ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part 8 (പഹൽഗാം ഡേ 1 )

പാർട്ട് -7 വായിക്കാൻ... (ശ്രീനഗർ കാഴ്ചകൾ...)  


            രാവിലെ എന്നത്തേയും പോലെ നേരത്തെ എണീറ്റ് ഫ്രഷ് ആയി ആദിൽ ഭായിയുടെ ചായയും ബ്രെഡും കഴിച്ചു ഞങ്ങൾ പഹൽഗാം യാത്രക്ക് തയ്യാറായി. ഡ്രൈവർ സമീർ ഭായി 7.30 ക്ക് തന്നെ എത്തിയിട്ടുണ്ട്. രാത്രി തുടങ്ങിയ മഴ അപ്പോഴും ചെറുതായി പെയ്യുന്നുണ്ട്. മഴ യാത്രയുടെ രസം കൊല്ലിയാകുമോ എന്ന് ചെറുതായി എല്ലാർക്കും തോന്നിത്തുടങ്ങി. എന്തായാലും കുറെ ദൂരം ഓടാൻ ഉണ്ട്, അപ്പൊ ചിലപ്പോ അവിടെ മഴ കാണില്ലായിരിക്കും എന്ന ചിന്തയിൽ വണ്ടി വിട്ടു. ജമ്മു - ശ്രീനഗർ റൂട്ടിൽ ആണ് കുറെ ദൂരം യാത്ര ചെയ്യാൻ ഉള്ളത്. പോകുന്ന വഴിയിൽ ഇഷ്ടം പോലെ ആർമി ചെക്ക് പോസ്റ്റുകളും ക്യാമ്പുകളും കാണാം. 


യാത്രക്കിടയിൽ 1965 അല്ലെങ്കിൽ 1971 ഇന്ത്യ പാക് യുദ്ധത്തിൽ ഇന്ത്യ പിടിച്ചെടുത്ത പാകിസ്താന്റെ ഒരു യുദ്ധ ടാങ്ക് ഒരു സ്മാരകമായി നിലനിർത്തിയിരിക്കുന്ന കാണാം.. അതിന്റെ വിശേഷങ്ങൾ എല്ലാം ഡ്രൈവർ വിവരിക്കുന്നുണ്ടായിരുന്നു. പഹല്ഗാമിലെക്കുള്ള യാത്ര പുതിയ റോഡിലൂടെ ആണ് ഇപ്പൊ പോയിക്കൊണ്ടിരിക്കുന്നത്. നല്ല റോഡ്, ഇരു സൈഡിലുമായി നല്ല പ്രകൃതി ഭംഗിയും... റോഡിൽ ഇടവിട്ട് ഇടവിട്ടു റോന്തു ചുറ്റുന്ന പട്ടാളക്കാർ... എന്താണ് ഇത്ര അധികം പട്ടാളക്കാർ റോഡിൽ എന്ന് ഡ്രൈവറോട് ചോദിച്ചപ്പോ അറിഞ്ഞത് ഈ റോഡിൽ ആണ് പുൽവാമ ഏരിയ ഒക്കെ വരുന്നത്.. മുൻപ് പുൽവാമയിലെ വച്ചാണ് ആർമി കോൺവോയി ആക്രമിക്കപ്പെട്ടത് അതിന് ശേഷം ഈ റോഡിൽ ആർമിയുടെ നല്ല കാവൽ ഉണ്ട് എന്നാണ്.


             കുറച്ചു ദൂരം കൂടെ സഞ്ചരിച്ചപ്പോൾ പാംപോർ എന്ന ഒരു ഗ്രാമത്തിലെത്തി. ലോകത്തിൽ കുങ്കുമം അല്ലെങ്കിൽ കേസർ അല്ലെങ്കിൽ സഫറോൺ ഉല്പാദിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു ഗ്രാമം ആണ് ഇത്. കിലോമീറ്ററുകളോളം കുങ്കുമ കടകൾ മാത്രം കാണാം പാംപോറിനും പരിസര പ്രദേശത്തുമായി. കാശ്മീരി സഫറോൺ ആണ് ലോകത്തിൽ നമ്പർ 1 ആയി അറിയപ്പെടുന്നത്. ഡ്രൈവർ സമീർ ഒരു കടയുടെ മുന്നിൽ കാർ കൊണ്ട് നിർത്തി. അവർക്ക് പരിചയമുള്ള കടയായിരിക്കാം.. കടയിൽ കയറി കടക്കാരനോട് വിലയും മറ്റും ചോദിച്ചറിഞ്ഞു തിരിച്ചു വരുമ്പോ നോക്കാം എന്ന് പറഞ്ഞു യാത്ര തുടർന്നു. റോഡിനു ഇരു വശങ്ങളിലും കുങ്കുമ കടകൾ മാത്രമാണ് കാണാൻ ഉള്ളത്. ഇപ്പൊ കൃഷി സീസൺ അല്ലാത്തത് കൊണ്ട് കുങ്കുമ കൃഷി കാണാൻ പറ്റിയില്ല. കുറെ ദൂരം കൂടെ ഓടിയപ്പോ റോഡിനു സൈഡിലായി ഒരു നദി കാണാൻ തുടങ്ങി. പഹൽഗാമിലേക്ക് ഇനി അധിക ദൂരം ഇല്ല എന്നർത്ഥം.പഹല്ഗാമിലെക്ക് അടുക്കുന്ന സമയത്ത് പ്രശസ്ത സിനിമയായ ബജരംഗി ബൈജാനിലെ ഒരു ഖവാലി പട്ടു ചിത്രീകരിച്ച പള്ളി കുറച്ചു ദൂരെ ആയി കണ്ടു.

                അൽപ സമയത്തിനുള്ളിൽ ഞങ്ങൾ പഹൽഗാം താഴവരയിൽ എത്തി ചേർന്നു. ചെറുതായി മഴ ചാറുന്നുണ്ട്. നല്ല തണുപ്പും ഉണ്ട്, ഗൂഗിൾ പറഞ്ഞ പ്രകാരം 5 ഡിഗ്രി വരെ ഒക്കെ ആണ് അപ്പൊ തണുപ്പ്. കാറിൽ നിന്നും ഇറങ്ങിയ ഉടനെ കുതിരക്കാർ ഞങ്ങളെ പൊതിയാൻ തുടങ്ങി. ബൈസാറൺ വാലിയിലേക്ക് പോകാൻ ഉള്ള പാക്കേജ് ടീം ആണ്... 

              ഒന്ന് മൂത്രമൊഴിക്കണം എന്നിട്ട് ആകാം വില പേശൽ... ഫ്രഷ് ആകാൻ ഉള്ള സ്ഥലം നോക്കുമ്പോ ഞങ്ങൾ നിന്ന സ്ഥലത്തു തന്നെ ആകെ ഒരു റിഫ്രഷ് റൂം ഉണ്ട്, അവിടെ ചെന്നപ്പോ  അത് പൂട്ടി കിടക്കുകയാണ്... എന്ത് ചെയ്യും ഇനി എന്ന് ആലോചിക്കുമ്പോ ഒരാൾ വന്നു റൂമിന്റെ ലോക്ക് മുറിക്കാൻ നോക്കുന്നത് കണ്ടു. ആരാണ് ഞങ്ങളെ പോലെ അത്യാവശ്യക്കാരൻ എന്ന് നോക്കുമ്പോ അയാൾ ആ ശൗചാലയത്തിന്റെ നടത്തിപ്പുകാരൻ ആണ്, ചാവി കളഞ്ഞു പോയി അതാണ് ലോക്ക് മുറിക്കാൻ നോക്കുന്നതിന്റെ കാരണം.

                 വലിയ അത്യാവശ്യക്കാർ ഞങ്ങളായത് കൊണ്ട് റഷീദും ഫസലും അയാളെ സഹായിക്കാൻ മുന്നിട്ടിറങ്ങി. അൽപ സമയത്തെ പ്രയത്നം കൊണ്ട് അവർ പൂട്ട് മുറിച്ചു വാതിൽ തുറന്നു. റിഫ്രഷ് ആയി സമാധാനത്തോടെ ഞങ്ങൾ പുറത്തിറങ്ങി. ഇനി കുതിരക്കാരെ നോക്കാം... എല്ലാരും വൻ തുകയൊക്കെ ആണ് പറയുന്നത്. ഒരാൾക്ക് 5000 മുതൽ പറയാൻ തുടങ്ങി. ഞങ്ങൾ 500 മുതൽ അങ്ങോട്ടും... ചിലരൊക്കെ പിൻവാങ്ങി പോയി. ഒരുത്തൻ മാത്രം പിന്നാലെ കൂടി. ഞങ്ങൾ പറഞ്ഞു പറഞ്ഞു  1300 വരെ എത്തി. അവൻ അടുക്കുന്നില്ല എന്നാൽ വേണ്ട എന്ന് പറഞ്ഞു ഞങ്ങൾ അടുത്ത കുതിരക്കാരുടെ ഭാഗത്തേക്ക് നടക്കാൻ തുടങ്ങി. അപ്പൊ ഒരു പ്രായമുള്ള മനുഷ്യൻ ഞങ്ങളെ സമീപിച്ചു 1500 രൂപ കൊടുത്താൽ കൊണ്ട് പോകാം എന്ന് പറഞ്ഞു. കുറെ നേരത്തെ പേശലിനൊടുവിൽ 1400 രൂപക്ക് സമ്മതിച്ചു. കുറെ കൂടെ വിലപേശിയിരുന്നെങ്കിൽ 1000 രൂപക്ക് കിട്ടുമായിരുന്നു. പക്ഷെ മഴയും കാറ്റും നല്ല തണുപ്പും അധിക സമയം അവിടെ നില്ക്കാൻ സാധിക്കുമായിരുന്നില്ല. 

               വില ഉറപ്പിച്ചു ഓരോരുത്തരുടെയും ബൂട്ടിന്റെ സൈസും എടുത്തു അയാൾ പോയി കുറച്ചു ഷൂവും മഴക്കോട്ടും കൊണ്ട് തിരികെ വന്നു. ഓരോരുത്തർക്കും പറ്റുന്ന അളവ് എടുക്കാൻ പറഞ്ഞു. എല്ലാരും ബൂട്ട് ധരിച്ചു, കോട്ട് കയ്യിൽ കരുതി അങ്ങേരുടെ പിറകെ നടന്നു. കുതിരകളെ കെട്ടിയ കൂട്ടത്തിൽ വച്ച് ഓരോരുത്തരെ ഓരോ കുതിരപ്പുറത്തായി കയറാൻ അവർ സഹായിച്ചു. എനിക്ക് ഒരു വെളുത്ത കുതിരയും റഷീദിന് ഒരു കറുത്ത കുതിരയും ബാക്കി സാദാ കാണുന്ന ബ്രൗൺ കുതിരകളും യാത്രക്ക് റെഡി ആയി. വയസ്സനും വേറെ ഒരാളും കൂടെ കുതിരകളെ നിയന്ത്രിച്ചു റോഡിലേക്ക് ഇറങ്ങി ആദ്യം ഇത്തിരി ദൂരം റോഡിലൂടെ നടന്നപ്പോ പേടി ഒന്നും തോന്നിയില്ല, അപ്പൊ തന്നെ കുതിരകൾ ചെറു കല്ലുകൾ നിറഞ്ഞ വഴിയിലേക്ക് തിരിഞ്ഞു. അതോടെ ചെറിയ പേടി തോന്നി, എന്തിനാ നല്ല റോഡ്‌ ഒഴിവാക്കി ഇതിലെ പോന്നത് എന്നൊക്ക തോന്നി. ഇനി വരാൻ പോകുന്ന ദുർഘട പാത നമുക്കറിയില്ലല്ലോ, ഇപ്പൊ കയറിയത് ഒക്കെ ഇനി വരാൻ പോകുന്ന പാതകളെ അപേക്ഷിച്ചു പട്ടു വിരിച്ച പാതകൾ ആണ് ഈ കഴിഞ്ഞു പോകുന്നത് എന്ന് അപ്പൊ ഞങ്ങൾക്ക് അറിയില്ലല്ലോ...  


            വീണ്ടും കുതിരകൾ റോഡിലേക്ക് പ്രവേശിച്ചു ഒരു ചെറിയ കയറ്റം ആണ്... ഇനി ഫുൾ റോഡായിരിക്കും എന്ന് മനക്കോട്ട കെട്ടിയ എന്റെ ചിന്തകളിൽ ഇടിത്തീ പോലെ കുതിരകൾ ഒരു സൈഡിലേക്ക് തിരിഞ്ഞു. ഫുൾ ഉരുളൻ കല്ലുകളും കുഴികളും ചെളിയും നിറഞ്ഞ ഒരു വഴി അതും നല്ല കയറ്റം... ഈ യാത്ര വേണ്ടിയിരുന്നില്ല  എന്ന് തോന്നിപ്പോയി.. കുതിരപ്പുറത്ത് യാത്ര ചെയ്തു നമുക്ക് പരിചയം ഇല്ലല്ലോ... കുതിരക്കാരൻ യൂനിസ് ഭായി ട്രിക്ക് പറഞ്ഞു തന്നു. കയറ്റം കയറുമ്പോ മുൻപോട്ട് ആഞ്ഞു ഇരിക്കുക, ഇറക്കം ഇറങ്ങുമ്പോ പിന്നോട്ട് ആഞ്ഞു ഇരിക്കുക... കുതിരയെ മൈൻഡ് ചെയ്യണ്ട കാഴ്ചകൾ കണ്ടു ഇരുന്നാൽ  മതി. കുതിര അതിന്റെ വഴിയേ പൊയ്ക്കോളും എന്ന് ഒക്കെ... എന്തൊക്കെ പറഞ്ഞാലും നമ്മുടെ പേടി പെട്ടെന്ന് പോകില്ലല്ലോ... നല്ല ഭംഗിയുള്ള കാഴ്ചകൾ ചുറ്റും ഉണ്ടെങ്കിലും പേടി കാരണം വേണ്ടത്ര നോക്കാൻ പറ്റുന്നില്ല... ഇടയ്ക്കു കുതിര പോകുന്നത് താഴെ കൂടെ കുത്തി ഒലിക്കുന്ന പുഴയുടെ കരയിലൂടെ ആണ്. താഴേക്ക് നോക്കിയാൽ തലകറങ്ങി അപ്പൊ വീഴും അങ്ങനെ ആണ് ആഴം.. കുതിരയുടെ കാലൊന്നു പാളിയാൽ ഓർക്കാൻ പോലും കഴിയില്ല...
                 കുറെ ദൂരം യാത്ര ചെയ്തപ്പോ പേടി കുറേ ഒക്കെ  മാറി. റഷീദിന്റെ കുതിര മാത്രം ഒരു പ്രശ്നക്കാരൻ ആയിരുന്നു. അത് കൊണ്ട് യൂനിസ് ഭായി ആ കുതിരയുടെ അടുത്ത് ആയിരുന്നു എപ്പോഴും. കുറച്ചു സഞ്ചരിച്ചു ആദ്യ ലൊക്കേഷനിൽ എത്തി. രാജാക്കന്മാർ വേട്ടയാടൽ തുടങ്ങുന്ന പോയിന്റ് ആണത്രേ... അവിടെ എത്തിയപ്പോ കുതിര താനെ നിന്നു. അവിടെ നിന്ന് ഫോട്ടോ എടുത്തു വീണ്ടും കയറ്റം കയറാൻ തുടങ്ങി.. പിന്നീട് കശ്മീർ വാലി എന്ന വ്യൂ പോയിന്റിൽ വന്നു കുതിര നിന്നു. അവിടെ നിന്നും പിന്നീട് കുറച്ചൂടെ ചെങ്കുത്തായ മലയിലേക്ക് സാഹസസികമായി കുതിരകൾ ഞങ്ങളെയും ചുമന്ന് കയറിക്കൊണ്ടിരുന്നു. അവസാന പോയിന്റിലേക്ക് എത്താൻ ആയപ്പോഴേക്കും ആദ്യം കയറിയവർ ഇറങ്ങാൻ തുടങ്ങുന്നു.. കയറാൻ വേറെ വഴിയും ഇറങ്ങാൻ വേറെ വഴിയും ആണ് കുതിരകൾക്ക് എല്ലാം അറിയാം... 
                    അങ്ങനെ അവസാനം ഞങ്ങൾ അവസാന ലൊക്കേഷനിൽ എത്തി. ബൈസാരൻ വാലി.. കുതിരപുറത്തു നിന്നും ഇറങ്ങി. മഴ ഉള്ളത് കൊണ്ട് 15 മിനിറ്റ് സമയമാണ് അവിടെ അനുവദിച്ചത് പെട്ടെന്ന് ഇറങ്ങിയില്ലെങ്കിൽ മഴ കൂടിയാൽ പണി ആണ്.  മഴ വെള്ളം ഒലിച്ചു പോകുന്ന ഒരു ചെറിയ അരുവി ഒക്കെ മുറിച്ചു കടന്നാണ് മുകളിലേക്ക് വന്നത് അവിടെ ഒക്കെ വെള്ളം കൂടിയാൽ കുതിരക്ക് പ്രശനം ആണ്,, മഴക്കോട്ടും എടുത്തു ഞങ്ങൾ ബൈസാരന് വാലിയിലേക്ക് നടന്നു. അകെ ചെളി കുളമാണ് വഴി. കുതിരകൾ പാർക്ക് ചെയ്ത പോലെ വരി വരി ആയി  നിൽക്കുന്നു. അവറ്റകളുടെ ഇടയിലൂടെ തിരികെ വരുന്ന ടുറിസ്റ്റുകളുടെ ഇടയിലൂടെ  ടിക്കറ്റ് എടുത്തു ഞങ്ങൾ  അകത്തു കയറി. 


              ബൈസാരൻ വാലി എന്ന പ്രദേശം അതി മനോഹരമാണ്. മൂന്ന് വശവും പൈൻ മരങ്ങളാൽ അതിരിട്ടു കിടക്കുന്ന അതി മനോഹരമായ പുൽമേട്. ഞങ്ങൾ അകത്തു കയറിയ ഉടനെ മഞ്ഞു മൂടാൻ തുടങ്ങി ചെറുതായി മഴ ചാറാനും. അതോടെ ദൂരേക്കുള്ള കാഴ്ചകൾ മങ്ങി. ഞങ്ങൾ മഴയ്ക്ക് മുന്നേ ആയി പെട്ടെന്ന് കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു. മഴ കുറച്ചു കൂടുതലായി മഞ്ഞു കണങ്ങൾ വീഴാൻ തുടങ്ങി. സന്തോഷത്താൽ ഞങ്ങൾ തുള്ളി ചാടി. എല്ലാരും മഴ കോട്ടിലേക്ക് കയറി പിന്നെ അധികം അവിടെ നിന്നില്ല പെട്ടെന്ന് താഴേക്ക് ഇറങ്ങാൻ ഒരുങ്ങി. കുതിരക്ക് അടുത്തേക്ക് നീങ്ങി.

              തിരികെ കുതിരപ്പുറത്ത് കയറി താഴേക്ക് മടങ്ങാൻ തുടങ്ങി. കുതിരപ്പുറത്ത് കയറുന്നെന് മുന്നേ റഷീദ് കുതിരയെ എക്സ്ചേഞ്ച് ചെയ്യാൻ ഫസലുമായി ശ്രമിച്ചു നോക്കി. ഫസൽ വഴങ്ങിയില്ല. ചൂടൻ കുതിരയെ കൊണ്ട് ഇറക്കം ഇറങ്ങുന്ന കാര്യം ഓർത്തു കൊണ്ടാണ് രണ്ടാളും ഇങ്ങനെ ചെയ്തത്. തിരികെ ഇറങ്ങുമ്പോ കയറുന്ന സമയത്തേക്കാൾ പേടിയായിരുന്നു. കുതിര കുത്തനെ ഇറക്കം ഇറങ്ങുമ്പോ നമ്മൾ ബാക്കിലേക്ക് ചാഞ്ഞു ഇരിക്കണം എങ്കിലേ കുതിരക്ക് ബാലൻസ് കിട്ടു... മഴ പെയ്തു അകെ ചെളി കുളമാണ് കുതിരയുടെ കാലൊക്കെ പകുതി ചെളിയിൽ ആണ് ഇടയ്ക്കിടെ സ്ലിപ് ആകുന്നത് കാണാം... കുറെ പ്രാർത്ഥിച്ചിട്ടും ധൈര്യം സംഭരിച്ചു പതിയെ പതിയെ കുതിര താഴേക്ക് ഇറങ്ങി കൊണ്ടിരുന്നു.

                   അവസാനം താഴെ റോഡിൽ എത്തിയപ്പോ കുതിര എല്ലാം ഒരു സ്ഥലത്തു വന്നു ആരും പറയാതെ തന്നെ നിന്നു. കുതിരക്കാരനു എന്തേലും കിട്ടാൻ വേണ്ടി അങ്ങേരു പ്രാരാബ്ദം പറയാൻ വേണ്ടി ആണ് ആ സ്റ്റോപ്പ്. ഞങ്ങൾ ഒരു സംഖ്യാ കൊടുത്ത ഉടനെ കുതിര നടക്കാൻ തുടങ്ങി. അവിടെ നിന്നും താഴെ കുതിര പുറത്തു കയറിയ സ്പോട്ടിലെത്തി കുതിരയിൽ നിന്നും ഇറങ്ങി ബൂട്ടും കോട്ടും ഒക്കെ തിരികെ കൊടുത്തു ക്യാഷ് കൊടുത്തു കാറിലേക്ക് നടന്നു. ഭയങ്കര എക്സ്പീരിയൻസ് തന്നെ ആയിരുന്നു ആ യാത്ര.


           ഉച്ചക്കുള്ള ഭക്ഷണ ശേഷം അന്ന് രാത്രി താങ്ങാൻ ഉള്ള റൂമിലേക്ക് പുറപ്പെട്ടു. ഞങ്ങൾ കയറിയ മല നേരെ കാണാൻ കഴിയുന്ന ഒരു അടിപൊളി റൂം ആണ് മാജിദ് ഭായി ഞങ്ങൾക്ക് ആയി ബുക്ക് ചെയ്തിരിക്കുന്നത്. എല്ലാര്ക്കും നല്ല ഇഷ്ടമായി റൂമും ലൊക്കേഷനും അവിടെ നിന്നും മഞ്ഞു മലയിലേക്ക് ഉള്ള വ്യുവും.


  തണുപ്പ് അതി കഠിനമായിരുന്നു അപ്പോഴേക്കും. വന്ന ഉടനെ ഒരു ചായ ഓർഡർ ചെയ്തു കയ്യിൽ ഉള്ള സ്നാക്ക്സ് കൂട്ടി മഞ്ഞു മലയും നോക്കി ചായ കുടിച്ചു. ഫ്രഷ് ആയി നിസ്കാരം കഴിഞ്ഞു കുറച്ചു നേരം കട്ടിലിലേക്ക്. രണ്ടു കമ്പിളി ഉണ്ട് പുതക്കാൻ, ഒന്ന് വിരിച്ചിട്ടും ഉണ്ട് അത് കൊണ്ടൊന്നും തണുപ്പ് സഹിക്കുന്നുണ്ടായിരുന്നില്ല. കയ്യിൽ ഉള്ള ഒരു ബെഡ് ഷീറ്റ് കൂടെ പുതച്ചു ഒരു വിധം അഡ്ജസ്റ്റ് ചെയ്തു രാത്രി ഫുഡും അവിടെ ഓർഡർ ചെയ്തു കഴിച്ചു. പുറത്തേക്ക് ഇറങ്ങുന്നത് ചിന്തിക്കാനേ പറ്റില്ലായിരുന്നു. രാത്രി 1 ഡിഗ്രി വരെ ഒക്കെ ആയിരുന്നു തണുപ്പ്.

              പുറത്തു മഞ്ഞു മഴയും അല്ലാത്ത മഴയും തകർത്തു പെയ്യുന്നുണ്ടായിരുന്നു. കാലാവസ്ഥയെ കുറിച്ചും മഴ കാരണം ഉള്ള മുൻകരുതലുകളെ കുറിച്ചും മൊബൈലിൽ മെസ്സേജ് ലഭിക്കുന്നുണ്ടായിരുന്നു. അതൊക്കെ കണ്ടപ്പോ നാളത്തെ സിന്തൻ ടോപ് യാത്ര എന്താകും എന്ന് സംശയയമായി. എന്തായാലും നാളെ രാവിലെ നോക്കാം എന്ന് ചിന്തിച്ചു തണുപ്പിൽ അലിഞ്ഞു ഉറങ്ങാൻ കിടന്നു.

പാർട്ട് -9 വായിക്കാൻ... (പഹൽഗാം ഡേ 2...) 



Comments

Popular posts from this blog

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part 6 (ദൂത് പത്രി )

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part -1 (ഡൽഹിയിലേക്ക് )

Driving licence @Saudi -Part1