ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part -3 (ആഗ്രയിൽ )
പാർട്ട് -2 വായിക്കാൻ... (ഡൽഹിയിൽ...)
ഒരു ചായ കുടിക്കണം എന്നുള്ള മോഹം എല്ലാർക്കും ഉണ്ടായിരുന്നു. അതിനായി ഹോട്ടൽ തിരിഞ്ഞ് കുറെ ദൂരം റോഡിലൂടെ നടന്നു നോക്കി. ഒരു കടയും തുറന്നിട്ടില്ല. അവസാനം ഗേറ്റ് കടന്ന് താജ്മഹൽ കോംപൗണ്ടിന് അകത്തേക്കു പോകാൻ ഞങ്ങൾ തീരുമാനിച്ചു. ഗേറ്റിനു മുന്നിൽ നിന്ന ഒരാൾ സാധാരണ ടൂറിസ്റ്റിനെ പോലെ വന്നു ഞങ്ങളെ പരിചയപ്പെട്ടു. അയാളുടെ ഷൂ നീല കളർ കവർ ഇട്ട് മൂടിയിരുന്നു. താജ്മഹലിന് ഉള്ളിൽ പ്രവേശിക്കാൻ ഷൂ കവർ ചെയ്യണം എന്നും അത് ഇവിടെ ഒരു കടയിൽ കിട്ടും വെറും 10 രൂപക്ക് എന്നും പറഞ്ഞു ഒരു ചെറിയ പെട്ടിക്കട ചൂണ്ടികാണിച്ചു. കടക്കാരൻ ഇപ്പൊ വരും എന്നും പറഞ്ഞു. താജ്മഹലിന്റെ ഉള്ളിലെ ടോംബ് (ശവ കുടീരം ഉള്ള കെട്ടിടം) നു അകത്തേക്ക് ഷൂ ഇട്ട് പ്രവേശനമില്ല. ഒന്നുകിൽ ഷൂ ഒഴിവാക്കണം അല്ലെങ്കിൽ ഷൂ കവർ ഇട്ട് മൂടണം എന്ന് പല വീഡിയോയിലും ഞാൻ കണ്ടിരുന്നു. ആ കവർ ഫ്രീ ആയി ഉള്ളിൽ കിട്ടും എന്ന് പല വീഡിയോയിലും കണ്ടത് കാരണം അങ്ങേരുടെ പറ്റിക്കലിന് നിന്ന് കൊടുക്കാതെ ഞങ്ങൾ താജ്മഹലിന്റെ കോമ്പൗണ്ട് ഗേറ്റ് കടന്നു ഉള്ളിലേക്ക് നടക്കാൻ ആരംഭിച്ചു.
നടപ്പാതയിൽ ചെറിയ ഇരുണ്ട വെളിച്ചമേ ഒള്ളു, നിറയെ നായകൾ വിഹരിക്കുന്നുണ്ടായിരുന്നു എല്ലായിടത്തും. ചെറിയ ഒരു പേടിയോടെ ഓരോ നായക്കൂട്ടങ്ങളെയും മറികടന്നു ഞങ്ങൾ പ്രവേശന കവാടത്തിനു അടുത്തെത്തി. കയ്യിൽ ഉള്ള ബാഗുകൾ എല്ലാം കൗണ്ടറിൽ ഏല്പിച്ചു ഞങ്ങൾ ഓൺലൈൻ ടിക്കറ്റ് കാണിച്ചു സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞു താജ്മഹലിനെ അടുത്ത് കാണാനായി ഉള്ളിലേക്ക് നടന്നു. അതി രാവിലെ എത്തിയത് കൊണ്ട് വളരെ കുറഞ്ഞ ആളുകളെ ഒള്ളു, ആൾ തിരക്കില്ലാത്ത താജ്മഹൽ കാണാൻ പറ്റും എന്ന ഒരു സന്തോഷം മനസ്സിൽ നിറഞ്ഞു.
എൻട്രി ഗേറ്റ് കടന്നു ഞങ്ങൾ മെല്ലെ താജ്മഹൽ കാണാൻ പ്രധാന കവാടത്തിനു അടുത്തേക്ക് നടന്നു. പടുകൂറ്റൻ കവാടത്തിനുള്ളിൽ നിന്നും നോക്കുമ്പോ താജ്മഹൽ കാണാതിരിക്കുകയും കവാടത്തിനുള്ളിൽ നിന്നും പുറത്തേക്ക് നടക്കുമ്പോ ദൃശ്യം തെളിഞ്ഞു വരികയും ചെയുന്ന ഒരു വീഡിയോ കണ്ടിരുന്നു. ആ പ്രതീക്ഷയിൽ അങ്ങനെ ഒരു പ്രതിഭാസം പ്രതീക്ഷിച്ച ഞങ്ങൾക്ക് അതു ലഭ്യമായില്ല. നേർത്ത വെളിച്ചം മാത്രം ഉള്ള സയം ആയതു കൊണ്ടാകും. കവാടത്തിനുള്ളിൽ നിന്നു തന്നെ താജ്മഹൽ കാണാൻ കഴിഞ്ഞു ആ സന്തോഷത്തിൽ കവാടത്തിനു പുറത്തേക്ക് എത്തി കൺ നിറയെ ഭൂമിയിലെ ഒരു ലോകാദ്ഭുതം നേരിൽ കണ്ടു. കൊതി തീരും വരെ.

പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു അവസ്ഥയാണ് അത്. ലോകാത്ഭുതങ്ങളിൽ പെട്ട ഒന്ന് ഇതാ തൊട്ടടുത്ത്. അധികം ആൾത്തിരക്കില്ലാതെ... കണ്ട ഉടനെ തന്നെ എല്ലാരും ഫോട്ടോ എടുക്കാൻ ഉള്ള ശ്രമത്തിലായി. ഒറ്റക്കും കൂട്ടമായും വിവിധ പോസിൽ ഫോട്ടോ പകർത്തി നേരെ താജ്മഹൽ ഖുബ്ബക്കു അരികിലേക്ക് നടന്നു. അങ്ങോട്ട് എത്തുന്നതിന്റെ മുന്നേ ആയിട്ടാണ് മെയിൻ ഫോട്ടോ പോയിന്റ്. അവിടെ കയറി മുൻപത്തെ പോലെ ഫോട്ടോ എടുത്തു. ഒരു വിദേശ ഫാമിലിക്ക് ഫോട്ടോ എടുത്തു കൊടുത്ത നന്ദി സൂചകമായി അവർ ഞങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുത്തു തന്നു. അവരോട് നന്ദി പറഞ്ഞു ഞങ്ങൾ ഖുബ്ബക്കു അകത്തേക്ക് നടന്നു.
താജ്മഹൽ കാണാൻ യാത്ര പുറപ്പെടുന്നതിന് മുൻപ് തന്നെ ടിക്കറ്റ് ഓൺലൈൻ ആയിട്ടാണ് എടുത്തിരുന്നത്. രണ്ടു ഓപ്ഷൻ ആണ് ഉള്ളത് ടിക്കറ്റ് എടുക്കുമ്പോ, ഒന്നുകിൽ താജ്മഹൽ മാത്രം കാണാം അല്ലെങ്കിൽ താജ്മഹലും, മുംതാസ് ബീവിയുടെ ഖബർ ഉൾകൊള്ളുന്ന സ്മാരകം കൂടെ കാണാൻ ഉള്ള ഓപ്ഷൻ എടുക്കാം. ഞങ്ങൾ രണ്ടും കാണാൻ ഉള്ള ടിക്കറ്റ് ആണ് എടുത്തിരുന്നത്. ഷൂ ധരിച്ചു കൊണ്ട് അകത്തേക്ക് പ്രവേശനാം ഇല്ല. കാലിൽ ഷൂ നു മുകളിൽ ധരിക്കാൻ ഉള്ള കവർ ഇഷ്ടം പോലെ ചാക്കിൽ ഇട്ടു വച്ചിരിക്കുന്നതിൽ നിന്നും പറ്റിയത് തിരഞ്ഞെടുത്തു. ഇതാണ് മെയിൻ ഗേറ്റ് ൽ ചിലർ ക്യാഷ് വാങ്ങിച്ചു വിൽക്കാൻ ശ്രമിക്കുന്നത്. കാലിൽ ഉറയും ധരിച്ചു അകത്തേക്ക് നടന്നു. അതിന്റെ വാതിൽ വരെയേ കാമറ അനുവാദം ഒള്ളു. അകത്തു ഫോട്ടോ, വീഡിയോ ഒന്നും പാടില്ല. ഒരു പ്രതെയ്ക അന്തരീക്ഷം ആണ് അകത്തു. അറബിയിൽ ചുമരിൽ ഒക്കെ പല രീതിയിൽ അക്ഷരങ്ങളും വാക്യങ്ങളും കൊത്തി വച്ചിരിക്കുന്നത് കാണാൻ നല്ല ഭംഗി ആണ്. ടോമ്പ് ഉണ്ടാക്കിയതിന്റെയും അനുബന്ധമായ കാര്യങ്ങളും ഒക്കെ കഥയിൽ കേട്ടത് ഓർത്തു കൊണ്ട് ഉള്ളിലെ ഖബറുകളും മറ്റും കണ്ടു പിറകു വശത്തെ വാതിലിലൂടെ ആ കെട്ടിടത്തിന്റെ ബാക്ക് ഭാഗത്തു എത്തി.
പുറകു ഭാഗത്തു യമുന നദിയുടെ ചാരെ ആണ് ഈ മനോഹര നിർമിതി. അവിടെ നിന്നും കുറെ ഫോട്ടോസ് എടുത്തും ദൂരെ കാണുന്ന ആഗ്ര കോട്ട ക്യാമെറയിൽ പകർത്താൻ ശ്രമിച്ചും കുറെ സമയം അവിടെ ചിലവഴിച്ചു.
പിന്നീട് മുൻവശത്തേയ്ക്ക് നടന്നു. കാലിലെ കവർ ഊരി അവിടെ ബോക്സിൽ നിക്ഷേപിച്ചു താഴെ ഉള്ള പച്ച വിരിച്ച മൈതാനത്തേക്ക് നടന്നു. കുറെ സമയം അവിടെ ഇരുന്നു താജ്മഹലിന്റെ ഭംഗി ആസ്വദിച്ച് കൊണ്ടിരുന്നു. ആളുകളെ തിരക്ക് കൂടാൻ തുടങ്ങിയിട്ടുണ്ട്. ഇനി മടങ്ങാം എന്ന് തീരുമാനിച്ചു. മെയിൻ ഗേറ്റ് നു പുറത്തേക്ക് നടന്നു. ഒന്നും കൂടെ പുറത്തു നിന്നും അകത്തേക്ക് നടന്നു. അപ്പൊൾ വീഡിയോ യിൽ കണ്ട ആ പ്രതിഭാസം (മുൻപ് പറഞ്ഞ ആ പ്രതിഭാസം ( പല വീഡിയോയിലും കണ്ടത് മെല്ലെ മെല്ലെ താജ്മഹൽ തെളിഞ്ഞു വരുന്നത്) കാണാനായി. കൂറ്റൻ കവാടത്തിനുള്ളിൽ നിന്നും താജ്മഹൽ ദൃശ്യമാകില്ല, പതിയെ പുറത്തേക്ക് എത്തുമ്പോൾ തെളിഞ്ഞ് വരുന്ന ആ പ്രതിഭാസം. വെയിലേറ്റ് താജ്മഹലിന്റെ മാർബിൾ തിളങ്ങുന്നത് കൊണ്ട് ഉള്ള ഒരു സംഭവം ആണ് അത്. അതും ആസ്വദിച്ച് ഞങ്ങൾ പുറത്തേക്ക് നടന്നു.
വയർ വിശപ്പ് കൊണ്ട് കാഹളം ഊതാൻ തുടങ്ങിയിട്ടുണ്ട്. സെക്യൂരിറ്റി ഗേറ്റ് നു തൊട്ടു അടുത്ത് ഒരു താജ് ഹോട്ടൽ ഉണ്ട്, നല്ല വൃത്തി ഒക്കെ ഉള്ള ഹോട്ടൽ ആണ്. താജ് ഗ്രൂപ്പിന്റെ ചെറിയ സെറ്റപ്പ് ആണ് എന്ന് തോന്നുന്നു. അവിടെ കയറിയപ്പോ ബ്രേക്ക് ഫാസ്റ്റ് ആയിട്ട് ബ്രഡ് ഓംലെറ്റും ബട്ടറും, പൂരിയും മാത്രമേ ഒള്ളു. അത് ഓർഡർ ചെയ്തു. ബില്ല് കുറച്ചു കത്തിയായിരുന്നു. പേര് താജ് എന്നല്ലേ അപ്പൊ സഹിക്കുക തന്നെ...
ചായ കുടി കഴിഞ്ഞു ക്ലോക്ക് റൂമിൽ പോയി ബാഗ് എടുത്തു. ഇനി പുറത്തിറങ്ങി ആഗ്ര കോട്ടയിലേക്ക് പോകണം. പുറത്തേക്ക് പോകാൻ വണ്ടി കിട്ടുമോ എന്ന് നോക്കിയ സമയത്ത് ഒരു ആള് വന്നു ബാക്ക് സൈഡിൽ റോഡിൽ ഓട്ടോ ഉണ്ട് ചെറിയ ക്യാഷ് നു കൊണ്ട് വിടാം എന്ന് പറഞ്ഞു. അങ്ങേരു പറഞ്ഞ കാശിൽ നിന്നും വിലപേശി നോക്കി. പുള്ളി വേണ്ടങ്കിൽ വേണ്ട എന്നും പറഞ്ഞു നടക്കാൻ തുടങ്ങിയപ്പോ ഞങ്ങൾ പോകാം എന്ന് സമ്മതിച്ചു. താജ്മഹൽ കോമ്പൗണ്ടിലൂടെ അവിടുത്തുകാർക്കുള്ള വഴി ആണെന്ന് തോന്നുന്നു ഒരു ചെറിയ കാട്ടിലൂടെ ഒക്കെ കൊണ്ട് പോയി ഒരു പൊളിഞ്ഞ മതിലിനു അടുത്തൂടെ പുറത്തു റോഡിൽ എത്തി. അവിടെ ഞങ്ങൾ ജമാ മസ്ജിദിനു അടുത്ത് ഒക്കെ കണ്ട പോലെ ഉള്ള ഓപ്പൺ ആയ ഒരു ഓട്ടോ കിടപ്പുണ്ടായിരുന്നു.ആ ഓട്ടോയിൽ കയറാൻ പോകുമ്പോ കുറച്ചു വഴി കച്ചവടക്കാരോട് താജ്മഹലിന്റെ ചെറിയ രൂപങ്ങൾക്ക് വില പേശി നോക്കി. അവർ അടുത്തില്ല, നമ്മൾ വാങ്ങിയതുമില്ല. ഓട്ടോയിൽ കയറി നേരെ ആഗ്ര കോട്ടയുടെ മുന്നിലേക്ക് വിട്ടു
ആഗ്ര കോട്ടയുടെ കവാടത്തിൽ എത്തി ടിക്കറ്റ് എടുക്കാൻ വരി നിന്നു. ടിക്കറ്റ് എടുത്തു പോകാൻ നിക്കുമ്പോ ലാപ്ടോപ്പ് അകത്തേക്ക് കയറ്റില്ല എന്ന് സെക്യൂരിറ്റി... റിയാസിന്റെ ബാഗിൽ ലാപ്ടോപ്പ് ഉണ്ടായിരുന്നു. അവൻ അതും കൊണ്ട് വീണ്ടും ഗേറ്റിലേക്ക് പോയി അവിടെ ലോക്കർ റൂമിൽ വച്ച് വന്നു. എല്ലാരും കൂടെ അകത്തേക്ക് കടന്നു. താജ്മഹലിലേക്ക് കടക്കുമ്പോ ഇല്ലാത്ത വിധം ഉള്ള ചെക്കിങ്ങാണ് ആഗ്ര ഫോർട്ടിന്റെ ഗേറ്റ് ഇൽ ഉള്ളത് എന്ന് തോന്നി.
കോട്ടക്കകത്തേക്ക് നടന്നു. വളരെ കാലം പഴക്കം ഉള്ള കോട്ട കുറെ ഒക്കെ നല്ല രീതിയിൽ സംരക്ഷിക്കുന്നുണ്ട്. കോട്ടക്കുള്ളിലൂടെ കാഴ്ചകൾ കണ്ടു നടന്നു. മുകൾ നിലയിൽ നിന്നും നോക്കുമ്പോ ദൂരെ താജ്‌മഹൽ കാണാം. ഇവിടെ നിന്നാണ് താജ്മഹലിന്റെ നിർമാണം ഷാജഹാൻ ചക്രവർത്തി വീക്ഷിച്ചിരുന്നത് എന്ന് ആരോ പറയുന്ന കേട്ടു.
സ്ത്രീകൾക്കായുള്ള നിസ്കാര പള്ളിയും വുളു എടുക്കാൻ വെള്ളം എത്തിക്കുന്ന അന്നത്തെ വിദ്യയും പല കാര്യങ്ങൾക്കും ഉപയോഗിച്ചിരുന്ന വിശാലമായ ഹാളുകളും രാജ സഭ കൂടിയിരുന്ന ദർബാറുകളും കുറെ പേരുടെ ശവ കുടീരങ്ങളും എല്ലാം ഉണ്ട് കോട്ടക്ക് അകത്തു.
എല്ലാം കണ്ടു ഉച്ചയോട് കൂടെ പുറത്തു ഇറങ്ങി. ഇനി ബസ് കയറി തിരികെ ഡൽഹിയിലേക്ക് മടങ്ങണം. ബുക്ക് ചെയ്ത ബസ് കാത്തു ഇരിപ്പായി. ഇരിക്കാൻ ഒന്നും സൗകര്യം ഇല്ല എവിടെയും. പണി നടന്നു കൊണ്ടിരിക്കുന്ന ആഗ്ര മെട്രോ സ്റ്റേഷന് മുന്നിൽ ഒരു സൈഡിലായി ഞങൾ ഇരുന്നു..
അന്ന് അംബേദ്‌കർ ജയന്തിയായിരുന്നു. ബീം ആദ്മി പ്രവർത്തകർ എന്തോ പരിപാടിയുമായി റയിൽവേ സ്റ്റേഷന് മുന്നിൽ വന്നപ്പോ അവിടെ ഉള്ള ഉദ്യോഗസ്ഥരും സെക്യൂരിറ്റിയുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുന്നതും അവസാനം പരിപാടി പുറത്തേക്ക് മാറ്റുന്നതും നോക്കി ഞങ്ങൾ ഇരുന്നു. കുറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ ഡൽഹിയിലേക്ക് പോകാൻ ബുക്ക് ചെയ്ത ബസ് എത്തി. അത്ര നല്ല ബസ് ഒന്നും അല്ല. ഇങ്ങോട്ട് വന്ന ബസ് നല്ല ഇലക്ട്രിക്ക് ബസ് ആയിരുന്നല്ലോ. ഇത് സാധാ ടുറിസ്റ്റ് ബസ്. സീറ്റ് നോക്കി കയറി ഇരുന്നു. കുറച്ചു സമയം കൂടെ ആരെയോ ഒക്കെ കാത്തിരുന്ന് പിന്നീട് ബസ് പുറപ്പെട്ടു
വൈകുന്നേരം 4 മണിയോടെ ബസ് ഡൽഹിയിൽ എത്തി. ലഗേജ് എല്ലാം നിസാമുദ്ധീൻ സ്റ്റേഷന് അടുത്തുള്ള റൂമിൽ ആണ്, അത് എടുക്കണം എന്നിട്ട് ജമ്മുവിലേക്ക് ഉള്ള ട്രെയിൻ പിടിക്കണം.. രാത്രി 10.30 മണിക്കാണ് ട്രെയിൻ. ബസിൽ നിന്നും ഇറങ്ങി ഫുഡ് ഒന്നും കഴിക്കാൻ നില്കാതെ നേരെ മെട്രോ വഴി നിസാമുദ്ധീൻ സ്റ്റേഷന് അടുത്തുള്ള റൂമിലേക്ക് വിട്ടു. അവിടെ എത്തി കുളിച്ചു ഫ്രഷ് ആയി ലഗേജ് എല്ലാം എടുത്തു വീണ്ടും മെട്രോ സ്റ്റേഷനിലേക്ക്. രണ്ടു ദിവസം അധികം ലഗേജ് ഇല്ലാതെ കറങ്ങിയതോണ്ടാകും ഇപ്പൊ വലിയ ലഗേജ് ഏറ്റി നടക്കാൻ നല്ല ബുദ്ധിമുട്ട്...
ഡൽഹിയിലെ വേറെ ഒരു ഭാഗത്ത് ആണ് സാറായ് റോഹില്ല സ്റ്റേഷൻ സ്ഥിതി ചെയുന്നത്. ഡൽഹി സാറായ് റോഹില്ല സ്റ്റേഷന് ഏറ്റവും അടുത്തുള്ള ശാസ്ത്രി നഗർ മെട്രോ സ്റ്റേഷനിലേക്ക് സരൈ കലൈഖാൻ സ്റ്റേഷനിൽ നിന്നും മെട്രോ ട്രെയിൻ കയറി. അധികം വൈകാതെ ശാസ്ത്രി നഗർ സ്റ്റേഷനിൽ എത്തി.
സ്റ്റേഷന് വെളിയിലേക്ക് നടന്നു. ഇവിടെ നിന്നും കുറച്ചു കൂടെ ദൂരം ഉണ്ട് സരൈ റോഹില്ല സ്റ്റേഷനിലേക്ക്. ഫുഡ് എന്തേലും കിട്ടുമോ എന്ന് നോക്കണം. നല്ല പോലെ വിശക്കാൻ തുടങ്ങിയിട്ടുണ്ട്. കുറച്ചു ദൂരം റോഡിലൂടെ നടന്നപ്പോ നല്ല ഒരു ഹോട്ടൽ കണ്ടു. അവിടെ കയറി റൊട്ടിയും ദാലും അങ്ങനെ ചില ഐറ്റംസ് കഴിച്ചു. ഡൽഹിയിൽ എത്തിയെ പിന്നെ ഇതൊക്കെ തന്നെ ആണ് ഫുഡ്. എന്തേലും കഴിച്ചു വയർ കേടാകുമോ എന്ന് പേടിയുള്ളത് കൊണ്ട് അധികം പരീക്ഷണത്തിന് നിന്നില്ല ഇത് വരെ. നോൺ വെജ് ഒക്കെ കശ്മീർ എത്തിയിട്ട് മതി എന്നാണ് എല്ലാരുടെയും പ്ലാൻ.
ഫുഡ് കഴിച്ചു ഇറങ്ങി, ഒരു ഓട്ടോ പിടിച്ചു റെയിൽവേ സ്റ്റേറ്റിനിലേക്ക്... ഏതൊക്കെയോ ഗല്ലികളിലൂടെ ഓടി ഓട്ടോ സ്റ്റേഷനിൽ എത്തി. ട്രെയിൻ പുറപ്പെടാൻ കുറച്ചൂടെ സമയം ഉണ്ട്, ഞങ്ങൾ പ്ലാറ്റഫോമിലേക്ക് നടന്നു അവിടെ ട്രെയിനിനായി കാത്തിരിപ്പായി
കുറച്ചു സമയത്തിന് ശേഷം ട്രെയിൻ വരുന്ന അന്നൗൺസ്‌മെന്റ് വന്നു പിന്നാലെ ഒരു ട്രെയിൻ റിവേഴ്‌സ് ചെയ്തു വന്നു ഞങ്ങൾ നിൽക്കുന്ന പ്ലാറ്റഫോമിൽ വന്നു നിന്നു. ഞങ്ങൾക്ക് പോകാൻ ഉള്ള ഡൽഹി മുതൽ ഉധംപൂർ (MCTM -Martyr Captain Tushar Mahajan Udhampur railway station,)വരെ പോകുന്ന ട്രെയിൻ. അധികം തിരക്കൊന്നും കൂട്ടാതെ ഞങ്ങൾ ട്രെയിനിലേക്ക് പ്രവേശിച്ചു.

അവസാന സ്റ്റേഷൻ നു മുൻപുള്ള ജമ്മു താവി സ്റ്റേഷനിൽ ആണ് ഞങ്ങൾക്ക് ഇറങ്ങേണ്ടത്. ഇഷ്ടം പോലെ മലയാളി ഫാമിലികളെ കണ്ടു ട്രെയിനിൽ. എല്ലാരും കാശ്മീരിലേക്ക് തന്നെ ആയിരിക്കും യാത്ര. കൃത്യം 10.30 നു തന്നെ ട്രെയിൻ പുറപ്പെട്ടു. ഉണരുമ്പോഴേക്കും ട്രെയിൻ ജമ്മു കശ്മീർ സംസ്ഥാനത്തേക്ക് എത്തും. ആകെ 3 സ്റ്റേഷനിലെ ഈ ട്രെയിൻ നിർത്തു. ഉണർന്നാൽ കാണാൻ ഉള്ള കശ്മീരിന്റെ മനോഹരമായ കാഴ്ചകൾ ഓർത്തു കുറച്ചു സമയം പുറം കാഴ്ചകൾ കണ്ടു ഇരുന്നു പിന്നീട് നിസ്കാരം കഴിഞ്ഞു നാളെ മുതൽ ഉള്ള നല്ല കാഴ്ചകൾ ഓർത്തു കൊണ്ട് മെല്ലെ ഉറക്കത്തിലേക്ക്....
പാർട്ട് -4 വായിക്കാൻ... (ശ്രീനഗറിലേക്ക്...)
















Comments
Post a Comment