ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part 7 (ശ്രീനഗർ കാഴ്ചകൾ )

പാർട്ട് -6 വായിക്കാൻ... (ദൂത് പത്രി...)


                ഇന്ന് വെള്ളിയാഴ്ച ആണ്, ദൂരെ സ്ഥലങ്ങളിലേക്ക് ഇന്ന് പ്ലാൻ ഇല്ല, ജുമുഅ ഒക്കെ കൂടാൻ നല്ലത് ശ്രീനഗർ പരിസരം തന്നെ.. അത് കൊണ്ട് ഇന്ന് ശ്രീനഗറിലെ പല കാഴ്ചകൾ കാണാം എന്ന് ആണ് പ്ലാൻ. ഡ്രൈവർ രാവിലെ 7.30 നു എത്താം എന്ന് പറഞ്ഞിട്ടുണ്ട്. അതിനു മുന്നേ തന്നെ ഫ്രഷ് ആയി ആദിൽ ഭായിയുടെ ബ്രഡ് ഓംലെറ്റും ചായയും കഴിച്ചു ഞങ്ങൾ റെഡി ആയി താഴെ എത്തി. ഇന്ന് ഒരു പുതിയ ഡ്രൈവർ ആണ് പേര് സമീർ. നിലവിലെ ഡ്രൈവർ ഫർഹാൻ ഭായിക്ക് സുഖമില്ലാത്തോണ്ട് പകരം വന്ന ആളാണ്. ഫർഹാൻ ഭായിയുടെ അത്ര സംസാരക്കാരനല്ല എന്നാലും ആള് കമ്പനിയാണ്. പുതിയ ഡ്രൈവറും കാറും ആയി ഞങ്ങൾ ശ്രീനഗർ കാഴ്ചയിലേക്ക് ഇറങ്ങി. 

                                  ആദ്യം പോകാൻ പ്ലാൻ ചെയ്തത് ട്യൂലിപ് ഗാർഡൻ ആണ്. അവിടേക്ക് പോകുന്ന വഴിയിൽ കുറച്ചൂടെ മുന്നിൽ വേറെ ഒരു ഗാർഡൻ (ചാഷ്മേ ഷാഹി ഗാർഡൻ - മുഗൾ ഗാർഡൻ ആണ് -1632 ൽ നിർമിച്ചതാണ്)  ഉണ്ട് എന്ന് പറഞ്ഞു സമീർ ഭായ് വണ്ടി അങ്ങോട്ട് വിട്ടു, അവിടെ ചെന്നപ്പോ തുറക്കാൻ 10 മണിയാകും എന്ന് അറിഞ്ഞു ഞങ്ങൾ തിരികെ പോന്നു. നേരെ ട്യൂലിപ് ഗാർഡിന്റെ പാർക്കിങ്ങിൽ വണ്ടി നിർത്തി ഞങ്ങൾ ഗാർഡൻ എൻട്രൻസിലേക്ക് നടന്നു. ടിക്കറ്റ് എടുത്ത് നേരെ അകത്തേക്ക്.. 75 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. ഇന്ദിരാ ഗാന്ധിയുടെ പേരിൽ ആണ് ട്യൂലിപ് ഗാർഡൻ. 






               ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡൻ , മുമ്പ് മോഡൽ ഫ്ലോറികൾച്ചർ സെന്റർ എന്ന് അറിയപ്പെട്ടിരുന്ന  ടുലിപ് ഗാർഡൻ  ഏകദേശം 30 ഹെക്ടർ (74 ഏക്കർ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഗാർഡനാണിത് . സബർവാൻ പർവതനിരകളുടെ അടിത്തട്ടിലാണ് ഇത് സ്ഥിതി ചെയ്യുന്നത്, ദാൽ തടാകത്തിന്റെ ഒരു അവലോകനത്തോടെ ഏഴ് ടെറസുകൾ അടങ്ങുന്ന ഒരു ചരിഞ്ഞ നിലത്താണ് ഇത് നിർമ്മിച്ചിരിക്കുന്നത് . ടുലിപ്പുകൾക്ക് പുറമേ, ഹോളണ്ടിൽ നിന്ന് കൊണ്ടുവന്ന ഹയാസിന്ത്സ് , ഡാഫോഡിൽസ്, റാൻകുലസ് എന്നിവയുൾപ്പെടെ 46 ഇനം പൂക്കളുമുണ്ട്. ടുലിപ് ഗാർഡനിൽ ഏകദേശം 75 ഇനം ടുലിപ്പുകൾ ഉണ്ട്. 

                  കശ്മീർ താഴ്‌വരയിലെ പുഷ്പകൃഷിയും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2007 ലാണ് ഈ ഉദ്യാനം തുറന്നത് . മുമ്പ് ഇത് സിറാജ് ബാഗ് എന്നറിയപ്പെട്ടിരുന്നു. ഒന്നിലധികം നിറങ്ങളിലുള്ള ഏകദേശം 1.75 ദശലക്ഷം ട്യൂലിപ്പ് ബൾബുകൾ ആംസ്റ്റർഡാമിലെ ക്യൂകെൻഹോഫ് ട്യൂലിപ്പ് ഗാർഡനുകളിൽ നിന്നാണ് കൊണ്ടുവന്നത്.  മാർച്ച് ഏപ്രിൽ മാസങ്ങളിലായിട്ടാണ് ട്യൂലിപ് പൂക്കൾ കാണാനാകുക. ഞങ്ങൾ എത്തിപ്പെട്ടത് കറക്റ്റ് സമയത്താണ്. 

                     ഉള്ളിൽ കയറിയ ഞങ്ങൾ അത്ഭുതപ്പെട്ടുപോയി. എങ്ങോട്ട് നോക്കിയാലും അതി മനോഹരമായ ട്യൂലിപ് പൂക്കളും മറ്റു പേരറിയാത്ത പല പല പൂക്കളും മരങ്ങളും പുൽത്തകിടികളും വാട്ടർ ഫൗണ്ടൈനുകളും എല്ലാം കൂടെ ഒരു അത്ഭുദ ലോകം. ട്യൂലിപ് പൂക്കൾ പല കളറുകളിലായി നിര നിരയായി പൂത്തു നിൽക്കുന്നു. ഒരു നിരയിൽ നില്ക്കുംമ്പോ അടുത്ത നിരയിൽ കൂടുതൽ ഭംഗി തോന്നും അപ്പൊ അങ്ങോട്ടേക്ക് എത്തുമ്പോ അതിനു അടുത്ത നിര പൂക്കൾക്കാണ് ഭംഗി എന്ന് തോന്നും. എവിടെ കാമറ സെറ്റ് ചെയ്താലും അടിപൊളി ഫ്രെയിം കിട്ടും. ധാരാളം ഫോട്ടോസ് പകർത്താൻ ട്യൂലിപ് ഗാർഡൻ അവസരമായി. ഫോണിലെ മെമ്മറി ഇവിടെ നിന്ന് തന്നെ നിറയുമോ എന്ന് വരെ സംശയം തോന്നി. 

                      ഗാർഡനിലൂടെ നടക്കുന്നതിനിടയിൽ ഫേസ്ബുക് ലൂടെ ഒക്കെ ശ്രദ്ധേയനായ ഒരു കഥ പറയാം എന്ന് പറഞ്ഞു കൊണ്ട് വിശേഷാൽ കശ്മീർ വിശേഷങ്ങൾ ചെറു വീഡിയോ ആയി പങ്കു വെക്കുന്ന ഉസ്താദ് പി ടി മുഹമ്മദ് എന്നവരെ കണ്ടു മുട്ടി. കുറച്ചു സമയം വിശേഷങ്ങൾ പങ്കു വെച്ചു. ഞങ്ങൾ ഇടയ്ക്കിടെ അദ്ദേഹത്തിന്റെ വാക്കുകൾ പരാമര്ശിക്കാറുണ്ടായിരുന്നു എന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോ ഒരു പുഞ്ചിരി സമ്മാനിച്ച് കൂടെ ഒരു ഫോട്ടോയും എടുത്തു അദ്ദേഹം ട്യൂലിപ് ഗാർഡനെ കുറിച്ചുള്ള വീഡിയോ ഷൂട്ട് ചെയ്യാൻ ആയി അപ്പുറത്തേക്ക് മാറി പോയി.

                     ഞങ്ങൾ ഗാർഡൻ അകെ ചുറ്റി കണ്ടു 2 മണിക്കൂർ സമയം അവിടെ ചിലവഴിച്ചു പുറത്തേക്ക് നടന്നു. ഇനിയും അവിടെ നില്ക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ കണ്ടു തീർക്കാൻ ഇനിയും കാഴ്ചകൾ ബാക്കി ഉണ്ടല്ലോ എന്നോർത്തു ട്യൂലിപ് പൂക്കളോട് യാത്ര പറഞ്ഞു.

                          ട്യൂലിപ് ഗാർഡിന്റെ തൊട്ടു ചാരി ജവാഹർ ലാൽ നെഹ്‌റു മെമ്മോറിയൽ  ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയുന്നുണ്ട്. 1969 ൽ സ്ഥാപിക്കപ്പെട്ട 1987 പൂർണമായി തുറന്നു കൊടുക്കപെട്ട ഒരു പ്രധാന ഗാർഡൻ ആണ് ഇത്. ഒരു പൂന്തോട്ടം കണ്ട ഉടനെ വേറെ ഒരു ബൊട്ടാണിക്കൽ ഗാർഡൻ കാണാൻ ഞങ്ങൾക്ക് താല്പര്യം തോന്നാത്തത് കൊണ്ട് അവിടെ കയറാതെ കാർ വീണ്ടും ആദ്യം പോയ ചാഷ്മേ ഷാഹി ഗാർഡനിലേക്ക് വിട്ടു. അവിടെ എത്തുമ്പോ വണ്ടികളുടെ നീണ്ട വരിയാണ് കണ്ടത്. ഒരു ഗാർഡൻ കാണാൻ വെയിറ്റ് ചെയ്യാൻ തോന്നാത്തത് കൊണ്ട് അവിടെയും കയറാതെ അടുത്ത ഗാർഡൻ ലക്ഷ്യമാക്കി വണ്ടി തിരിച്ചു.

                    പിന്നീട് ഞങ്ങൾ പോയത് മുഗൾ രാജാക്കന്മാരുടെ അടുത്ത ഒരു സംഭാവനയായ നിഷാദ് ഭാഗ് എന്നറിയപ്പെടുന്ന മുഗൾ  നിഷാദ്  ഗാർഡനിലേക്കാണ്. 30 രൂപയാണ് എൻട്രിഫീസ്. ടിക്കറ്റെടുത്ത് ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു. ഒരു ഭാഗം ദാൽ  തടാകത്താലും മറുഭാഗം സബർബൻ പർവ്വതനിര ആയാലും അതിരിട്ടിരിക്കുന്ന മനോഹരമായ ഒരു ഉദ്യാനം..  ഉദ്യാനത്തെ രണ്ടായി പകുത്തു കൊണ്ട്   നടുവിലൂടെ ഒഴുകുന്ന ചെറിയ അരുവി. ഇടയിലൊക്കെ ചെറുതും വലുതുമായ  വാട്ടർ ഫൗണ്ടനുകളും. മറ്റു ഉദ്യാനങ്ങൾ ഒക്കെ കണ്ടത് കൊണ്ടും ഊട്ടിയിൽ ഒക്കെ  ഉദ്യാനങ്ങൾ ഇഷ്ടം പോലെ കണ്ടു പരിചയമുള്ള നമുക്ക് തൊട്ടു മുന്നേ കണ്ട ട്യൂലിപ് ഗാർഡനിലെ  കാഴ്ചകൾ കണ്ണിൽ നിന്നും മായാത്തതിനാൽ  പ്രത്യേകിച്ച് വലിയ അത്ഭുതമൊന്നും ഈ പൂന്തോട്ടത്തിൽ തോന്നിയില്ല.

 എന്നിരുന്നാലും നല്ല കുറേ മുൻപ്  കാണാത്ത പല ചെടികളും പൂക്കളും കാണാൻ സാധിച്ചു. കുറച്ച് സമയം അവിടെ  ചിലവഴിച്ചു അല്പം ചില ഫോട്ടോകൾ ഒക്കെ എടുത്തു കൊണ്ട് ഞങ്ങൾ അടുത്ത സന്ദർശന സ്ഥലമായ വളരെ പ്രശസ്തമായ ഹസ്റത്ത് ബാൽ മസ്ജിദിലേക്ക് പുറപ്പെട്ടു.

        ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന പള്ളികളിലൊന്നാണ് ഹസ്റത്ത് ബാൽ.  ഒരു ദർഗ കൂടെ  അവിടെ സ്ഥിതി ചെയ്യുന്നുണ്ട് . വെള്ളിയാഴ്ച്ച ജുമാഅ നിസ്കാരം അവിടെ കൂടാം എന്നുള്ള ചിന്തയിൽ  അങ്ങോട്ടേക്ക് പുറപ്പെട്ടു. അവിടെ എത്തുമ്പോ സമയം 12 മണി  ആകുന്നെ ഉണ്ടായിരുന്നുള്ളൂ. ഹസ്രത് ബാലിൽ ജുമാ രണ്ടര മണിക്ക് ആണെന്ന് അറിഞ്ഞപ്പോ പ്ലാനിൽ ചെറിയ മാറ്റം വരുത്തി. അടുത്ത് കണ്ട ഒരു ഹോട്ടലിൽ കയറി ഉച്ച ഭക്ഷണം കഴിച്ചു. തൊട്ട് അടുത്തു തന്നെ ഉള്ള ശ്രീനഗർ യൂണിവേഴ്സിറ്റി ക്യാമ്പ്‌സിലെ പള്ളിയിൽ 1 മണിക്ക് ജുമുഅ തുടങ്ങും എന്നു ഹോട്ടൽ ജീവനക്കാർ പറഞ്ഞു. യൂണിവേഴ്സിറ്റി ക്യാമ്പസിന് അകത്തുള്ള പള്ളിയിൽ ഞങ്ങൾ  ജുമുഅ നമസ്കാരത്തിനായി കയറി.  പള്ളിയിലേക്ക് നടക്കുമ്പോൾ വളരെ ഭംഗിയുള്ള യൂണിവേഴ്സിറ്റി ക്യാമ്പസ് ഞങ്ങളെ ആകർഷിച്ചു. ഏതൊരാൾക്കും വന്നു പഠിക്കാൻ തോന്നുന്ന  പോലെ ഉള്ള ഒരു അന്തരീക്ഷം..  നല്ല ഉദ്യാനങ്ങളും നല്ല കെട്ടിട സമുച്ചയങ്ങളും ഉൾകൊള്ളുന്ന വിശാലമായ യൂണിവേഴ്സിറ്റി ക്യാമ്പസിലൂടെ പള്ളിയിലേക്ക് നടന്നു. പള്ളിയിൽ  നല്ല തിരക്കുണ്ടായിരുന്നു കൂടുതലും വിദ്യാർഥികളും അധ്യാപകരും ആണ് എന്ന് തോന്നുന്നു 

                      പള്ളിയുടെ പുറത്തുള്ള പുൽത്തകിടിയിൽ ഇഷ്ടം പോലെ ആളുകൾ ജുമാ സമരത്തിനായി തയ്യാറായി ഇരിക്കുന്നുണ്ടായിരുന്നു. നിസ്കാരം കഴിഞ്ഞ ഉടനെ പള്ളിയിൽ നിന്നും ഇറങ്ങി നേരെ ഹസ്രത് ബാൽ മസ്ജിദിലേക്ക് നടന്നു. പോകുന്ന വഴികളിലൊക്കെ തെരുവ് കച്ചവടക്കാർ ഇടം പിടിച്ചിരിക്കുന്നു. നല്ല തിരക്കുണ്ട് എല്ലായിടത്തും. ഞങ്ങൾ ഹസ്രത്ത് ബാൽ മസ്ജിദിൽ എത്തുമ്പോ  അവിടെ നമസ്കാരം  ആരംഭിക്കാൻ പോവുകയാണ്. ഈ സമയത്ത് പള്ളിയിൽ കയറുന്നത് സാധ്യമല്ലാത്തത് കൊണ്ട്  ഞങ്ങൾ ചുറ്റുമുള്ള തെരുവ് കച്ചവടക്കാരുടെ ഇടയിലൂടെ അല്പം നടന്നു. നിസ്കാരശേഷം പള്ളിയിൽ കയറി കണ്ടു ഞങ്ങൾ പുറത്തിറങ്ങി.  കാറിൽ കയറാൻ പോകുന്ന വഴിയിൽ ഒരു ബേക്കറിയിൽ കയറി തനതായ കാശ്മീരി വാൾനട്ട് ഫുഡ്‌ജ്‌ കുറച്ചു വാങ്ങി. സാമ്പിൾ കഴിച്ചപ്പോ എല്ലാര്ക്കും ഇഷ്ടമായിരുന്നു. ബാക്കി റൂമിൽ ചെന്നിട്ടാകാം. കാശ്മീരിൽ പോകുമ്പോ കഴിക്കേണ്ട ഒരു പ്രധാന സ്വീറ്റ് ഇതാണ് പലരും നിർദേശിച്ചത്. പിന്നീട് കാറിൽ കയറി ഞങ്ങളുടെ അടുത്ത  സന്ദർശന ലക്ഷ്യമായ ദാൽ തടാകത്തിലേക്ക് യാത്ര തുടങ്ങി. 

                        ഡ്രൈവർ സമീർ ഭായി ഞങ്ങളെ തടാകത്തിന്റെ  പതിനൊന്നാം ഗേറ്റിനു അരികിൽ ഇറക്കി. ഇത് പോലെ ഇരുപത്തിരണ്ടോളം ഗേറ്റുകൾ ഉണ്ട് ദാൽ  തടാകത്തിന്.  ആയിരക്കണക്കിന് ശിക്കാരകൾ (ചെറുവള്ളങ്ങൾ) ഉണ്ടാകും തടാകത്തിൽ. സർവീസ് നടത്താൻ വേണ്ടി ഓരോ ഗേറ്റിനരികിലും കുറച്ചു കുറച്ചു  ശിക്കാരകൾ കാണാം. ഒരു ശിക്കാര കാരനോട് വിലപേശി ഞങ്ങൾക്ക് കൊടുക്കാൻ സാധിക്കുന്ന  ഒരു നല്ല തുകയിൽ ഞങ്ങൾ ഡീൽ ഉറപ്പിച്ചു ശിക്കാരയിലേക്ക് കയറി.  ഒരു സൈഡിൽ കാല് നീട്ടി വച്ച് രണ്ടു പേർക്കും മറു ഭാഗത്ത് സാധാ സീറ്റിൽ രണ്ടു പേർക്കും ആണ് ഇരിക്കാൻ സാധിക്കുക. ഞങ്ങളെയും കൊണ്ട് ശിക്കാരാ യാത്ര ആരംഭിച്ചു. 

4 സ്പോട്ടുകൾ ആണ് അവർ പറഞ്ഞിരിക്കുന്നത്. ആദ്യ അനുഭവത്തിൽ ശിക്കാരയിലെ യാത്ര  നമുക്ക് പ്രത്യേകിച്ച് വലിയ അത്ഭുതം ഒന്നും തോന്നിയില്ല , പലപ്പോഴായി തോണി യാത്ര നടത്തിയ നമുക്ക് അങ്ങനെ ഒക്കെ തന്നെ ഈ യാത്രയും തോന്നു..  പക്ഷെ അതിൽ നിന്നും വിഭിന്നമായി ഈ തടാകത്തിൽ പല പല ജീവിതങ്ങളും കാണാം... പലരും ഉപജീവനം നടത്തുന്നത് ഈ തടാകത്തിലെ സഞ്ചാരികളിൽ ആണ്. അത് നമുക്ക് യാത്രയിൽ  അനുഭവിക്കാൻ സാധിക്കും. 


ചെറു ഷിക്കാരകളിൽ  കച്ചവടക്കാർ നമ്മളെ സമീപിക്കും എന്നിട്ട് അവർ കച്ചവടം നടത്താൻ മാക്സിമം ശ്രമിക്കും.  ആദ്യമായി ഞങ്ങളുടെ അടുത്തേക്ക് വന്നത് ഒരു കശ്മീരി കഹ് വ കച്ചടവക്കാരനാണ്. ബാപ്പയും മോനും ആണ് എന്ന് തോന്നുന്നു. അദ്ദേഹത്തിൻറെ കയ്യിൽ നിന്നും നാല് കശ്മീരി കഹ് വ  വാങ്ങി കുടിച്ചു കൊണ്ട് ഞങ്ങൾ തടാകത്തിലെ യാത്ര ആസ്വദിച്ച് തുടങ്ങി. പിന്നീട് പച്ചക്കറി, ഫ്രൂട്സ്, എന്തിനേറെ അൽഫഹം, കബാബ് , കുങ്കുമം  , ഡ്രെസ്സുകൾ, മുതലായവ പോലും ഓരോ കച്ചവടക്കാരിലൂടെ വന്നു കൊണ്ടിരുന്നു.  വേറെ ചില ശിക്കാരകളിൽ കാശ്മീരി ഡ്രസ്സ്  ഇട്ട് ഫോട്ടോ എടുത്ത് കൊടുക്കുന്ന വേറെ ചിലർ...  പല കച്ചവടക്കാരും ഞങ്ങളെ സമീപിച്ചു ഓരോന്ന് വിൽക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. അവരെയൊക്കെ  ഞങ്ങൾ സ്നേഹത്തോടെ മടക്കി അയച്ചു.

 

ഗോൾഡൻ വ്യൂ, ഫ്ലോട്ടിങ് മാർക്കറ്റ്, ഏതോ ഒരു ഫിലിം ഷൂട്ട് ചെയ്ത ഹൌസ് ബോട്ട് തുടങ്ങിയ കാഴ്ചകൾ ഒക്കെ ആണ് അവരുടെ ലിസ്റ്റിൽ ഉണ്ടായിരുന്നത്.  ഷിക്കാര ഓടിക്കുന്ന ചെറുപ്പക്കാരൻ പയ്യൻ നല്ല കമ്പനി ആയിരുന്നു. ഇടയ്ക്കു ഹിന്ദി ഗാനങ്ങൾ ഒക്കെ പാടി ഞങ്ങളെ സുഖിപ്പിക്കാൻ അവൻ ശ്രമിച്ചിരുന്നു. അപ്പൊ റിയാസ് ഹിന്ദി പാട്ടുമായി അവനെ അത്ഭുദപ്പെടുത്തി. ഫ്ലോട്ടിംഗ് മാർക്കറ്റുകളും വലിയ ഹൗസ് ബോട്ടുകളും അങ്ങനെ പല കാഴ്ചകളും കണ്ടു കൊണ്ട് ഞങ്ങൾ ദാൽ തടാകത്തിൽ ഉള്ള ഞങ്ങളുടെ സഞ്ചാരം അവസാനിപ്പിച്ച് തിരികെ കരയിലേക്ക് മടങ്ങി.  

                      കരയിലെത്തി ഞങ്ങൾ വീണ്ടും കാറിൽ കയറി കുറച്ചു ഷോപ്പിങ്ങിനായി ദാൽ ചൗക്ക് എന്ന ഒരു മാർക്കറ്റിലേക്ക് പുറപ്പെട്ടു. എല്ലാര്ക്കും വീട്ടിലേക്ക് എന്തെങ്കിലും ഒക്കെ വാങ്ങണമല്ലോ...  മാർക്കറ്റിന്റെ ഒരു ഭാഗത്ത് ഞങ്ങളെ ഇറക്കി ഡ്രൈവർ പാർക്ക് ചെയ്യാൻ പോയി. മാർക്കറ്റിൽ കുറച്ച് സമയം ഒക്കെ നടന്നെങ്കിലും ഞങ്ങൾക്ക് വേണ്ട സാധനങ്ങൾ വേണ്ട പോലെ ഒന്നും  ലഭിക്കാത്തതിനാൽ ഞങ്ങൾ നാളെ പഹൽഗാമിലേക്കുള്ള യാത്രയിൽ യാത്രാ മധ്യേ ഇഷ്ടം പോലെ കച്ചവട സ്ഥാപനങ്ങൾ ഉണ്ട് എന്ന ഡ്രൈവറുടെ സംസാരത്തിന്റെ അടിസ്ഥാനത്തിൽ തൽക്കാലം ഞങ്ങൾ കച്ചവട സ്ഥാപനങ്ങൾ കയറിയുള്ള അന്വേഷണം നിർത്തി കൊണ്ട് റൂമിലേക്ക് മടങ്ങി.  

             റൂമിലേക്ക് മടങ്ങുന്ന വഴിയിൽ മുൻപുള്ള യാത്രകളിൽ ഒക്കെ മടങ്ങി വരുന്ന വഴിയിൽ ഞങ്ങൾ വലിയ ഒരു പള്ളി (ജുമാ മസ്ജിദ്) കാണാറുണ്ടായിരുന്നു. വ്യത്യസ്തമായ ശൈലിയിൽ ഉള്ള മിനാരങ്ങൾ ഒക്കെ ആണ് അതിനു.  മുൻ ഡ്രൈവർ അതൊരു വലിയ പള്ളി ആണെന്നും  ഇഷ്ടം പോലെ ആളുകൾ ഉൾ ക്കൊള്ളാനുള്ള ശേഷി ഉണ്ടെന്നും ഒക്കെ പറയാറുണ്ടായിരുന്നു. അത് ഒന്നു കാണാനുള്ള ആഗ്രഹത്തിൽ ഞങ്ങൾ വണ്ടി അങ്ങോട്ട് വിടാൻ സമീർ ബായിയോട് പറഞ്ഞു. ഞങ്ങളെ അവിടെ ഡ്രോപ്പ് ചെയ്തു, ശേഷം ഡ്രൈവർ അദ്ദേഹത്തിൻറെ വീട്ടിലേക്ക്  മടങ്ങി. നാളെ പഹൽഗാം  എന്ന അതിസുന്ദരമായ സ്ഥലത്തേക്കാണ് യാത്ര അവിടെക്ക്  കുറച്ച് ദൂരം യാത്ര ചെയ്യാൻ ഉള്ളതുകൊണ്ട് നേരത്തെ വരുമെന്നുള്ള ഉറപ്പിൽ സമീർ ഭായ് വീട്ടിലേക്ക് മടങ്ങി.

                 കാർ ഇറങ്ങി ഞങ്ങൾ പള്ളിയിലേക്ക് നടന്നു. വിശാലമായ പടുകൂറ്റൻ കമാനത്തിലൂടെ ഉള്ളിലേക്ക് കടന്ന ഞങ്ങൾ അത്ഭുതപരതന്ത്രനായി ഒരു വരിയിൽ തന്നെ ആയിരക്കണക്കിനാളുകളെ കൊള്ളാവുന്ന വളരെ വിസ്തൃതമായ അതിവിപുലമായ പള്ളി. 33,000 ആളുകളെ ഒരേസമയം ഉൾക്കൊള്ളാൻ സാധിക്കുന്ന ഈ പള്ളിയിൽ റമദാൻ അവസാന ആഴ്ചകൾ പോലെയുള്ള സമയങ്ങളിൽ ഒരു ലക്ഷത്തിലധികം ആളുകളെ അതിൻറെ ഗ്രൗണ്ടിലും നടുമുറ്റത്തു ഒക്കെയായി ഉൾക്കൊള്ളാൻ സാധിക്കുമെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. ഒരു അത്ഭുതകരമായ നിർമിതി തന്നെ ഒരുപാട് പഴക്കമുള്ള പള്ളി. 

                     പള്ളിയുടെ നടുമുറ്റത്തായി വിശാലമായ ഒരു ഹൗള് ഉണ്ട്. നടുക്ക് ഒരു ഫൗണ്ടൈൺ കണ്ടു, വർക്കിംഗ് അല്ല ആ സമയത്ത്. ഇരുന്നു വുളു ചെയ്യണം.. വെള്ളത്തിൽ കൈ തട്ടിയപ്പോ ഐസ് കട്ടയിൽ തൊടുന്ന തണുപ്പ്.. വേറെ വഴി ഇല്ലാത്തതിനാൽ ആ ഐസ് വെള്ളത്തിൽ വുളു എടുത്തു നിസ്കരിക്കാൻ പള്ളിയിലേക്ക് നടന്നു. നിസ്കാര സമയം സൂചിപ്പിക്കുന്ന ഡിസ്പ്ലേ ബോർഡ് തന്നെ സാദാരണ പള്ളിയുടെ ഒരു വാതിലിന്റെ വലിപ്പം ഉണ്ട്, അപ്പൊ പള്ളിയുടെ വലിപ്പം ഊഹിക്കാമല്ലോ... നിസ്കാരം കഴിഞ്ഞ ശേഷം പള്ളിയൊന്നു നടന്നു കണ്ടു. പാട് കൂറ്റൻ തൂണുകളിൽ ഉയർന്നു നിൽക്കുന്ന ഒരു വലിയ നിർമിതി.. ആരും പറഞ്ഞു കേട്ടില്ല ഇങ്ങനെ ഒരു പള്ളിയെ പറ്റി.. പള്ളിയുടെ വലിപ്പം പറഞ്ഞു  കൊണ്ട് ഞങ്ങൾ പുറത്തേക്ക് നടന്നു. ഇറങ്ങുന്ന വഴിയിൽ സെക്യൂരിറ്റി കാരൻറെ കയ്യിൽ നിന്നും ഞങ്ങൾക്ക് പള്ളിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായി. പുറത്തിറങ്ങിയപ്പോ  ഭക്ഷണം കഴിക്കണം എന്നുള്ള ചിന്ത വന്നു. കശ്മീരിലേക്ക് യാത്ര എന്ന് പറഞ്ഞപ്പോൾ തന്നെ പല മുൻ കശ്മീരി യാത്രക്കാരുംഞങ്ങളോട് നിർദേശിച്ചത്  കശ്മീരി വസ് വാൻ  നിർബന്ധമായും കഴിക്കണം  എന്നാണ്. കാശ്മീരികളുടെ തനതായ ഒരു ഭക്ഷണമാണ് മട്ടൻ കൊണ്ടുള്ള വിഭവങ്ങൾ അടങ്ങിയ ഈ ഐറ്റം. 

                    കാശ്മീരികളുടെ കല്യാണത്തിന്റെ  പ്രധാന വിഭവമാണ്  ഇരുപത്തിമൂന്നോളം ഐറ്റങ്ങൾ അടങ്ങുന്ന കശ്മീരി വസ് വാൻ.  അത്ര ഐറ്റംസ് ഒന്നുമില്ലെങ്കിലും ചെറിയ രീതിയിലെങ്കിലും വസ് വാൻ കഴിക്കണം എന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു.  ഇതിനായി ഒരു നല്ല ഹോട്ടൽ പലയിടങ്ങളിലും ഞങ്ങൾ തിരിഞ്ഞു. പലരും പല ഹോട്ടലുകളുടെ പേരുകൾ ആണ് നിർദ്ദേശിച്ചത്. പള്ളിയിൽ നിന്നും പുറത്തിറങ്ങി ഞങ്ങൾ കശ്മീരി വസ് വാൻ കിട്ടുന്ന ഹോട്ടലുകളെ കുറിച്ച്  ജീവനക്കാരോട്  അന്വേഷിച്ചപ്പോൾ തൊട്ടടുത്തായി ഒരു ഹോട്ടൽ ഉണ്ടെന്ന് അവർ പറഞ്ഞു. പേര് കേട്ട ഹോട്ടൽ ആണ്. 

                   ഹോട്ടലിന്റെ പേര് ഗൂഗിളിൽ സെർച്ച് ചെയ്തു മാപ് സെറ്റ് ആക്കി റഷീദ് മുന്നിൽ നടക്കാൻ ആരംഭിച്ചു. ദൂരം അധികമൊന്നും ഇല്ല. പക്ഷെ കറൻറ് ഇല്ലാത്ത ഗല്ലികളിലൂടെ ആണ് ഗൂഗിൾ മാപ് ഞങ്ങളെ കൊണ്ട് പോകുന്നത്. ( കാശ്മീരിൽ രാത്രിയും പകലും ഒക്കെ പവർ കട്ട് ഉണ്ട്) ഒരിടത്തും ഒരു തരി വെളിച്ചമില്ല, ഊടു വഴികളിലൂടെ മൊബൈൽ വെളിച്ചത്തിൽ ഞങ്ങൾ ഹോട്ടൽ തേടി നടന്നു. തിരികെ പോയാലോ എന്ന് തോന്നിയ സമയത്ത് കുറച്ചു ദൂരെ ആയി ചെറിയ വെളിച്ചം കാണാനായി. അങ്ങോട്ടേക്ക് നടക്കുമ്പോ അത് തന്നെ ആണ് ഹോട്ടൽ എന്ന് ഗൂഗിൾ ചേച്ചി പറയുന്നുണ്ടായിരുന്നു. അവസാനം ആ ഹോട്ടലിന് മുന്നിൽ ഞങ്ങൾ എത്തുമ്പോ അവിടെ മാത്രം ആണ് വെളിച്ചം ഉള്ളത് അതും ജനറേറ്റർ പ്രവർത്തിപ്പിച്ചിട്ടു ആണ്..

                     ഉള്ളിൽ കടന്നു ഹോട്ടലിന്റെ മുകൾ നിലയിലേക്ക് നടന്നു. സീറ്റ് കണ്ടു പിടിച്ചു അവിടെ ഇരുന്നു, ചുറ്റും കുറെ ആളുകൾ ഭക്ഷണം കഴിക്കുന്നുണ്ട്  ഇവരൊക്കെ ഏതു വഴി  എപ്പോ വന്നോ ആവൊ... വെയ്റ്റർ വന്നു ഓർഡർ എടുക്കാൻ .. അധികം ആലോചിക്കാൻ ഒന്നും ഇല്ല. കാശ്മീരി വസ് വാൻ എന്ന് മാത്രമേ പറയാൻ ഒള്ളു.. 4 എണ്ണം വസ്വാൻ താലി ... എനിക്ക് ആട്ടിറച്ചി അത്ര പ്രിയം ഒന്നും ഇല്ല, എല്ലാരും കഴിക്കുമ്പോ നമ്മളായിട്ട് മാറി നിൽക്കുന്നത് ശരിയല്ലല്ലോ...  

ആദ്യം 4 സ്റ്റീൽ ഗ്ലാസ്സുകൾ കൊണ്ട് വച്ചു. രാജാക്കന്മാരുടെ കാലത്തേ പോലെ ഉള്ള ചിത്രപ്പണികൾ ഒക്കെ ഉള്ളത്. അല്പസമയത്തിനകം 4 സ്റ്റീൽ പ്ലേറ്റിൽ കുറച്ചു വെള്ള ചോറും മുകളിൽ കുറച്ചു കറിയും ഒഴിച്ച് കൊണ്ട് വന്നു. പിന്നാലെ ഓരോ ഐറ്റംസ് വരാൻ തുടങ്ങി. ഒരു കബാബ് - മേത്തി കബാബ്, പിന്നെ ഒരു ഉണ്ട റെഡ് കളർ - റിഷ്ത , വെള്ള കളർ കറിയിൽ കുറച്ചു പുളി രുചി ഉള്ള വേറെ ഒരു ഉണ്ട - ഗുഷ്താബ, ഇറച്ചി കറി പോലെ ഒരു വലിയ പീസ് ആട്ടിറച്ചി -രോഗൻ  ജോഷ് , വാരിയെല്ല് ഫ്രൈ - തബകമാഷ്, പിന്നെ മട്ടൻ കൊണ്ടുള്ള ചട്ടിണി.  720 രൂപയാണ് ഇത്രയും ഐറ്റംസ് അടങ്ങിയ ഒരു വസ്വാൻ താലിയുടെ വില. 

         

    ചില ഐറ്റംസ് ഒന്നും എനിക്കു അത്ര പിടിച്ചില്ല അതൊക്കെ മറ്റുള്ളവർക്ക് നൽകി ഞാൻ എന്റെ ഭാഗം കഴിച്ചു എന്ന് വരുത്തി. റഷീദിനും ഒരു ഐറ്റം അത്ര പിടിച്ചില്ല. റിസ്‍ത .. ഭക്ഷണം കഴിച്ചു പുറത്തിറങ്ങി. റൂമിലേക്ക് പോകാൻ നടന്നു പോകാൻ ഉള്ള മൂഡ് എല്ലാര്ക്കും നഷ്ടമായിട്ടുണ്ട്, ഓട്ടോ ആണേൽ കിട്ടാനും ഇല്ല. വഴിയിൽ കണ്ട ഒരാളോട് കാര്യം പറഞ്ഞപ്പോ അയാൾ കൂടെ വരാം ഓട്ടോ കിട്ടുന്ന സ്ഥലം വരെ എന്നു പറഞ്ഞു കൂടെ വന്നു. കേരളക്കാരാണ് ഞങ്ങൾ എന്ന് കേട്ടപ്പോ അയാൾക്ക് വലിയ സന്തോഷം... കേരൾ കാ ആദ്മി ബഹുത് അച്ഛാ ഹൈ എന്ന് പറഞ്ഞു അദ്ദേഹം മുന്നിൽ നടന്നു. ഒരു ജംഗ്ഷൻ എത്തിയപ്പോ ഇവിടെ ഓട്ടോ കിട്ടും എന്ന് പറഞ്ഞു അദ്ദേഹം പോയി. ഫുൾ ഇരുട്ടാണ് എല്ലായിടത്തും. കറന്റ് ഇനിയും വന്നില്ല. കുറച്ചു മുന്നോട്ട് നടക്കുമ്പോ ഒരു ഓട്ടോ കണ്ടു, ഓട്ടോക്കാരൻ ഫാമിലിയുമായി സംസാരിച്ചു നിൽക്കുകയാണ്, അവരെ സമീപിച്ചു കാര്യം പറഞ്ഞു സ്ഥലം കേട്ടപ്പോ അദ്ദേഹം വരാം എന്നേറ്റു. ഒരു ചെറിയ കുട്ടിയെ മുന്നിൽ ഇരുത്തി അയാൾ ഞങ്ങളെ കൊണ്ട് പുറപ്പെട്ടു. അങ്ങേരു അയാളുടെ മകളുടെ വീട്ടിൽ വന്നതാണ് അവരുടെ കുട്ടിയാണ് വണ്ടിയിൽ ഉള്ള ചെറിയ കുട്ടി. അങ്ങനെ വണ്ടികൾ ഒന്നും രാത്രി കിട്ടാത്ത സ്ഥലം ആണ് അത് നിങ്ങളുടെ ഭാഗ്യം ആണ് ഞാൻ അത് വഴി വന്നത് എന്നൊക്കെ പറഞ്ഞു ഞങ്ങൾ റൂമിനു അടുത്തെത്തി. ഓട്ടോക്കാരൻ മടങ്ങി ഞങ്ങൾ റൂമിലേക്കും. നാളെ അതി സുന്ദരമായ പഹൽഗാമിലേക്ക് ഉള്ള യാത്രയെ പറ്റി ഓർത്തു കൊണ്ടും വസ്‌വാനേ പറ്റി പറഞ്ഞു കൊണ്ട് ഞങ്ങൾ ഉറക്കത്തിലേക്ക്...

പാർട്ട് -8 വായിക്കാൻ... (പഹൽഗാം ഡേ 1...)






Comments

Popular posts from this blog

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part- 2 (ഡൽഹിയിൽ )

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part -1 (ഡൽഹിയിലേക്ക് )

Driving licence @Saudi -Part1