ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part 4 (ശ്രീനഗറിലേക്ക് )


പാർട്ട് -3 വായിക്കാൻ...(ആഗ്രയിൽ...)


         തലേ ദിവസത്തെ നടത്ത ക്ഷീണം ഉള്ളത് കൊണ്ടാകും രാത്രി നന്നായി ഉറങ്ങി. നന്നായി ഉറങ്ങിയത് കൊണ്ട് രാവിലെ നേരത്തെ ഉണർന്നു. നിസ്കാരം കഴിഞ്ഞു കാഴ്ചകൾ കാണാൻ ഇരുന്നു. ലോവർ ബർത്ത് ആയതു കൊണ്ട് ആരെയും എണീപ്പിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. ഉണരുമ്പോ പത്താൻകോട്ട് സ്റ്റേഷൻ കഴിഞ്ഞിരുന്നു. പിന്നീട് കുറെ സ്റ്റോപ്പില്ലാത്ത സ്റ്റേഷനുകൾ പിന്നിട്ട് ട്രെയിൻ ഓടിക്കൊണ്ടിരുന്നു. 

ജമ്മു കാശ്മീരിൽ എത്തിയ ഒരു ഫീൽ കിട്ടുന്ന കാഴ്ചകൾ ഇഷ്ടം പോലെ കണ്ടു തുടങ്ങി. പച്ച പുതച്ച പുൽമേടുകളും ഉരുളൻ കല്ലുകൾ ഉള്ള വെള്ളമില്ലാ നദികളും എല്ലാം കാശ്മീരിലേക്ക് അടുക്കുന്ന ലക്ഷണങ്ങൾ കാണിച്ചു.                

           അല്പം വൈകി 7.30 മണിയോടെ ട്രെയിൻ ജമ്മുതാവി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. ലഗേജുകൾ എല്ലാം എടുത്തു ഞങ്ങൾ ട്രെയിനിൽ നിന്നും ഇറങ്ങി പുറത്തേക്ക് നടന്നു. ഈ യാത്രയിലെ അവസാന ട്രെയിൻ യാത്ര ഇവിടെ അവസാനിക്കുന്നു. (ബനിഹാൽ മുതൽ ശ്രീനഗർ വരെ ട്രെയിൻ യാത്ര ആദ്യം പ്ലാനിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഉപേക്ഷിച്ചു). തിരക്കിൽ ഉൾപ്പെട്ടു ഞങ്ങളും പുറത്തേക്ക് നടന്നു. എല്ലാരും ധൃതിയിൽ പുറത്തേക്ക് പോകുന്നുണ്ട്, ശ്രീനഗറിലേക്ക് ഷെയർ ടാക്സി പിടിക്കാനാകും. ഞങ്ങൾ എന്തേലും കഴിച്ചിട്ട് പോകാം എന്ന പ്ലാനിൽ ആണ്. ഇനി 6-7 മണിക്കൂർ യാത്രയുണ്ട് അത് കൊണ്ട് ബ്രേക്ക്ഫാസ്റ്റ് കഴിച്ചാകാം യാത്ര എന്ന് കരുതി അടുത്ത് കണ്ട ഒരു ഹോട്ടലിലേക്ക് നടന്നു.

         


    
             ഹോട്ടലിലേക്ക് കയറുമ്പോ പുറത്തുള്ള കിച്ചണിൽ ഒരു പയ്യൻ എന്തോ ചെയ്യുന്നുണ്ട്, ബ്രേക്ക് ഫാസ്റ്റ് റെഡി ആണോ എന്ന ചോദ്യത്തിന് മറുപടിയായി കയറി ഇരിക്കാൻ പറഞ്ഞു. കൈ കഴുകി ഇരുന്നു. അവൻ തന്നെ ആണ് ഓർഡർ എടുക്കാനും വരുന്നത്. വേറെ സ്റ്റാഫ് ഒന്നും വന്നില്ല എന്ന് തോന്നുന്നു. സ്റ്റേഷന് തൊട്ടു അടുത്തുള്ള ഒരു ഹോട്ടൽ ആയിട്ടു പോലും കസ്റ്റമേഴ്സ്  ആരും വരുന്നില്ല. ഹോട്ടൽ പണിക്കാർ ഇല്ലാത്ത കാരണം കസ്റ്റമേഴ്സ് വരാത്തതാണോ അതോ തിരിച്ചാണോ എന്നറിയില്ല. ചോള ബട്ടൂരയും ചായയും ഓർഡർ ചെയ്തു കാത്തിരുന്നു. അല്ല സമയത്തിനുള്ളിൽ വലിയ ചോള ബട്ടൂരയും കടലക്കറിയും ചായയും വന്നു. അതും കഴിച്ചു പുറത്തിറങ്ങി. ബില്ലു നല്ല കത്തിയായിരുന്നു. 

                ഇനി ശ്രീനഗറിലേക്ക് വാഹനം ഒപ്പിക്കണം. ഹോട്ടലിന്റെ മുന്നിൽ നിന്ന ഒരാളോട് ശ്രീനഗറിലേക്ക് ഉള്ള വാഹനം എവിടെ കിട്ടും എന്ന്  അന്വേഷിച്ചു. താഴേക്ക് പോകാൻ ചൂണ്ടി കാണിച്ചു അങ്ങേരു ഇങ്ങനെ പറഞ്ഞു. പെട്ടെന്ന് ചെന്നാൽ JKRTC യുടെ ബസ് കിട്ടും പോയി നോക്ക് എന്ന്. അത് കേട്ട് ഞങ്ങൾ സ്റ്റാൻഡ് ലക്ഷ്യമാക്കി നീങ്ങി. നമ്മുടെ നാട്ടിലെ സ്റ്റാൻഡ് പോലെ ഒന്നും അല്ല. ബസ് തലങ്ങും വിലങ്ങും ഇട്ടിരിക്കുന്നു. (ചില മൊബൈൽ ഗെയിമിൽ ഒക്കെ കണ്ടിട്ടുണ്ട്, ഇങ്ങനെ തലങ്ങും വിലങ്ങും വാഹനങ്ങൾ ഇട്ടിട്ടു അതിൽ നിന്നും ഓരോന്ന് പുറത്തേക്ക് എടുക്കുന്നത്). കൂടുതലും ചെറിയ ബസ്സുകളാണ്. പോകുന്ന വഴിയിൽ ടാക്സിക്കാർ ഒക്കെ നില്കുന്നുണ്ടെങ്കിലും ആരും ഞങ്ങളെ വിളിച്ചൊന്നും ഇല്ല. വീഡിയോയിൽ ഒക്കെ കണ്ടത് ആളെ വിളിച്ചു കയറ്റുന്ന ടാക്സിക്കാരെ ആണ്. ട്രെയിൻ വന്നു കുറെ കഴിഞ്ഞു വന്നത് കൊണ്ടാകാം അവർ വലിയ താല്പര്യം എടുക്കാഞ്ഞത്.

            ഗെയിമിൽ ഒക്കെ കാണുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ കുത്തി നിറച്ച ബസുകൾക്കിടയിലൂട ഞങ്ങൾ ശ്രീനഗർ ബസ് തിരഞ്ഞു നടന്നു. പെട്ടെന്ന് ഒരാൾ വന്നു എങ്ങോട്ടാണ് എന്ന് ചോദിച്ചു. ശ്രീനഗർ എന്ന് പറഞ്ഞപ്പോ അങ്ങേര് ഞങ്ങളെ ഒരു ഗ്ലാസ് ക്യാമ്പിന്റെ അടുത്തേക്ക് കൂട്ടികൊണ്ടു പോയി. ടിക്കറ്റ് കൌണ്ടർ ആണ് അത്. 4 ശ്രീനഗർ എന്ന് പറഞ്ഞു കൊടുക്കേണ്ട ക്യാഷ് ഒരു പേപ്പറിൽ എഴുതി തന്നു. സീറ്റും അതിൽ തന്നെ എഴുതിയിട്ടുണ്ട്. പ്രിന്റഡ് ബില്ല് ഒന്നും ഇല്ല. എന്തോ ഉടായിപ്പ് പോലെ തോന്നി.

                ക്യാഷ് കൊടുത്തു അങ്ങേരുടെ കൂടെ ബസ് തേടി പോയി. കൂട്ടത്തിൽ ഒരു ബസ് ന്റെ പിറകിൽ ചെന്ന് നിന്ന് വലിയ ലഗേജ് അവിടെ വെക്കാനും ചെറിയ ബാഗുകൾ സീറ്റിനു മുകളിൽ വെക്കാനും അങ്ങേരു പറഞ്ഞപ്പോ ആണ് പുള്ളി ആ ബസ് ഡ്രൈവർ ആണ് എന്ന് മനസിലായത്. സീറ്റ് നോക്കി ഞങ്ങൾ ബസ്സിൽ കയറി ഇരിപ്പായി. അങ്ങിങ്ങായി വേറെയും ചിലർ ഉണ്ട് ബസ്സിൽ. കണ്ടിട്ട് ശ്രീനഗർ സ്വദേശികളാണ് എന്ന് തോന്നി. ചെറുതായി ചൂട് എടുക്കാൻ തുടങ്ങി. ബസ് പോകുന്ന ലക്ഷണം കാണുന്നില്ല. സീറ്റ് ഫുൾ ആയാലേ പോകു അത്രേ... അല്ലാതെ സമയം നോക്കിയല്ല ട്രിപ്പ്.  കുറച്ചു സമയത്തിനുള്ളിൽ വേറെ ഒരാൾ വന്നു സീറ്റ് ഒക്കെ ചെക്ക് ചെയ്തു നേരത്തെ തന്ന പേപ്പർ സ്ലിപ് തിരികെ വാങ്ങി പോയി. നമ്മുടെ കയ്യിൽ തെളിവിനു വേറെ ഒന്നും ഇല്ലാത്തോണ്ട് അത് ഒരു ഫോട്ടോ എടുത്ത് വക്കുന്ന കണ്ട ഡ്രൈവർ ഞാൻ ഇല്ലേ പിന്നെ എന്താ എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. പോകുകയല്ലേ എന്ന് ചോദിച്ചപ്പോ ഉടനെ പോകും എന്ന് മറുപടി. ഏകദേശം 9 മണിയോടെ JKRTC യുടെ എസി ബസ് ഞങ്ങളെയും കൊണ്ട് ശ്രീനഗറിലേക്ക് പ്രയാണം തുടങ്ങി.

              

            കാഴ്ച്ചകൾ കണ്ടു കൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. അതി ദുർഘടമായ പാതയോരങ്ങളും പണി നടന്നു കൊണ്ടിരിക്കുന്ന റോഡുകളും നിരവധി ചെറുതും വലുതുമായ ടണലുകളും താണ്ടി ആണ് യാത്ര മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. 9.28 കിലോമീറ്റർ ദൂരമുള്ള ശ്യാമ പ്രസാദ് മുഖർജി ടണൽ എന്ന് ഇപ്പൊ അറിയപ്പെടുന്ന ചെനാനി-നശ്‌രി ടണൽ ഈ യാത്രയിലെ വലിയ ടണലാണ്. 8.45 കിലോമീറ്റർ ദൂരമുള്ള ബനിഹാൽ ഖാസിഖുണ്ട് ടണൽ ഇങ്ങനെ ചെറുതും വലുതുമായ ഒത്തിരി ടണൽ ഈ യാത്രയിൽ പിന്നിട്ടു. പലയിടങ്ങളിലും പടുകൂറ്റൻ തൂണുകളുടെ പണികൾ നടക്കുന്നു. അധികം വൈകാതെ പുതിയ റോഡുകൾ വരുമായിരിക്കും. പലയിടങ്ങളിലും ഇടിഞ്ഞു വീഴാൻ നിക്കുന്ന പോലെ റോഡ് സൈഡിൽ മൺകൂനകൾ മലകൾ പോലെ നിൽക്കുന്ന കാഴ്ച പലപ്പോഴും പേടിപ്പെടുത്തുന്നതാണ്. കുറെ ദൂരം ഓടി ബസ് ഒന്ന് വിശ്രമിക്കാൻ നിർത്തി. ചിലരൊക്കെ ചായ കുടിക്കാൻ കയറി. ഒന്ന് ഫ്രഷ് ആയി ഞങ്ങൾ ഫസൽ കൊണ്ട് വന്ന സ്‌നാക്‌സും കൊറിച്ചു  അവിടെ ഒക്കെ കാഴ്ച്ച കണ്ടു നിന്നു. അല്പസമയം കഴിഞ്ഞു ബസ് യാത്ര തുടർന്നു.

യാത്രക്ക് ഇടയിൽ ഒരു തുരങ്കം (ബനിഹാൽ ഖാസിഖുണ്ട് ടണൽ) കഴിഞ്ഞ ഉടനെ ബസ് ഒരു കടയുടെ മുന്നിൽ വന്നു നിന്നു. ഡ്രൈവർ അടക്കം കുറെ പേര് ഇറങ്ങി ഒരു മധുര പലഹാര കടയിലേക്ക് ഓടുന്നു. എന്തോ ഒരു പ്രതെയ്കത ഉള്ള സ്വീറ്റ്‌സ് കടയാണ്. എല്ലാരും കവറിലാക്കി എന്തോ ഐറ്റംസ് വാങ്ങുണ്ട്. അത് കണ്ടപ്പോ ഫസലും റിയാസും നോക്കാൻ വേണ്ടി പോയി. തിരികെ വന്നപ്പോ രണ്ടു കവർ കയ്യിൽ ഉണ്ട്. ഒന്ന് ഒരു ബർഫി പോലെ ഉണ്ട്, വേറെ ഒന്ന് സോന പാപ്ടി കുറച്ചു കട്ടിയാക്കിയ പോലെ ഉള്ള ഒരു മധുര പലഹാരം. ഒത്തിരി പഴക്കം ഉള്ള കടയാണ്, ഓതെന്റിക് ആയി സ്വീറ്റ്‌സ് ഉണ്ടാക്കുന്നവരാണ് എന്ന് ഒക്കെ കവറിൽ എഴുതിക്കണ്ടു. ബസിൽ ഇരുന്നു ആ പലഹാരം ആസ്വദിച്ച് കഴിച്ചു,  കാഴ്ചകൾ കണ്ടു വീണ്ടും ബസ് മുന്നോട്ട് പോയി. ബനിഹാൽ എന്ന ടൌൺ കഴിഞ്ഞ ഉടനെ ഉച്ച ഭക്ഷണത്തിനായി ബസ് നിർത്തി. എല്ലാരും കയറുന്ന കടയിലേക്ക് തന്നെ ഞങ്ങളും വച്ച് പിടിച്ചു.

         ഹോട്ടലിൽ കയറിയ ഞങ്ങൾക്ക് എന്ത് ഓർഡർ ചെയ്യണം എന്ന് ഒരു ഐഡിയയും ഇല്ല, കശ്മീർ ഫുഡ് മുൻപ് എവിടെയും കഴിച്ചു പരിചയം ഇല്ലല്ലോ... എന്തായാലും നോൺ വെജ് ആക്കാം എന്ന് തത്വത്തിൽ തീരുമാനം ആയി. ഡൽഹിയിൽ ആയിരുന്നപ്പോ വയർ ചീത്തയാകുമോ എന്ന് പേടിച്ചിട്ടു വെജ് അല്ലാതെ ഒന്നും ഞങ്ങൾ കഴിച്ചിരുന്നില്ല. ഓർഡർ എടുക്കാൻ വന്ന ആളോട് ചോറും മട്ടൻ കറിയും ചിക്കൻ കറിയും ഓർഡർ കൊടുത്തു. നാലു പ്ലേറ്റ് ചോറും രണ്ടു പാത്രത്തിലായി 2 പീസ് മട്ടണും 2 പീസ് ചിക്കനും കുറച്ചു സാലഡും മേശയിൽ എത്തി. ആദ്യമായി കശ്മീർ ഫുഡ് കഴിച്ചു ഞങ്ങൾ കശ്മീർ ഫുഡ് ലൈഫ് സ്റ്റാർട്ട് ചെയ്തു. അൽപ സമയത്തിനുള്ളിൽ അവിടെ നിന്നും പുറപ്പെട്ടു ദൂരെ മലയിൽ ചെറുതായി മഞ്ഞു പാളികൾ കണ്ടതോടെ ഞങ്ങളുടെ സന്തോഷം വർധിച്ചു വന്നു. റോഡ് സൈഡിലൊക്കെ കടുകു പാടങ്ങൾ പൂത്തു നിൽക്കുന്ന കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. 

            വരാൻ പോകുന്ന നല്ല കാഴ്ചകളുടെ ഓർമയിൽ പതിയെ ഞങ്ങൾ ശ്രീനഗർ ടൗണിലേക്ക് അടുത്തു. ഒടുവിൽ ശ്രീനഗർ TRC ബസ് സ്റ്റാൻഡിൽ ബസ് വന്നു നിന്നു. 

അങ്ങനെ ഞങ്ങൾ ഫൈനൽ പോയിന്റിൽ എത്തിയിരിക്കുന്നു. സാധനങ്ങൾ എല്ലാം എടുത്തു ഇറങ്ങി. ഇനി റൂമിലേക്ക് പോകണം. മാജിദ് ഭായി പറഞ്ഞ പോലെ റൂം ഓണർക്ക് ഫോൺ ചെയ്തു ഫോൺ ഒരു ഓട്ടോക്കാരന് കൈമാറി. സ്ഥലം കറക്റ്റ് ആയി അറിയാൻ അതാണ് വഴി എന്നും ക്യാഷ് കൂടുതൽ വാങ്ങുന്ന പ്രശനം ഉണ്ടാകുകയില്ല എന്നതും ആണ് അത് കൊണ്ട് ഉദ്ദേശിച്ചത്.

             റിയാസ് ഫോൺ കൈമാറി ഡ്രൈവർ സംസാരിച്ചു കഴിഞ്ഞ ഉടനെ കുറെ ഡ്രൈവർമാർ നമ്മൾ സംസാരിച്ച ഓട്ടോ വളഞ്ഞു പൂര കച്ചറ. എന്തൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നുണ്ടായിരുന്നു. ഓട്ടോ സ്റ്റാൻഡ് എല്ലായിടത്തും കണ്ടു പരിചയിച്ച നമുക്ക് കാര്യം ഏതാണ്ട് പിടി കിട്ടി. ഞങ്ങൾ സംസാരിച്ച ഓട്ടോ ഈ സ്റ്റാൻഡിൽ ഉള്ളവനല്ല, ഞങ്ങളെ കണ്ടപ്പോ നൈസ് ആയി വന്നതാണ്. അവനെ മറ്റു ഓട്ടോക്കാർ ഓടിച്ചു വിട്ടു. ഞങ്ങളോട് കാര്യങ്ങൾ പറഞ്ഞു എവിടെയാ പോകേണ്ടത് എന്ന് ചോദിച്ചു. വീണ്ടും കാൾ ചെയ്തു ഫോൺ കൈമാറി ഡ്രൈവർ സംസാരിച്ചു 150 രൂപക്ക് കൊണ്ട് വിടാം എന്ന് പറഞ്ഞു. എല്ലാരും കൂടെ സാധനങ്ങൾ എടുത്തു വെക്കാൻ സഹായിച്ചു. 4 ആളുകളും എല്ലാര്ക്കും ഈരണ്ടു ബാഗുകളും എല്ലാം ഒരു ഓട്ടോയിൽ അവർ കയറ്റി തന്നു. നമ്മുടെ നാട്ടിൽ ഒക്കെ ആണേൽ രണ്ടിൽ കൂടുതൽ പേരെ കയറ്റില്ല. അങ്ങനെ റൂമിലേക്ക് ഞങ്ങൾ യാത്ര തുടങ്ങി. 

                  അധികം വൈകാതെ ഗോൾഡൻ ടൌൺ ഗസ്റ്റ് ഹൌസ് എന്ന റൂമിനു മുന്നിൽ വണ്ടി എത്തി. ക്യാഷ് കൊടുത്തു ലഗേജ് ഇറക്കി ഗേറ്റ് നു അകത്തു കടക്കുമ്പോ ഞങ്ങളെ കാത്തു റൂം ഓണർ ആദിൽ ഭായ് നിൽക്കുന്നുണ്ടായിരുന്നു. ചെക്ക് ഇൻ പരിപാടികൾ തീർത്തു കീ വാങ്ങി നേരെ മുറിയിലേക്ക്.... എല്ലാരും കുളിച്ചു ഒന്ന് റസ്റ്റ് എടുക്കാൻ ഉള്ള മൂഡിലായിരുന്നു. കുളിച്ചു കുറച്ചു സമയം കഴിഞ്ഞു മഗ്‌രിബ് നിസ്കരിക്കാൻ പള്ളിയിലേക്ക് ഇറങ്ങി.

മഗ്‌രിബ് നിസ്കാരം കഴിഞ്ഞു ഒന്ന് നടക്കാൻ ഇറങ്ങി. ഞങ്ങൾ താമസിക്കുന്നത് ബാബ്‍ടം എന്ന ഏരിയയിൽ ഖാൻയാർ എന്ന ഭാഗത്താണ്. അവിടെയാണ് മെയിൻ ഫുഡ് സ്ട്രീറ്റ് ഉള്ളത്. നടന്നു നടന്നു അവിടെ എത്തിയപ്പോ എന്തേലും കഴിക്കാം എന്നായി. കാണാൻ കൊള്ളാവുന്ന ഒരു കടയിൽ കയറി കബാബും റൊട്ടിയും മറ്റും കഴിച്ചു തിരികെ റൂമിലേക്ക് നടന്നു. നാളെ മുതൽ കശ്മീർ കറക്കം ആരംഭിക്കുകയാണ് രാവിലെ 9.30 മണിക്ക് ഞങ്ങളെ കൊണ്ട് പോകാൻ കാറും ഡ്രൈവറും എത്തും എന്ന് അറിയിച്ചിരുന്നു. രാവിലെ ഫുഡ് ആദിൽ ഭായിയോട് തയ്യാറാക്കാൻ ഏല്പിച്ചു പ്രാർത്ഥനക്ക് ശേഷം ഉറക്കത്തിലേക്ക് കടന്നു.... നാളെ മുതൽ കാണാൻ പോകുന്ന സുന്ദര ദൃശ്യങ്ങൾ മനസ്സിൽ ഓർത്തു കൊണ്ട് ഉറക്കത്തിലേക്ക് മെല്ലെ മെല്ലെ ....

പാർട്ട് -5 വായിക്കാൻ... (സോനമാർഗ്...)  

Comments

Popular posts from this blog

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part- 2 (ഡൽഹിയിൽ )

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part -1 (ഡൽഹിയിലേക്ക് )

Driving licence @Saudi -Part1