ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part 6 (ദൂത് പത്രി )
പാർട്ട് -5 വായിക്കാൻ... (സോനമാർഗ്...)
രാവിലെ എന്നത്തേയും പോലെ നേരത്തെ ഉണർന്നു ഫ്രഷ് ആയി ആദിൽ ഭായിയുടെ ചായയും ബ്രേക്ക്ഫാസ്റ്റും കഴിച്ചു ഞങ്ങൾ യാത്രക്ക് റെഡി ആയി. 9.30 മണിയോടെ ഡ്രൈവർ ഫർഹാൻ ഭായി എത്തി. ഇന്ന് കുറച്ചു ദൂരമേ ഓടാൻ ഒള്ളു അത് കൊണ്ടാണ് പുള്ളി നേരം വൈകി എത്തിയത്. നേരെ കാറിൽ കയറി ദൂത് പത്രിയിലേക്ക്.
"ദൂത് പത്രി" എന്ന പേരിന്റെ അർത്ഥം "പാലിന്റെ താഴ്‌വര" എന്നാണ്. കശ്മീരിലെ പ്രശസ്ത കവിയും സന്യാസിയുമായ " ഷെയ്ഖ്-ഉൽ-ആലം" ഷെയ്ഖ്-നൂർ-ഉദ്-ദിൻ നൂറാനി ഇവിടെ പ്രാർത്ഥിച്ചിരുന്നുവെന്നും, ഒരിക്കൽ പുൽമേടുകളിൽ വെള്ളം തേടി പ്രാർത്ഥന നടത്തിയപ്പോൾ, തന്റെ വടികൊണ്ട് നിലത്ത് കുത്തിയപ്പോൾ പാൽ പുറത്തുവന്നുവെന്നും അദ്ദേഹം പാലിനോട് പറഞ്ഞു, അത് കുടിക്കാൻ മാത്രമേ ഉപയോഗിക്കാൻ കഴിയൂ, വുദുവിനായി ഉപയോഗിക്കാൻ കഴിയില്ല . ഇത് കേട്ടപ്പോൾ, പാൽ പെട്ടെന്ന് വെള്ളമായി മാറി, പുൽമേടിന് "ദൂദ്പത്രി" എന്ന് പേര് ലഭിച്ചു എന്നാണ് പറയപ്പെടുന്നത്.
കാർ ശ്രീനഗറിന്റെ പ്രധാന തെരുവുകളിലൂടെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. പോകുന്ന വഴിയിൽ ദൂരെയായി ശ്രീനഗർ എയർപോർട്ട് കാണാം. ചെറിയ കയറ്റങ്ങളും മറ്റുമായി ശ്രീനഗറിലെ ഗ്രാമീണ ഭംഗി ആസ്വദിച്ച് ഞങ്ങൾ യാത്ര തുടർന്നു.
ഇടയ്ക്കിടെ നല്ല മഞ്ഞ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന കടുക് പാടങ്ങൾ. എന്തൊരു ഭംഗിയാണന്നോ അതിനു. ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് വരുമ്പോ റോഡിനു ഇരു വശവും കടുക് പാടങ്ങൾ പൂത്തു നിൽക്കുന്ന കണ്ടിരുന്നു. ഒരു നല്ല പാടത്തിനു അരികിൽ ഫർഹാൻ ഭായി കാർ നിർത്തി. എല്ലാരും പാടത്തേക്കിറങ്ങി. പിന്നെ ഫോട്ടോ എടുപ്പും റീൽസ് പിടിത്തവും ഒക്കെ തകൃതി.
ഫോട്ടോ എടുക്കാൻ ഫർഹാൻ ഭായിയും കൂടി. ഫോട്ടോ പിടിത്തം തകൃതിയായപ്പോ എല്ലാരുടെയും ഷൂവിലോക്കെ ചെളിയായി..., പാടം അല്ലെ ചെളി ഉണ്ടാകുമല്ലോ..... എന്ത് ചെയ്യും എന്നോർക്കുമ്പോ ഫർഹാൻ ഭായി ഒരു തുണിക്കഷ്ണം കൊണ്ട് വന്നു. ഷൂ എല്ലാം ക്ലീൻ ആക്കി തിരികെ കാറിലേക്ക്...

യാത്രക്കിടയിൽ ഇഷ്ടം പോലെ ആപ്പിൾ തോട്ടം കണ്ടു. ഇപ്പൊ സീസൺ അല്ല... പൂക്കൾ വരുന്ന സമയമാണ്. തിരികെ വരുമ്പോ ഫോട്ടോ എടുക്കാം എന്ന് പറഞ്ഞു വണ്ടി വിട്ടു. അതി മനോഹരമായ പ്രകൃതി ഭംഗിയാണ് വഴികളിലെല്ലാം. യാത്രക്കിടയിൽ അതി മനോഹരമായ ഒരു താഴ്വര കണ്ടു. ഉടനെ അവിടെ വണ്ടി നിർത്താൻ ഞങ്ങൾ ആവശ്യപ്പെട്ടു. തിരികെ വരുമ്പോ ആളു കൂടുമ്പോ ഇറങ്ങിയാൽ പോരെ എന്ന് ഡ്രൈവർ, പറ്റില്ല ഇപ്പൊ ഇറങ്ങണം എന്ന് ഞങ്ങൾ, അവസാനം വണ്ടി നിർത്തി തന്നു ഞങ്ങൾ ഇറങ്ങി. വിവരിക്കാൻ പറ്റാത്ത ഭംഗിയുള്ള ആ പുൽത്തകിടിയിൽ അധികം ആളില്ല, അത് കൊണ്ട് നല്ല ഫോട്ടോസ് എടുക്കാൻ പറ്റി.
കുറെ കുതിരക്കാരും അവിടെ ഉണ്ടായിരുന്നു. ഒരു പയ്യൻ കുതിരയുമായി വന്നു എല്ലാര്ക്കും കൂടെ 100 രൂപ കൊടുക്കാം ജസ്റ്റ് ഒരു ചെറിയ റൈഡ് ആൻഡ് ഫോട്ടോ എന്ന് പറഞ്ഞപ്പോ അവൻ സമ്മതിച്ചില്ല, പിന്നെ അവൻ ഓക്കേ പറഞ്ഞു വന്നപ്പോഴേക്കും ഞങ്ങൾക്ക് മടങ്ങാൻ സമയം ആയിരുന്നു. യാത്ര തുടർന്ന് കുറച്ചൂടെ വാഹനം ഓടി ദൂത്‌പത്രി പാർക്കിങ്ങിൽ എത്തി ചേർന്നു.
ഇന്നലെ സോനാമാർഗിൽ കണ്ടപോലെ തന്നെ അവസ്ഥ. ഇനി നമ്മുടെ വണ്ടി പോകില്ല ഒന്നുകിൽ കുതിര അല്ലെങ്കിൽ യൂണിയൻ ടാക്സി അതും അല്ലെങ്കിൽ നടന്നു പോകുക. ഇവിടെ നല്ല റോഡും നല്ല പുൽമൈതാനങ്ങളും ഉണ്ട്. നടന്നു പോകാൻ തന്നെ തീരുമാനിച്ചു. മെല്ലെ റോഡിലൂടെ നടക്കാൻ തുടങ്ങി.
കുറെ നടന്നപ്പോ വിശ്രമിക്കാൻ ഒരു ഇടം കണ്ടു അവിടെ ഇരുന്നു ഓരോ മാഗിയും കൂടെ ചായയും കഴിച്ചു വീണ്ടും നടത്തം തുടർന്നു. 


കുറച്ചു സമയത്തിനുള്ളിൽ ദൂത് പത്രി യിലെ പാൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വെളുത്ത നിറത്തിൽ വെള്ളം ഒഴുകുന്ന പുഴയുടെ ദൃശ്യങ്ങൾ ദൂരെ കാണാൻ ആയി. ആകാംക്ഷയോടെ അങ്ങോട്ടേക്ക് നടന്നു. ധാരാളം സഞ്ചാരികൾ ഉണ്ടായിരുന്നു അവിടെ. പല വലിപ്പത്തിലുള്ള ഉരുളൻ കല്ലുകളും അതിന് മുകളിലൂടെ ഒഴുകുന്ന പാൽ വെള്ള നിറത്തിൽ ഉള്ള പുഴയും എല്ലാം കൂടെ പറഞ്ഞറിയിക്കാൻ വയ്യാത്ത ഭംഗി പകർന്നു തന്നു.
നല്ല ഉരുളൻ കല്ലുകൾ നിറഞ്ഞ ഒരു നദി. പാൽ പോലെ വെള്ളം ഒഴുകുന്നു.. മഞ്ഞു ഉരുകി വരുന്നതാകാം ആ വെള്ളം. ഒരു ചെറിയ മരപ്പാലം ഉണ്ട് കുറുകെ. അത് കടന്നു ഞങ്ങൾ മറുകരയിൽ എത്തി. നദിയിലെ കരയിലുള്ള കല്ലുകളിൽ ഇരുന്നും മറ്റും കുറെ ഫോട്ടോകൾ എടുത്തും പ്രകൃതി ഭംഗി ആസ്വദിച്ചും കുറെ സമയം അവിടെ ചിലവഴിച്ചു ഞങ്ങൾ തിരികെ മടങ്ങി.
തിരികെ പാർക്കിങ്ങിൽ എത്തി കാറിൽ കയറി മടക്കയാത്ര തുടങ്ങി. തിരികെ മടങ്ങുമ്പോ നേരത്തെ നിർത്തിയ പുൽമേട്ടിൽ ഒന്നുടെ ഇറങ്ങി. ഒരു കുതിര സവാരി ചെയ്യാം എന്ന പ്ലാൻ ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ പോകാൻ ഉള്ള പെഹൽഗാമിലെ ഒരു പ്രധാന ആക്ടിവിറ്റി കുതിര സവാരി ആണ് അതിനുള്ള ഒരു ചെറിയ പ്രാക്ടീസ് കൂടെ ആകട്ടെ എന്ന് കരുതിയാണ് ഈ കുതിര സവാരി. രാവിലെ പറഞ്ഞ റേറ്റ് ഒക്കെ കൂടിയിട്ടുണ്ട്. രാവിലെ കണ്ട പയ്യനെ അവിടെ കാണാനും ഇല്ല. കുറെ വിലപേശി അവസാനം വേണ്ട എന്ന് പറഞ്ഞു മടങ്ങുമ്പോ നമ്മൾ പറഞ്ഞ കാശിനു അവർ സമ്മതിച്ചു. എല്ലാരും ഓരോ ചെറിയ റൌണ്ട് കുതിര സവാരി നടത്തി. ആദ്യമായി കുതിരപ്പുറത്ത് കയറുന്ന എന്റെ പേടി ചെറുതായി കുറക്കാൻ ഈ സവാരി കാരണമായി.പേടിക്കുന്ന അത്ര പ്രശ്നമില്ല കുതിര സവാരി എന്ന് മനസിലായി. കുതിര സവാരിയുടെ ഭീകരത വരാനിരിക്കുന്നെ ഉണ്ടായിരുന്നുള്ളു. പഹല്ഗാമിൽ ബൈസാറാൻ വാലിയിലേക്ക് ഉള്ള യാത്ര.. അതിനെ കുറിച്ച് അടുത്ത പാർട്ടിൽ എഴുതാം.
മടക്ക യാത്രയിൽ ആപ്പിൾ തോട്ടത്തിൽ കയറി കുറച്ചു ഫോട്ടോസ് എടുത്തു തോട്ടത്തിന്റെ മുതലാളിയായ ഒരു പയ്യനെ കണ്ടു അവനോട് കുറെ വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞു ഞങ്ങൾ മടങ്ങി പോന്നു.
എല്ലാര്ക്കും വിശക്കാൻ തുടങ്ങിയിരിക്കുന്നു. നേരത്തെ മല കയറുമ്പോ കഴിച്ച മാഗി ഒക്കെ എപ്പോഴേ ദഹിച്ചു കഴിഞ്ഞിരിക്കുന്നു. ടൗണിൽ എത്തി ഒരു ഹോട്ടലിൽ കയറി കശ്മീർ ബിരിയാണിയും കഴിച്ചു ഞങ്ങൾ റൂമിലേക്ക് മടങ്ങി.
നാളെ വെള്ളിയാഴ്ച ശ്രീനഗർ ടൗണിലെ കാഴ്ചകൾ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്, അതിനായി നേരത്തെ എത്താൻ ഡ്രൈവറോട് പറഞ്ഞേല്പിച്ചു ഞങ്ങൾ റൂമിലേക്ക് കയറി. ഫ്രഷ് ആയി കുറെ നേരം സൊറ പറഞ്ഞും വീട്ടിലേക്ക് വിളിച്ചും ഒക്കെ സമയം പോയി. രാത്രി 8.30 യോടെ ഫസലിന്റെ ക്ലാസ്സ്‌മേറ്റ് ആയ സുനിൽ കുമാർ സാർ വരുന്നു എന്ന് വിളിച്ചു പറഞ്ഞു. പുള്ളി ശ്രീനഗർ യൂണിവേഴ്സിറ്റി യിലെ പ്രൊഫസ്സർ ആയി ജോലി ചെയ്യുകയാണ്. പുള്ളി ഏകദേശം നമ്മുടെ സ്ഥലത്തേക്ക് എത്തിയപ്പോ ഞങ്ങൾ കാണാൻ ആയി ഇറങ്ങി. ആള് കുടുംബ സമ്മത ആണ് എത്തിയത്. ഞങ്ങൾ പരിചയപ്പെട്ടു കുറെ സംസാരിച്ചു. പിരിയാൻ നേരം പുള്ളി ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു. ഒഴിയാൻ കുറെ ശ്രമിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. അങ്ങനെ അവരോടൊപ്പം ഡിന്നർ കുശാലായി കഴിച്ചു. അതിലെ ഒരു ഐറ്റം റീഷ്ത എന്ന പേരുള്ള ഒരു മട്ടൺ വിഭവം റഷീദിന് തീരെ പിടിച്ചില്ല.പിന്നീട് പല സമയത്തും ആ ഐറ്റം റഷീദിനു പണിയായികൊണ്ട് നമ്മുടെ മെനുവിൽ വന്നു കൊണ്ടിരുന്നത് യാദൃച്ഛികമാകാം...
ഭക്ഷണം കഴിഞ്ഞു സുനിൽ സാറും ഫാമിലിയും യാത്ര പറഞ്ഞു പിരിഞ്ഞു. ഞങ്ങൾ റൂമിലേക്ക് നടന്നു,,, ട്യൂലിപ് ഗാർഡനും ഡാൽ തടാകത്തിലെ ബോട്ടിങ്ങും എല്ലാം സ്വപനം കണ്ടു കൊണ്ട് ഞങ്ങൾ ഉറങ്ങാൻ കിടന്നു.
പാർട്ട് -7 വായിക്കാൻ... (ശ്രീനഗർ കാഴ്ചകൾ...)











Comments
Post a Comment