ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part -1 (ഡൽഹിയിലേക്ക് )

                           

   ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാശ്മീരിലേക്ക് യാത്ര പോകണം എന്ന് ആഗ്രഹിക്കാത്ത ആളുകളുണ്ടാകില്ല. എനിക്കും എന്റെ  ഡിഗ്രി സഹപാഠികളായ റിയാസ്, റഷീദ്, ഫസൽ എന്നിവർക്കും മറിച്ചായിരുന്നില്ല ആഗ്രഹം. കുറെ നാളായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹം ആണ് എല്ലാർക്കും. പക്ഷെ കുറെ ദിവസം ലീവ് എടുക്കണം ഈ യാത്രക്ക് എന്നത് കൊണ്ട് നടന്നില്ല എന്ന് മാത്രം. പലരും യൂട്യുബിലും റീൽസിലും വീഡിയോ ഇടുന്നതു  കണ്ടു കണ്ടു പോകാൻ ഞങ്ങൾക്കും ആഗ്രഹം കൂടി കൂടി വന്നു. അങ്ങനെ ഇരിക്കുമ്പോ ആണ് കമ്പനിയിലെ ഈ വർഷത്തെ (2025) വാർഷിക അവധി കലണ്ടർ ശ്രദ്ധയിൽ പെട്ടത്. ഏപ്രിൽ മാസത്തിൽ കുറച്ചു ലീവുകൾ വരുന്നുണ്ട്, വിഷു, പെസഹാ, ദുഃഖ വെള്ളി മുതലായ ലീവുകൾ അടുത്തു അടുത്തു വരുന്നു, അതിനിടയിൽ 2 ദിവസം ലീവ് എടുത്താൽ ശനിയും ഞായറും കൂടി കൂട്ടി 10 ദിവസം വരെ ഒഴിവു കിട്ടും എന്ന് കണ്ടപ്പോ ആ വിവരം അപ്പൊ തന്നെ ടൂറിനായി ഉള്ള ഗ്രൂപ്പിൽ വിവരം അറിയിച്ചപ്പോ ഉടനെ തന്നെ ബാക്കി മൂന്ന് പേരും ഓക്കേ പറഞ്ഞു. അതോടെ യാത്രക്കുള്ള ഒരുക്കം തുടങ്ങി.

             ആദ്യമായി എങ്ങനെ പോകണം എന്നുള്ള ചർച്ചകൾ ആയിരുന്നു. കാശ്മീരിലേക്ക് ട്രെയിനും തിരികെ ഫ്ലൈറ്റും എന്ന രീതിയിൽ യാത്ര പ്ലാൻ ഉറപ്പിച്ചു. തുടർന്ന് ഡൽഹിയിലേക്കുള്ള ട്രെയിൻ ടിക്കറ്റ്  എടുക്കാൻ ഉള്ള ശ്രമം ആയി. ഏപ്രിൽ 11 നു വൈകിട്ട് കോഴിക്കോട് നിന്നും ഡൽഹിയിലേക്ക് കൊച്ചുവേളി - ഋഷികേശ് എക്സ്പ്രസ്സ് ട്രെയിനിൽ 2nd എ സി യിൽ സീറ്റ് ബുക്ക് ചെയ്തു. ഡൽഹിയിൽ ഒരു ദിവസം കറങ്ങി പിറ്റേന്ന് കാശ്മീരിലേക്ക് പോകാൻ ആയിരുന്നു പ്ലാൻ. ജമ്മുവിലേക്ക് ട്രെയിൻ ബുക്ക് ചെയ്യാൻ സമയം ആയിരുന്നില്ല അപ്പൊ.  അഡ്വാൻസ് ബുക്കിംഗ് പീരീഡ് നു പുറത്തായിരുന്നു ആ തീയതി.

              പിന്നീട് ബുക്ക് ചെയ്യാൻ നോക്കുമ്പോ ആദ്യം ഉദ്ദേശിച്ച ട്രെയിൻ ഫുൾ ആയി, പിന്നെ അടുത്ത ദിവസം ഉള്ള ട്രെയിൻ ബുക്ക് ചെയ്തു. ഡൽഹി സാറായ് റോഹില്ല സ്റ്റേഷനിൽ നിന്നും ജമ്മു താവി വരെ. അപ്പൊ ഡൽഹിയിൽ 2 ദിവസം കിട്ടും എന്നായി. അങ്ങനെ ആണെങ്കിൽ ആഗ്രയിൽ പോകാം എന്ന് തീരുമാനിച്ചു. തിരികെ ശ്രീനഗറിൽ നിന്നും ഫ്ലൈറ്റ് മാർഗം മടങ്ങാം എന്ന് ആദ്യമേ തീരുമാനിച്ചു വച്ചത് പ്രകാരം 
ഞായറാഴ്ച്ച റിട്ടേൺ  ഫ്ലൈറ്റ് ടിക്കറ്റ് നോക്കിയപ്പോ കോഴിക്കോട്ടേക്ക് നല്ല ടിക്കറ്റ് ചാർജ്, തിങ്കൾ ആണേൽ കണ്ണൂരിലേക്ക് കുറവുണ്ട് ചാർജ്, അതു പ്രകാരം 21 നു ഉച്ചക്ക് ഉള്ള ഫ്ലൈറ്റ് ൽ  ഡൽഹി വഴി കണ്ണൂരേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. 

          കശ്മീർ വരെ പോയി വരാൻ ഉള്ള വാഹന സൗകര്യം ഏകദേശം ആയതോടെ എവിടെ ഒക്കെ പോകണം എന്നായി അടുത്ത ചർച്ചകൾ, സാധാരണ എല്ലാവരും പോകുന്ന ലൊക്കേഷൻസ് തന്നെ ഫസ്റ്റ് പ്രിയോറിറ്റിയിൽ വന്നു. സോനാമാർഗ്, പഹൽഗാം, ശ്രീനഗർ ലോക്കൽ സൈറ്റ് സീയിങ്, ഗുൽമാർഗ് എന്നിവ. ഗുൽമാർഗിലെ പ്രശസ്തമായ ഗോണ്ടോള കേബിൾ കാർ ടിക്കറ്റ് ഓൺലൈനിൽ ബുക്ക് ചെയ്യാൻ ആ സമയത്ത് പറ്റാത്തത് കൊണ്ട് ഇത്രയും സ്ഥലങ്ങൾ ഉറപ്പിച്ചു. പിന്നീട് ഗോണ്ടോള ബുക്കിംഗ് ഓപ്പൺ ആയപ്പോഴേക്കും ടിക്കറ്റ് എല്ലാം കഴിഞ്ഞു എന്നാണ് മെസ്സേജ് കിട്ടിയത്( എന്തോ തട്ടിപ്പ് ആണ് എന്ന് കേട്ടിരുന്നു). ഗോണ്ടോള ഇല്ലാതെ ഗുൽമാർഗിൽ പോയിട്ട് കാര്യം ഇല്ല എന്ന വിവരം പലരും പറഞ്ഞപ്പോ അത് ഒഴിവാക്കി സിന്തൻ ടോപ് എന്ന ഒരു സ്ഥലം ലിസ്റ്റിൽ ആഡ് ചെയ്തു, കൂടെ ഫ്ലൈറ്റ് ടിക്കറ്റ് തിങ്കൾ ആയത് കൊണ്ട് ഒരു ദിവസം കൂടെ അധികം ലഭിച്ചപ്പോ ദൂത് പത്രി എന്ന ഒരു സ്ഥലം കൂടെ ലിസ്റ്റിൽ കയറി. 

          പിന്നീട് നോമ്പിൻ്റെ ഒരു മാസം കാത്തിരിപ്പായിരുന്നു. പെരുന്നാൾ കഴിഞ്ഞ ഉടനെ എല്ലാരും പോകാൻ ഉള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു, ബാഗ് ഇല്ലാത്തവർ ബാഗ്, അത് പോലെ മറ്റു സാധനങ്ങൾ ഒക്കെ സംഘടിപ്പിച്ചു. ഫസലിന്റെ കസിൻ (മാജിദ്) വഴി കശ്മീരിലെ താമസവും കറങ്ങാൻ ഉള്ള വണ്ടിയും ഒരു യാത്രാ ലിസ്റ്റും റെഡി ആക്കി. കശ്മീരിലെ ഞങ്ങളുടെ കാര്യങ്ങൾ എല്ലാം റെഡി ആക്കാൻ ഞങ്ങളെ സഹായിച്ചത് ട്രാവൽ ഏജൻസി നടത്തുന്ന മാജിദ് ഭായി ആണ് ( A special thanks to Mr Majid ).
    
           

അങ്ങനെ അവസാനം ആ ദിവസം വന്നു ചേർന്നു. ഒരു സ്വപനം പൂവണിയുന്നത്തിന്റെ തുടക്കം. ഏപ്രിൽ 11 വെള്ളിയാഴ്ച ജുമുഅ നിസ്കാരം കഴിഞ്ഞു ഞാൻ റിയാസ്, റഷീദ് എന്നിവരുടെ അടുത്തേക്ക് (അച്ചനമ്പലം) പുറപ്പെട്ടു. അവിടെ നിന്നും റിയാസിന്റെ കാറിൽ തലപ്പാറയിൽ നിന്നും ഫസലിനെയും കയറ്റി നേരെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക്. 4.30 നു എത്തുന്ന ഡൽഹി ട്രെയിനിനെ കാത്തു കുറച്ചു സമയം സ്റ്റേഷനിൽ. 


അൽപ സമയത്തിനുള്ളിൽ ട്രെയിൻ എത്തി. 2nd AC കംപാർട്മെന്റിലെ ഞങ്ങളുടെ സീറ്റ് കണ്ടു പിടിച്ചു യാത്ര ആരംഭിച്ചു. തൊട്ടു അടുത്ത സീറ്റിൽ ഷിരൂർ അപകടത്തിൽ മരിച്ച അർജുന്റെ ഫാമിലിയെ കണ്ടു. സംസാരിച്ചും കാഴ്ചകൾ കണ്ടും യാത്ര അതി വേഗം തുടർന്നു. 

വളരെ കുറച്ചു സ്റ്റോപ്പ് മാത്രം ഉള്ള അതിവേഗ ട്രെയിൻ പെട്ടെന്ന് തന്നെ ദൂരങ്ങൾ താണ്ടി കൊണ്ടിരുന്നു.

         


മംഗലാപുരം അടുത്തതോടെ ഞങ്ങൾ അത്താഴം കഴിക്കാൻ റെഡി ആയി. ഫസൽ കൊണ്ട് വന്ന ചപ്പാത്തിയും റഷീദ് കൊണ്ട് വന്ന ചിക്കൻ കറിയും കൂട്ടി അടിപൊളി അത്താഴം. 


ശേഷം അതെ ട്രെയിനിൽ യാത്ര ചെയ്തിരുന്ന എന്റെ പെങ്ങളുടെ മകളെയും അവളുടെ കൂട്ടുകാരെയും പോയി കണ്ടു വന്നു.പിന്നെ കുറച്ചു സമയത്തിനുള്ളിൽ മഗ്‌രിബ് ഇശാ നിസ്കാര ശേഷം ഉറങ്ങാൻ കിടന്നു. എല്ലാർക്കും അപ്പർ ബർത്ത് ആയിരുന്നു കിട്ടിയത്. രാവിലെ നേരത്തെ സുബീഹ് നിസ്കാരത്തിനു ഉണർന്നു, നിസ്കാരം കഴിഞ്ഞു ഒരു ചായയും കുടിച്ചു വീണ്ടും ഉഷാറായി. 8 മാണിയോട് കൂടെ ചപ്പാത്തിയും ഫസൽ കൊണ്ട് വന്ന ചിക്കൻ ഫ്രൈ യും കൂട്ടി പ്രാതൽ കഴിച്ചു. ട്രെയിനിൽ നിന്നും വാങ്ങുന്ന ഫുഡ് മാക്സിമം ഒഴിവാക്കാൻ തന്നെ ആയിരുന്നു തീരുമാനം. 

         ട്രെയിൻ അപ്പോഴേക്കും കേരളവും കർണാടകയും ഗോവയും കഴിഞ്ഞു മഹാരാഷ്ട്രയിലേക്ക് എത്തിയിരുന്നു. പനവേൽ എത്താൻ ആയപ്പോ എന്റെ  പെങ്ങളുടെ മകളും ഒരു കൂട്ടുകാരിയും ഞങ്ങളുടെ കംപാർട്മെന്റിലേക്ക്  വന്നു. അവരോട് കുറച്ചു  സംസാരിച്ചു പനവേൽ റയിൽവേ സ്റ്റേഷനിൽ വച്ച് പെങ്ങളുടെ മകളോടൊപ്പം ഒരു സെൽഫി എടുത്തു ഫാമിലി ഗ്രൂപ്പിൽ ഇട്ടു. അവർ ചണ്ഡീഗഡ് ലേക്ക് പോകുന്ന യാത്ര ആണ്. ഞാൻ ഉണ്ട് അതെ ട്രെയിനിൽ എന്ന് പറഞ്ഞാണ് അവൾ എന്റെ ഉപ്പയുടെ ഒക്കെ സമ്മതം പെട്ടെന്ന് ഒപ്പിച്ചത്. അത് കൊണ്ട് ഞാൻ അവരെ ശ്രദ്ധിക്കുന്നുണ്ട് എന്ന് വീട്ടുകാരെ അറിയിക്കാൻ ആണ് സെൽഫി ഒക്കെ... പനവേൽ വച്ച് അവർ യാത്ര പറഞ്ഞു അവരുടെ കംപാർട്മെന്റിലേക്ക് പോയി. പിന്നെയും ഓടി ട്രെയിൻ വസായ് റോഡ് സ്റ്റേഷനിൽ എത്തിയപ്പോ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ചേട്ടനും ചേച്ചിയും അവിടെ ഇറങ്ങി. അവരുടെ ലഗേജ് ഇറക്കാൻ ഞങ്ങൾ സഹായിച്ചു. അവർക്ക് വലിയ സന്തോഷം ആയി. നന്ദിയൊക്കെ പറഞ്ഞു അവർ അവരുടെ മകന്റെ കൂടെ പുറത്തേക്കും ഞങ്ങൾ ട്രെയ്‌നിലേക്കും മടങ്ങി. 


      ട്രെയിനിൽ ഉച്ചക്കുള്ള ഭക്ഷണം ചപ്പാത്തിയും പഴവും ആയിരുന്നു ഞാനും റഷീദും പ്ലാൻ ചെയ്തിരുന്നത്, അതിനിടയിൽ വന്ന ഒരാൾ ഭക്ഷണം കഴിക്കാൻ ഒന്നുമില്ല എന്ന് പറഞ്ഞപ്പോ ഫസൽ ചപ്പാത്തി അയാൾക്ക് എടുത്ത് കൊടുത്തു. പിന്നെ ഞങ്ങൾ ബ്രെഡും ജാമും പഴവും കൂട്ടി അഡ്ജസ്റ്റ് ചെയ്തു. രാത്രി ഭക്ഷണം IRCTC വഴി ബുക്ചെയ്തു സ്റ്റേഷനിൽ ലഭ്യമാക്കുന്ന ഒരു സംവിധാനം ഉണ്ട് അത് വഴി ട്രൈ ചെയ്യാം എന്ന് തീരുമാനിച്ചു. ട്രെയിൻ അതിന്റെ പ്രയാണം തുടർന്ന് കൊണ്ടിരുന്നു. സൂറത്തും വഡോദരയും ഗോദ്രയും എല്ലാം ഉള്ള ഗുജറാത്ത് കടന്നു മധ്യപ്രദേശിലെ രത്‌ലം ജംഗ്ഷനിൽ വച്ച് ഞങ്ങൾ ബുക്ക് ചെയ്ത രാത്രി ഭക്ഷണം ഞങ്ങൾക്ക് ലഭിച്ചു. 

തവ റൊട്ടിയും ദാൽ ദഡ്കയും. അതും കഴിച്ചു നിസ്കാരവും കഴിഞ്ഞു എല്ലാരും കിടന്നു. എനിക്ക് മാത്രം ഉറക്കം വന്നില്ല, അടുത്ത മെയിൻ സ്റ്റോപ്പ് എന്റെ ഇനിഷ്യൽ ആയ കോട്ട എന്ന പേരുള്ള രാജസ്ഥാനിലെ കോട്ട ജംക്ഷൻ ആണ്, അതൊന്നു ക്യാമറയിൽ പകർത്തി ഫാമിലി ഗ്രൂപ്പിൽ അയക്കാൻ മനസ്സ് വെമ്പൽ കൊണ്ടു. രാത്രി 12 മണിയോടെ ട്രെയിൻ കോട്ട യിൽ എത്തി. 


അവിടെ ഇറങ്ങി ഫോട്ടോ എടുത്ത് ആ നിർവൃതിയോടെ ഉറങ്ങാൻ കിടന്നു. ഉണരുമ്പോൾ ഡൽഹിയിൽ എത്തും എന്ന ചിന്തയിൽ...

പാർട്ട് -2 വായിക്കാൻ.. (ഡൽഹിയിൽ..)  

Comments

Popular posts from this blog

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part- 2 (ഡൽഹിയിൽ )

Driving licence @Saudi -Part1