ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part- 2 (ഡൽഹിയിൽ )
പാർട്ട് -1 വായിക്കാൻ... (ഡൽഹിയിലേക്ക്...)
ഏപ്രിൽ 11 നു തുടങ്ങിയ ട്രെയിൻ യാത്ര ഏപ്രിൽ 12 ഉം പിന്നിട്ട് ഏപ്രിൽ 13 ഞായർ രാവിലെ 5.50 നു ഡൽഹി ഹസ്രത് നിസാമുദ്ധീൻ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. ട്രെയിനിൽ നിന്നും ലഗേജുകൾ എടുത്ത് പുറത്തിറങ്ങി. സ്റ്റേഷന് പുറത്തേക്ക് നടക്കുമ്പോ പെങ്ങളുടെ മകളെ കണ്ടു ഒരു സെൽഫി എടുത്തു ഫാമിലി ഗ്രൂപ്പിൽ ഇട്ടു അവളോട് യാത്ര പറഞ്ഞു പിരിഞ്ഞു.അവർ ഇന്ന് ഡൽഹി കറങ്ങി വൈകിട്ട് ചണ്ഡീഗഡ് നു പോകും. ഞങ്ങൾ 2 ദിവസം ഡൽഹിയിലും ആഗ്രയിലും ആയി ഉണ്ടാകും.
സ്റ്റേഷന് പുറത്തേക്ക് നടന്നു ബുക്ക് ചെയ്ത റൂം കണ്ടെത്താനായി പിന്നെ ശ്രമം. സ്റ്റേഷന് അടുത്താണ് എന്ന് മാപ്പിൽ കാണിച്ചു. ഗൂഗിൾ മാപ് സെറ്റ് ചെയ്തു നടത്തം തുടങ്ങി. നിസാമുദ്ധീൻ സ്റ്റേഷന് പുറത്തുള്ള തെരുവ് ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. കൂടെ ഓട്ടോയും മറ്റു യാത്രക്കാരും. ഓട്ടോക്കാരുടെയും, റൂം വേണോ എന്ന് ചോദിക്കുന്ന ഏജെന്റ്മാരുടെയും ഇടയിലൂടെ ഞങ്ങൾ റൂം തേടി നടന്നു. ഗൂഗിൾ മാപ് ഞങ്ങളെ പല ഇടങ്ങളിലൂടെ കറക്കി അവസാനം സ്റ്റേഷന് തൊട്ടു അടുത്തുള്ള ബിൽഡിങ്ങിൽ തന്നെ എത്തിച്ചു.
ഞങ്ങളുടെ യാത്ര പ്ലാനിൽ ആദ്യം ഉണ്ടായിരുന്നത് ഡൽഹിയിൽ എത്തിയ ഉടനെ റൂം എടുത്ത് ഫ്രഷ് ആയി ഡൽഹി കറങ്ങി റൂമിൽ വന്നു ഉറങ്ങി രാവിലെ ആഗ്രക്ക് പോകുക എന്നായിരുന്നു. പിന്നീട് പലരുടെയും അഭിപ്രായത്തിൽ ആഗ്രയിൽ പോയി വരാൻ 8 മണിക്കൂറിലധികം സമയം യാത്രക്ക് മാത്രം ഉണ്ട് എന്നും നേരം വൈകിയാൽ ആഗ്രയിലും തിരികെ കശ്മീർ ട്രെയിനിനും ബുദ്ധിമുട്ടാകും എന്ന് മനസിലായപ്പോ ഞങൾ തീരുമാനം മാറ്റി. ഡൽഹിയിൽ കറങ്ങേണ്ട പ്രധാന സ്ഥലങ്ങളുടെ ലിസ്റ്റ് ഞങ്ങൾ ട്രെയിൻ യാത്രക്കിടയിൽ തന്നെ തയ്യാറാക്കിയിരുന്നു. അത് പ്രകാരം റൂമിൽ കയറി ഫ്രഷ് ആയി ഉടൻ ഇറങ്ങി ഡൽഹിയിൽ കറങ്ങുക. രാത്രി വൈകി ബസ് വഴി ആഗ്രയിലേക്ക് പോകുക ( രാത്രി വൈകിയിട്ട് ട്രെയിൻ ലഭ്യമല്ലായിരുന്നു) രാവിലെ ആഗ്രയിൽ എത്തി താജ്മഹൽ കണ്ടു തിരികെ പോരുക ഇതായിരുന്നു പ്ലാൻ.
നേരെ റിസപ്ഷനിൽ എത്തി, അവിടെ എങ്ങും ആരും ഇല്ല, ബുക്ക് ചെയ്ത നമ്പറിൽ വിളിച്ചപ്പോ ഉടൻ ആളെത്തും എന്ന് മറുപടി. കുറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ ഒരു പയ്യൻ വന്നു. അവനോട് ഞങ്ങളുടെ പ്ലാൻ പറഞ്ഞു മനസിലാക്കി. താമസം ഇല്ല. ഫ്രഷ് ആകുക, ഞങ്ങളുടെ ലഗേജ് അവിടെ സൂക്ഷിക്കുക നാളെ വൈകിട്ട് വന്നു എടുത്തോളാം എന്ന കരാറിൽ നേരത്തെ ബുക്ക് ചെയ്ത തുകയിൽ പകുതി നൽകി ഞങ്ങൾ റൂമിൽ കയറി എല്ലാരും കുളിച്ചു ഫ്രഷ് ആയി ഡ്രസ്സ് മാറി ചെറിയ ബാഗിൽ അത്യാവശ്യം വേണ്ട സാധനങ്ങൾ എടുത്തു പുറത്തിറങ്ങി. എന്തെങ്കിലും കഴിക്കണം വയറ്റിൽ തലേന്ന് കഴിച്ച റൊട്ടി ഒക്കെ ദഹിച്ചു തീർന്നിട്ടുണ്ട്. നല്ല കട നോക്കി നടന്നിട്ട് ഒരു കാര്യവും ഉണ്ടായില്ല, എല്ലാം തെരുവ് കച്ചവടം ആണ് വൃത്തി ഇല്ല. അത് കഴിച്ചു വയർ കേടായാൽ പണി കിട്ടും, ഇനിയും കുറെ ദിവസം യാത്രയുള്ളതാണ്, അത് കൊണ്ട് വേറെ നല്ല ഹോട്ടൽ കാണുന്ന വരെ വിശപ്പ് പിടിച്ചു നിർത്താൻ തീരുമാനിച്ചു.
ഡൽഹി കറങ്ങാൻ ഏറ്റവും നല്ലത് മെട്രോ ആണ് എന്ന് മനസിലാക്കിയ ഞങ്ങൾ സാറായ് കലാ ഖാൻ നിസാമുദ്ധീൻ മെട്രോ സ്റ്റേഷനിൽ കയറി ഒരു ദിവസം മൊത്തം കറങ്ങാൻ ഉള്ള ഒരു മെട്രോ കാർഡ് എടുത്തു. (200 രൂപയാണ് കാർഡ് ചാർജ്, കാർഡ് തിരികെ കൊടുക്കുമ്പോ 50 രൂപ തിരികെ കിട്ടും). ഈ കാർഡ് വച്ച് ഏതു റൂട്ടിലും എത്ര വേണേലും സഞ്ചരിക്കാം.
നേരെ മെട്രോ സ്റ്റേഷനിൽ താഴേക്ക് ഇറങ്ങി ട്രാക്ക് നു അരികിൽ എത്തി. നേരെ ഖുതുബ് മിനാറിലേക്ക് ആണ് ആദ്യ യാത്ര. ഖുതുബ് മിനാർ സ്റ്റേഷനിലേക്ക് ഉള്ള യാത്രക്കിടയിൽ ഒരു മെട്രോ സ്റ്റേഷനിൽ നിന്നും ബർഗർ, സാന്ഡ്വിച്ച് എന്നിവ കഴിച്ചു. അവിടെ പക്ഷെ ചായ കിട്ടില്ല. അങ്ങനെ ഒക്കെ ആണ് ഓരോ കടകൾ . ചായക്ക് വേറെ കടയിൽ പോകണം. അടുത്ത നിലയിലേക്ക് നടന്നു ഒരു കട കണ്ടു പിടിച്ചു. നല്ല അടിപൊളി ചായ. മൺ കപ്പിലാണ് ചായ തരുന്നത് വിവിധ തരാം ടേസ്റ്റ് ൽ. അത് പോലെ ഉള്ള ചായ പിന്നീട് പല വട്ടം പല മെട്രോ സ്റ്റേഷനിൽ നിന്നായി കുടിച്ചു. ഡൽഹി മെട്രോയിൽ വിവിധ ലൈനുകൾ (റൂട്ടുകൾ) ഉണ്ട്. പിങ്ക്, യെല്ലോ, റെഡ്, വയലറ്റ്, ബ്ലൂ, മജന്ത, ഗ്രീൻ, ഗ്രേ പിന്നെ ഓറഞ്ച്( എയർപോർട്ട് എക്സ്പ്രസ്സ് വേ). നമുക്ക് വേണ്ട സ്ഥലത്തേക്ക് ചില ലൈനുകൾ മാറി കയറി വേണം പോകാൻ. നിസാമുദ്ധീൻ മെട്രോ പിങ്ക് ലൈനിൽ ആണ്. പോകേണ്ട ഖുതുബ് മിനാർ സ്റ്റേഷൻ യെല്ലോ ലൈനിലും. ഒരു ലൈനിൽ നിന്നും വേറെ ലൈനിലേക്ക് മാറാൻ യൂണിയൻ അല്ലെങ്കിൽ ഇന്റർ കണക്ഷൻ സ്റ്റേഷൻ കുറെ ഉണ്ട്. ദില്ലി ഹട്ട് എന്ന സ്റ്റേഷനിൽ നിന്നും ഞങ്ങൾ പിങ്ക് ലൈനിൽ നിന്നും യെല്ലോ ലൈനിലേക്ക് മാറി കയറി ഖുതുബ് മിനാർ സ്റ്റേഷനിൽ എത്തി.

ഖുതുബ് മിനാർ സ്റ്റേഷനിൽ നിന്നും ഓട്ടോ പിടിച്ചു ഖുതുബ് മിനാർ കാണാനായി പോയി. ആ യാത്രയിൽ ഡൽഹിയിലെ ഓട്ടോക്കാരുടെ അഭ്യാസങ്ങൾ കുറെ കണ്ടു.
ഖുതുബ് മിനാറിൽ എത്തി ടിക്കറ്റ് എടുത്ത് അകത്തു കയറി (ഒരു രൂപ തുട്ട് പോലെ ഉള്ള ഒരു ടോക്കൺ ആണ് നമുക്ക് ഖുതുബ് മിനാർ കോമ്പൗണ്ടിലേക്ക് കടക്കാൻ ഉള്ള ടിക്കറ്റ്. തിരികെ പോരുമ്പോ അത് തിരിച്ചു നൽകണം) ആ മനോഹര ചരിത്ര നിർമിതി കൺ നിറയെ കണ്ടു,
കുറെ ഫോട്ടോ എടുത്തു തിരികെ വേറെ ഒരു ഓട്ടോയിൽ മെട്രോ സ്റ്റേഷനിലേക്ക് തിരിച്ചു. അവിടെ നിന്ന് നേരെ അതെ യെല്ലോ ലൈനിൽ ഉള്ള സെൻട്രൽ സെക്രട്ടറിയേറ്റ് എന്ന സ്റ്റേഷനിലേക്ക് ആണ് യാത്ര. പുതിയതും പഴയതും ആയ പാർലിമെൻറ്റ് മന്ദിരങ്ങൾ, പ്രധാന മന്ത്രിയുടെ ഓഫീസ്, രാഷ്ട്രപതി ഭവൻ, ഇന്ത്യ ഗേറ്റ്, വിവിധ വകുപ്പുകളുടെ ഓഫീസുകൾ എന്നിവയൊക്കെ കാണലാണ് ഉദ്ദേശ്യം. നേരെ സെൻട്രൽ സെക്രട്ടറിയേറ്റ് മെട്രോ സ്റ്റേഷനിൽ ഇറങ്ങി പുറത്തു കടന്നു. പുറത്തു കണ്ട ബസ്സിലേക്ക് നീങ്ങുമ്പോ ഒരു ഓട്ടോക്കാരൻ ഈ സ്ഥലങ്ങൾ എല്ലാം കറങ്ങി കാണിക്കാം എന്ന് പറഞ്ഞു വന്നു. അയാളോട് വിലപേശി ഉറപ്പിച്ചു ഓട്ടോയിൽ കയറി യാത്ര തുടങ്ങി.
ആദ്യം പോയത് പിഎം ഓഫീസിലേക്ക് ആണ്, അതിനു അടുത്തായി DRDO ഓഫീസും കണ്ടു. പിന്നെ പഴയ പാര്ലിമെന്റ്റ്, പുതിയ പാര്ലിമെന്റ്റ്, രാഷ്ടപതി ഭവൻ ഇവയൊക്കെ കുറച്ചു ദൂരെ നിന്ന് കണ്ടു. ഇന്ത്യ ഗേറ്റിലേക്ക് ഉള്ള യാത്രക്കിടയിൽ വ്യോമ സേന ആസ്ഥാനം, വിദ്യാഭ്യാസ വകുപ്പ് ആസ്ഥാനം തുടങ്ങി വിവിധ വകുപ്പുകളുടെ ഓഫീസുകൾ കണ്ടു ഇന്ത്യ ഗേറ്റിൽ എത്തി. അവിടെയും കറങ്ങി ഫോട്ടോയും എടുത്തു നേരെ മെട്രോ സ്റ്റേഷനിലേക്ക്.
അവിടെ നിന്നും വയലറ്റ് ലൈനിലേക്ക് മാറി ജമാ മസ്ജിദ് മെട്രോ സ്റ്റേഷനിൽ ഇറങ്ങി നേരെ പ്രശസ്തമായ ഡൽഹി ജുമാ മസ്ജിദ് ലക്ഷ്യമാക്കി നടന്നു. എല്ലാവര്ക്കും വിശക്കാൻ തുടങ്ങിയിരുന്നു. നല്ല ചൂടുള്ള ഡൽഹിയിലെ കാലാവസ്ഥയിൽ കൂടുതൽ യാത്രയും മെട്രോയിലെ AC യിൽ ആയതിനാൽ അത്ര ക്ഷീണം തോന്നിയില്ല എന്ന് മാത്രം. യാത്രക്കിടയിൽ നിറയെ തെരുവ് ഭക്ഷണ ശാലകൾ കണ്ടു, വൃത്തി ഇല്ലാത്ത കാരണം അവിടെ ഒന്നും കയറാൻ തോന്നിയില്ല. ജുമാ മസ്ജിദിനു ഏകദേശം അടുത്ത് ഒരു നല്ല ഹോട്ടൽ കണ്ടു അവിടെ കയറി റൊട്ടിയും ദാലും പനീർ ബട്ടർ മസാലയും കഴിച്ചു
നേരെ ജുമാ മസ്ജിദിലേക്ക് നീങ്ങി. ഗേറ്റിനു അടുത്തുള്ള പ്രായമായ ആളുകളുടെ അടുത്ത് ഷൂ സൂക്ഷിക്കാൻ ഏല്പിച്ചു ഉള്ളിലേക്ക് നടന്നു. വിശാലമായ പള്ളിയുടെ നടുമുറ്റം കണ്ടു കൊണ്ട് വലിയ ഹൗളിൽ നിന്നും വുളു എടുത്തു നിസ്കരിക്കാനായി പള്ളിയിൽ കയറി. പുരാതന കാലത്തേ നിർമിതി നമ്മെ അത്ഭുദപ്പെടുത്തുന്നതായിരുന്നു. നിസ്കാരം കഴിഞ്ഞു കുറച്ച് സമയം വിശ്രമിച്ചു.



അവിടെ നിന്നും ചെങ്കോട്ട കാണാൻ പുറപ്പെട്ടു. ചെങ്കോട്ടയിലേക്ക് ഉള്ള യാത്ര അത് വരെ സഞ്ചരിച്ചിട്ടില്ലാത്ത ഒരു തരാം ഓട്ടോയിൽ ആയിരുന്നു. രണ്ടു ഭാഗവും ഓപ്പൺ ആയ ഒരു വണ്ടി. നാലു പേർക്ക് സുഖമായി ഇരിക്കാം, കയ്യും കാലും ശ്രദ്ധിക്കണം എന്നെ ഒള്ളു. അകെ തിരക്ക് പിടിച്ച തെരുവിലൂടെ തലങ്ങും വിലങ്ങും ഓടുന്ന ഇത് പോലെ ഉള്ള വണ്ടികളിൽ തട്ടാതെ മുട്ടാതെ നോക്കണം. കുറച്ചു ഓട്ടത്തിന് ശേഷം വണ്ടി ചെങ്കോട്ടയിൽ എത്തി.
ചെങ്കോട്ടയുടെ പുറം സൗന്ദര്യവും , സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തുന്ന ഭാഗവും, പ്രസംഗിക്കുന്ന സ്ഥലങ്ങളും എല്ലാം കണ്ടു കൊണ്ട് അവിടെ നിന്നും പുറത്തേക്ക് കടന്നു മെട്രോയിൽ ചെന്ന് ചാന്ദ്നി ചൗക്ക് എന്ന മാർക്കറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചു.
ജമാ മസ്ജിദ് സ്റ്റേഷനിൽ നിന്നും വയലറ്റ് ലൈനിൽ കശ്മീർ ഗേറ്റ് എന്ന സ്റ്റേഷനിൽ എത്തി അവിടെ നിന്നും യെല്ലോ ലൈനിൽ ചാന്ദ്നി ചൗക്കിൽ എത്തി. മെട്രോ സ്റ്റേഷനിൽ എല്ലാം നല്ല തിരക്കായിരുന്നു. പുറത്തേക്കുള്ള എസ്കലേറ്റർ ഒക്കെ ജന ബാഹുല്യം കൊണ്ട് വർക്ക് ചെയ്യാതായി. അവസാനം കുറെ സ്റ്റെപ് ഉള്ള കോണി നടന്നു കയറി പുറത്തു എത്തുമ്പോ അകെ ജന നിബിഡം ആണ് മാർക്കറ്റ്. നടന്നു പോകാൻ തന്നെ നല്ലോണം ബുദ്ധിമുട്ടി. ഞാൻ മെയിൻ ആയിട്ടും തണുപ്പിനുള്ള ജാക്കെറ്റ് അന്വേഷിച്ചാണ് മാർകെറ്റിൽ വന്നത് അത് കൊണ്ട് വേറെ ഒന്നും എന്റെ കണ്ണിൽ പെട്ടില്ല അന്വേഷിച്ച ജാക്കറ്റും എങ്ങും കണ്ടില്ല. മാർക്കറ്റ് ഏരിയ ഒക്കെ നടന്നു എല്ലാർക്കും മടുത്തു തുടങ്ങിയിരുന്നു. കുറച്ചു സമയം ഒരു കടയുടെ തിണ്ണയിൽ ഇരുന്നു വിശ്രമിച്ചു. പിന്നെ എന്തേലും കഴിക്കാൻ ഒരു കടയിൽ കയറി അവിടെ ഇരുന്നു ഒരു ബോട്ടിൽ വെള്ളം കുടിച്ചു വിശ്രമിച്ചു. വൈറ്റർമാർ ആരും വരാത്തത് കൊണ്ട് കുടിച്ച വെള്ളത്തിന് ക്യാഷ് കൊടുത്തു അവിടെ നിന്നും ഇറങ്ങി വീണ്ടും മെട്രോ ലക്ഷ്യമാക്കി നടന്നു.
പിന്നീട് ഞങ്ങൾ പോയത് കശ്മീർ ഗേറ്റ് എന്ന മെട്രോ സ്റ്റേഷനിലേക്കാണ്. അവിടെനിന്നാണ് ആഗ്ര താജ് മഹൽ ഭാഗത്തേക്കുള്ള ബസ്സുകൾ പുറപ്പെടുന്നത്. അവിടെ പോയി ബസ്സുകൾ അന്വേഷിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം.
ചാന്ദ്നി ചൗക്ക് മെട്രൊ സ്റ്റേഷനിൽ നിന്നും കശ്മീരി ഗേറ്റ് മെട്രോ സ്റ്റേഷനിലേക്ക് യാത്രതിരിച്ചു. കശ്മീരി ഗേറ്റ് സ്റ്റേഷനിൽ നിന്നും പുറത്തുകടന്നു ഐ എസ് ബി ടി (ഇൻട്രസ്റ്റ് റേറ്റ് ബസ് ടെർമിനൽ) എന്നറിയപ്പെടുന്ന ബസ് സ്റ്റാൻഡിലേക്ക് പോവുകയും അവിടെ നിന്നും വിവിധ പ്രൈവറ്റ് ബസ്സുകളുടെ പാക്കേജുകൾ പരിശോധിച്ച് ഞങ്ങൾക്ക് ഉൾക്കൊള്ളാൻ ആയ ഒരു നല്ല പുഷ്ബാക്ക് സീറ്റ് സൗകര്യമുള്ള ഒരു ബസ് കണ്ടുപിടിക്കുകയും 12 മണിക്ക് പുറപ്പെടുന്ന ആ ബസ് ബുക്ക് ചെയ്തു ഞങ്ങൾ നിസ്കരിക്കാൻ വേണ്ടി പള്ളി തിരഞ്ഞ് പുറത്തേക്കിറങ്ങി.
കുറച്ചു സമയത്തിനുള്ളിൽ പള്ളി കണ്ടെത്തുകയും ഇശാ മഗ്‌രിബ് നിസ്കാരങ്ങൾ നിർവഹിച്ചു പുറത്തിറങ്ങി. ഇനിയും സമയം ഇഷ്ടം പോലെ ബാക്കിയുണ്ട് ഇനി എന്ത് ചെയ്യും എന്നുള്ള ചിന്തയിൽ നിൽക്കുമ്പോൾ തണുപ്പിനുള്ള ജാക്കറ്റ് കിട്ടാത്തതിന്റെ ഒരു അസ്വസ്ഥത എനിക്ക് ഉണ്ടായിരുന്നത് കൊണ്ടു എവിടേലും ജാക്കറ്റ് കിട്ടുമോ എന്നറിയാൻ വേണ്ടി സരോജിനിയും മാർക്കറ്റിലേക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ചു. നേരേ കശ്മീരി ഗേറ്റ് മെട്രോ സ്റ്റേഷനിലേക്ക് പോവുകയും അവിടെ നിന്നും സരോജിനി മാർക്കറ്റ് ഭാഗത്തേക്ക് പോകുന്ന മെട്രോ ട്രെയിൻ പിടിക്കുകയും നേരെ സരോജിനി മാർക്കറ്റ് മെട്രോ സ്റ്റേഷനിലെത്തി പുറത്തുകടന്നു. മാർക്കറ്റ് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. ഡൽഹിയിലെ പ്രധാനപ്പെട്ട ചില മാർക്കറ്റുകളിൽ ഒന്നാണ് സരോജിനി മാർക്കറ്റ്.
മുൻപ് പോയ ചാന്ദിനി ചൗക്ക് പോലെയല്ല ഇത്. കൂടുതൽ ചെറിയ ചെറിയ ഷോപ്പുകൾ ഉള്ള ഒരു ചന്ത പോലെയുള്ള ഒരു സ്ഥലമാണ് ഈ മാർക്കറ്റ്. സരോജിനി മാർക്കറ്റിൽ കുറെ നടന്നെങ്കിലും ഞങ്ങൾക്കാവശ്യമായ തണുപ്പിനുള്ള ജാക്കറ്റ് അവിടെ എവിടെയും കിട്ടിയില്ല. നല്ല ചൂട് കാലത്ത് ജാക്കറ്റും തപ്പി നടന്ന ഞങ്ങളെ കടക്കാരൊക്കെ കളിയാക്കി കാണും മിക്കവാറും. തണുപ്പുള്ള കശ്മീരിൽ പോകാൻ ആണ് കോട്ട് എന്നു അവർക്കറിയില്ലല്ലോ.
കോട്ട് കിട്ടാതെ നിരാശയിൽ തിരിച്ചു നടന്നു വരുന്ന വഴി റിയാസും റഷീദും ഓരോ വാച്ചുകൾ മക്കൾക്ക് എന്ന പേരിൽ വാങ്ങുന്നുണ്ടായിരുന്നു. നിരാശയോടെ ഞാൻ മെട്രോ സ്റ്റേഷനിലേക്ക് തിരികെ നടന്നു
കശ്മീരി ഗേറ്റ് മെട്രോ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി ഞങ്ങൾ മെട്രോ സ്റ്റേഷന് അകത്തു നിന്ന് വാങ്ങിയ ബർഗറും ചായയും കഴിച്ചു ഞങ്ങൾ ബസ് ടെർമിനലിൽ എത്തി ബസ്സിനായി കാത്തിരുന്നു.12 മണി കഴിഞ്ഞു ഞങ്ങൾക്ക് പോകേണ്ട ഇലക്ട്രിക് സെമി സ്ലീപ്പർ ബസ് സ്റ്റാൻഡിലെ നിർദിഷ്ട പാർക്കിങ്ങിൽ എത്തി ഞങ്ങൾ അതിൽ കയറി ഞങ്ങളുടെ അടുത്ത സ്വപ്ന പൂർത്തീകരണത്തിനായി യാത്ര തുടങ്ങി.
പാർട്ട്-3 വായിക്കാൻ... (ആഗ്രയിൽ...).jpeg)
.jpeg)
.jpg)













Comments
Post a Comment