം വൈകാതെ അച്ചനമ്പലത്തു റിയാസിന്റെ വീടിനു മുന്നിൽ എത്തി. സാധനം എല്ലാം എടുത്തു റിയാസിന്റെ വീട്ടിലേക്ക് നടന്നു. ബൈക്ക് അവിടെ നല്ല സുരക്ഷിതമായി മൂടി ഒക്കെ വച്ചിരിക്കുകയാണ് റിയാസിന്റെ ഉമ്മ.
ഉമ്മാനോട് സലാം ഒക്കെ പറഞ്ഞു റിയാസിന്റെ കുറച്ചു സാധനങ്ങൾ വീട്ടിൽ ഏല്പിച്ചു. ബൈക്കിന്റെ ചാവി തരുന്നെന് മുന്നേ ഉമ്മ ചായ കുടിക്കാൻ നിർബന്ധിച്ചു. റിയാസിന്റെ വീട്ടിൽ കയറി ചായയും കടിയും കഴിച്ചു യാത്ര വിവരങ്ങൾ ഒക്കെ പങ്കുവെച്ചു അധികം വൈകാതെ അവിടെ നിന്നും ഇറങ്ങി.
വിശദമായ ചായയും കടിയും കുടിക്കാൻ ഉമ്മ നിർബന്ധിച്ചത് സ്നേഹത്താൽ നിരസിച്ചു അവിടെ നിന്നും വണ്ടിയുമെടുത്തു റഷീദിനെ വണ്ടിയിൽ കയറ്റി അവന്റെ വീട്ടിലേക് വിട്ടു. റഷീദിനെ അവന്റെ വീട്ടിൽ ഇറക്കി ഞാൻ എന്റെ വീട്ടിലേക്ക് പുറപ്പെട്ടു. 8.30 മണിയോട് കൂടെ വീട്ടിൽ എത്തിച്ചേർന്നു. ഒരു പാട് ദിവസത്തെ യാത്രക്കൊടുവിൽ വീട്ടിൽ തിരിച്ചെത്തിയിരിക്കുന്നു. നാഥനോട് നന്ദി പറഞ്ഞു നേരെ വീടിനുള്ളിലേക്ക്....
(അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു പോയ റിയാസിന്റെ സ്നേഹ നിധിയായ ഉമ്മയെ അവസാനമായി കണ്ടത് അന്നാണ് .. നാഥൻ ആ സ്‌നേഹ നിധിയായ ഉമ്മയുടെ ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ, നമ്മെയും അവരെയും നാളെ സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ ആമീൻ..)








Comments
Post a Comment