Driving licence @Saudi -Part1

               സൗദിയിൽ ജോലിക്ക് ചേർന്ന ഉടനെ തന്നെ സൗദി ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ഉള്ള സമ്മർദ്ദം ബ്രാഞ്ച്  മാനേജർ തുടങ്ങിയിരുന്നു. ഇവിടെ ഉള്ള റോഡും റോഡിലൂടെ  ഇവിടെ ഓരോരുത്തരുടെ ഡ്രൈവിങ്ങും പോരാത്തതിനു ഈ നാട്ടിലെ നിയമവും ചെറുതായി എന്നെ പിറകോട്ട് പിടിച്ചു വലിച്ചു കൊണ്ടിരുന്നു. പേടി ആയിരുന്നു കാരണം.
നാട്ടിലെ പോലെ അല്ലല്ലോ ഇവിടെ ഡ്രൈവിംഗ് സ്റ്റൈല്‍,  ഒന്നാമത് ലെഫ്ട് ഹാൻഡ് ഡ്രൈവിംഗ് (നമുക്ക് പരിചയം റൈറ്റ് ഹാൻഡ് ആണല്ലോ). ഒന്നിൽ കൂടുതൽ ട്രാക്കുകൾ, എക്സിറ്റ്, റൌണ്ട് അബൗട്ടുകൾ.... വണ്ടികളുടെ സ്പീഡ് ഒക്കെ നമ്മൾ നാട്ടിൽ ആലോചിക്കുന്നതിനും ഒക്കെ മുകളിലാണ്. അങ്ങനെ പല പല പേടികള്‍ .... എന്തായാലും ലൈസൻസ് എടുത്തേ പറ്റൂ, ക്ലയന്റ് സൈഡിൽ പോകണമെങ്കിൽ വണ്ടി ഓടിച്ചു പോയേ പറ്റു, എനിക്ക് ലൈസൻസ് കിട്ടിയിട്ട് വേണം കൂടെ ഉള്ള ആൾക്ക് നാട്ടിൽ ലീവിന് പോകാൻ. അപ്പൊ പിന്നെ ലൈസെന്‍സ്എടുക്കുക തന്നെ പേടിച്ചിരുന്നിട്ടു കാര്യമില്ലല്ലോ.
എന്തായാലും വരുന്നിടത്ത് വച്ച് വരട്ടെ അപ്പോ നോക്കാം എന്ന ചിന്തയില്‍ ലൈസെന്‍സ് എടുക്കാന്‍ തന്നെ തീരുമാനിച്ചു. അതിനായി എനിക്ക് മുൻപ് ലൈസൻസ് എടുത്ത ഓഫീസിലെ സഹപ്രവർത്തകൻ സഹായിക്കാം എന്നേറ്റു, അവന്റെ ഉപദേശ പ്രകാരം കോബാർ ഡ്രൈവിംഗ് സ്കൂളിൽ പോകാനും  തീരുമാനിച്ചു.


              ഡ്രൈവിംഗ്  സ്കൂളിൽ ലൈസെന്സിനുള്ള അപേക്ഷ കൊടുക്കുന്നതിനു മുന്നേ കുറച്ചു കാര്യങ്ങൾ റെഡി ആക്കാനുണ്ട്. അതിലേക്കായി  നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് തർജമ ചെയ്തു അറബിയിലാക്കി, അംഗീകൃത ആശുപത്രിയിൽ പോയി കണ്ണ്, രക്തം ഇവയൊക്കെ പരിശോധിച്ചു അതിന്റെ റിപോർട്സും ( ഓൺലൈൻ വഴി ഒരു കോപ്പി മോട്ടോർ വെഹിക്കിൾ ഡിപാർട്മെന്റിൽ എത്തും). മറ്റു പേപ്പറുകളും, അപേക്ഷാ ഫോമും എല്ലാമായി രാവിലെ തന്നെ സ്കൂളിൽ എത്തി. ഇവിടെ നാട്ടിലെ പോലെ അല്ല ഡ്രൈവിംഗ് സ്കൂളുകൾ കേന്ദ്രികരിച്ചു തന്നെ ആണ് ലൈസൻസ് നൽകുന്ന അതോറിറ്റിയും നില കൊള്ളുന്നത്. നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് ഇവിടെ നേരിട്ട് ഒരു ടെസ്റ്റ് നടത്തും അത് പാസായാൽ ഫൈനൽ ടെസ്റ്റിനുള്ള തീയതി കിട്ടും. ഇല്ലെങ്കിൽ സ്കൂളിൽ ചേർന്ന് പഠിച്ചു ലൈസൻസ് എടുക്കേണ്ടി വരും അതാണ് ഇവിടുത്തെ നിയമം.

             
ദൈവത്തിനെ മനസ്സിൽ ധ്യാനിച്ച് കൊണ്ട് പ്രാർത്ഥനയുമായി ഓഫീസിൽ എത്തി, ആദ്യ കൗണ്ടറിൽ തന്നെ എല്ലാം കൊടുത്തു, എല്ലാം നോക്കി അവർ അതിൽ എല്ലാം സീൽ വച്ച് ക്യാഷ് കൗണ്ടറിൽ ചെന്ന് ക്യാഷ് അടച്ചോളാൻ പറഞ്ഞു,ദൈവത്തിനു സ്തുതി, അത്രയും കടമ്പ കഴിഞ്ഞല്ലോ, (ഇവിടുത്തെ താമസ പെര്മിറ്റ് ഇഷ്യൂ ചെയ്ത സ്ഥലത്തിന്റെ പേരിൽ പലരോടും അതാതു സ്ഥലത്തു പോയി ലൈസൻസിന് അപ്ലൈ ചെയ്യാൻ പറഞ്ഞ കേസ് ഒക്കെ ഞാൻ കേട്ടിരുന്നു. അങ്ങനെ വല്ലതും ഉണ്ടായാല്‍ എനിക്ക്എ റിയാദിലേക്ക് പോകേണ്ടി വരുമായിരുന്നു. എന്തായാലും അത് ഉണ്ടായില്ലല്ലോ അത്രയും ആശ്വാസം.)  ക്യാഷ് അടക്കാൻ കൗണ്ടറിൽ ചെന്നു. അവിടെ ഒരു ഇന്ത്യകാരൻ ആണ് സീറ്റിൽ. 100 റിയൽ ഫീസ് ആയി അടക്കാൻ പറഞ്ഞു അത് അടച്ചപ്പോൾ ഒരു ചെറിയ പേപ്പർ കഷ്ണത്തിൽ എന്തോ എഴുതി തന്നു. അതുമായി സ്കൂളിന് അകത്തേക്ക് പോകാൻ പറഞ്ഞു.

            വായിച്ചിട്ട് ഒന്നും മനസ്സിലാകാത്ത ആ പേപ്പറുമായി ഞാന്‍ ഓഫീസിന്റെ ഉള്ളിലേക്ക് കടന്നു. അതൊരു ഇടവഴി ആയിരുന്നു അത് എന്നെ എത്തിച്ചത് ഒരു പോലീസുകാരന്റെ മുന്നിൽ. ആവശ്യം അറിയിച്ചു (അപ്പോൾ ദക്ഷിണ വെക്കാനൊന്നും പറഞ്ഞില്ല..😁) പേപ്പർ കൊടുത്തപ്പോ തിരിച്ചും മറിച്ചും നോക്കി അവൻ ഒരേ ഒരു ചോദ്യം ചോദിച്ചു.
ഹാദാ ഓട്ടോമാറ്റിക് വാ മാന്വൽ എന്ന്?
ഏതു തരം കാർ ആണ് ടെസ്റ്റ് നടത്താൻ വേണ്ടത് എന്നാണ് ചോദിച്ചത്. മാന്വൽ കാറുകൾക്കുണ്ടാകുന്ന ഓഫ് ആകുന്ന പ്രശനം മനസ്സിൽ ഓർത്തു ഞാൻ ഓട്ടോമാറ്റിക് എന്ന് പറഞ്ഞു തീർന്നതും യാ അല്ലാഹ്.... എന്നും പറഞ്ഞു കൊണ്ട് അവൻ ഒരു കാറിലേക്ക് ചാടി കയറിയതും ഒരുമിച്ചായിരുന്നു. എന്നോട് ഡ്രൈവിംഗ് സീറ്റിൽ കയറാൻ അവൻ ആവശ്യപ്പെട്ടു. ഡോര്‍ തുറന്നു ബിസ്മി ചൊല്ലി ഞാനും സീറ്റിൽ കയറി ഇരുന്നു. 
                           
             
ഡ്രൈവിംഗ് ടെസ്റ്റിന് പോകുന്നതിനു മുൻപ് തന്നെ ഇൻറർനെറ്റിൽ നിന്നും ടെസ്റ്റിന്റെ രീതിയും പാലിക്കേണ്ട മര്യാദകളും നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങളും റെഫർ ചെയ്തു വായിച്ചിരുന്നു. (അത് ആപ്പായി മാറി എന്ന് മാത്രം.. അത് താഴെ പറയാം) അത് ഓർമയിൽ വച്ച് കൊണ്ട് കാറിൽ കയറിയ ഉടനെ വണ്ടി സ്റ്റാർട്ട് ആക്കാതെ സീറ്റ് അഡ്ജസ്റ്റ് ചെയ്യുക, സൈഡ് കണ്ണാടികൾ റെഡി ആണോ എന്ന് ചെക്ക് ചെയ്യുക, പിറക് വശം നോക്കുന്ന കണ്ണാടി അഡ്ജസ്റ്റ് ചെയ്യുക പിന്നെ ഏറ്റവും നിര്ബന്ധമായ സീറ്റ് ബെൽറ്റ് ധരിക്കുക എന്നിത്യാദി കാര്യങ്ങൾ ഒക്കെ ഞാൻ മുറ പോലെ ചെയ്തു, പോലീസുകാരൻ വണ്ടി ഓടിക്കാൻ ആവശ്യപ്പെട്ടു, ഞാൻ അങ്ങേരെ നോക്കുമ്പോ അങ്ങേരു സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ല, ഇന്റര്‍നെറ്റിൽ നിന്നും വായിച്ചതു ഞാൻ ഓർത്തു, കൂടെ ഉള്ള യാത്രക്കാരന്‍ സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ലേൽ അത് അയാളെ ഓര്മിപ്പിക്കേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്തം ആണ് എന്ന്. (യാത്രക്കാരന്‍ പോലീസുകാരന്‍ ആണെങ്കില്‍ വേണോ വേണ്ടയോ എന്ന് ആ ലേഖനത്തില്‍ പറഞ്ഞിരുന്നില്ല 😁.) അത് കൊണ്ട് ഞാൻ പോലീസുകാരനോട് സീറ്റ് ബെൽറ്റ് ധരിക്കാൻ ആവശ്യപ്പെട്ടു. അത് പുള്ളിക്ക് അത്ര ഇഷ്ട്ടപെട്ടില്ല എന്ന് തോന്നുന്നു. അത് ഒന്നും കുഴപ്പമില്ല താൻ വണ്ടി ഓടിച്ചു കാണിക്കടോ എന്ന മട്ടിൽ പുള്ളി ആംഗ്യം കാണിച്ചു. 

               ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു, അവൻ മുന്നോട്ടു പോകാനും ഇടത്തോട്ടും വലത്തോട്ടും ഒക്കെ തിരിയാനും പറഞ്ഞത് ഞാൻ അത് പോലെ ചെയ്തു, ഒരു പാർക്കിംഗ് സ്പോട്ടിൽ കയറ്റാൻ പറഞ്ഞു അതും ചെയ്തു. പിന്നെ അവൻ പറഞ്ഞത് എന്താണ് എന്ന് എനിക്ക് മനസ്സിലായില്ല സ്ട്രൈറ്റ് എന്നാണ് അവൻ ഉദ്ദേശിച്ചത് പക്ഷെ ഞാൻ കേട്ടത് റൈസ് എന്നും, അപ്പൊ അവിടെ ഒരു ചെറിയ കണ്‍ഫ്യൂഷന്‍ വന്നു. പിന്നീട് അത് മനസിലാക്കി ഞാന്‍ വണ്ടി മുന്നോട്ട് എടുത്തു അത് കഴിഞ്ഞു അവൻ റിവേഴ്‌സ് എടുക്കാൻ പറഞ്ഞു, അങ്ങനെ ആദ്യം വണ്ടി കിടന്ന സ്ഥലത്തു എത്തിയപ്പോ നിർത്തിക്കോളാൻ പറഞ്ഞു അവൻ ചാടി ഇറങ്ങി റൂമിനു അകത്തേക്ക് കയറിപ്പോയി. വണ്ടി നിർത്തി അവന്റെ പിറകെ ചെന്ന ഞാൻ പാസ് ആയി എന്ന ഭാവത്തിൽ ഇനി ഫൈനൽ ടെസ്റ്റിന്റെ തീയതി ഇപ്പൊ കിട്ടും എന്നു കരുതി ഇരിക്കുമ്പോ അവൻ ഒരു ചെറിയ പേപ്പറിൽ എന്തോ അറബിയിൽ എഴുതി എനിക്ക് തന്നിട്ടു കൗണ്ടറിൽ കൊടുക്കാൻ പറഞ്ഞു. അപ്പോഴും ഇത് പാസ് ആയ പേപ്പർ ആയിരിക്കും അവിടുന്ന് തീയതി തരും എന്നും കരുതി ഞാൻ വീണ്ടും ആദ്യം കാഷ് അടക്കാന്‍ പോയിരുന്ന കൗണ്ടറിൽ എത്തി.

               പേപ്പർ അകത്തേക്ക് നീട്ടി, അത് വാങ്ങി കുറച്ചു കഴിഞ്ഞു അകത്തു നിന്നും ഒരു ശബ്ദം പുറത്തു വന്നു. 335 റിയാൽ കൂടി അടക്കാൻ. എന്തിനാ ഇത്രയും ക്യാഷ് എന്ന് ചോദിച്ച എനിക്ക് ഒരു വെള്ളിടി നൽകി അകത്തു നിന്നും വീണ്ടും ശബ്ദം പുറത്തു വന്നു. നിന്റെ ഡ്രൈവിംഗ് ശരിയല്ല എന്നാണ് പോലീസുകാരൻ ഇതില്‍ എഴുതിയിരിക്കുന്നത് അത് കൊണ്ട് നീ ഇനി ഡ്രൈവിംഗ് സ്കൂളിൽ ചേർന്ന് പഠിക്കണം എന്നാലെ ഫൈനൽ ടെസ്റ്റ് അറ്റൻഡ് ചെയ്യാൻ പറ്റു അതിനുള്ള ചാർജ് ആണ് ഇത്. കുറച്ചു സമയം തരിച്ചു നിന്ന് പോയി ഞാൻ. (സീറ്റ് ബെല്‍റ്റ്‌ ഇടാന്‍ പറഞ്ഞതിന് പോലീസുകാരന്‍ തന്ന പണി ആണോ എന്തോ) ഇനി ഇപ്പൊ എന്ത് ചെയ്യണം എന്നാലോചിച്ചു കുറച്ചു സമയം ഞാന്‍ നിന്നു. (ദുബായിൽ ഒക്കെ ക്യാഷ് ഉണ്ടാക്കാൻ ഇത് പോലെ ആളുകളെ പല വട്ടം തോല്പിച്ചും വീണ്ടും ആപേക്ഷിക്കാൻ ക്യാഷ് വാങ്ങിച്ചും ഒരു പാട് കഷ്ടപെടുത്താറുണ്ട് പക്ഷെ ഇവിടെ അങ്ങനെ ഉണ്ടാകും എന്ന് കേട്ടിട്ടില്ല. പക്ഷെ ഇപ്പൊ എനിക്ക് അത് അനുഭവിക്കേണ്ടി വന്നിരിക്കുന്നു.) അപ്പോഴേക്കും കൗണ്ടറിൽ നിന്നും വീണ്ടും ശബ്ദം ഉയർന്നു, എന്ത് വേണം അടക്കുന്നെങ്കിൽ വേഗം അടക്കു അല്ലെങ്കില്‍ മാറി നില്‍ക്കു എന്ന്. എന്തായാലും കുറെ ക്യാഷ് ചിലവാക്കി ഇനി ഇതും കൂടി അങ്ങ് പോകട്ടെ എന്നും കരുതി പറഞ്ഞ ക്യാഷ് അടച്ചു ക്ലാസിലേക്കു പോകാൻ ഉള്ള പേപ്പറും തിയറി പഠിക്കാന്‍ ഉള്ള സ്റ്റഡി മെറ്റീരിയലും വാങ്ങി തിരിച്ചു പോന്നു. ഇനി 7 ദിവസം തിയറി ക്ലാസ് അറ്റൻഡ് ചെയ്യണം പ്രാക്ടിക്കൽ വേറെയും എന്നാലേ ഫൈനൽ തീയതി കിട്ടൂ.

               പിറ്റേ ദിവസം ആദ്യത്തെ ക്ലാസിനു പോകാൻ സമയം കിട്ടിയത് വൈകിട്ട് ആണ്. 3 മണിയോടെ സ്കൂളിൽ എത്തി ക്ലാസ് നടക്കുന്ന ഹാളിലേക്ക് നടന്നു കുറെ ആളുകൾ പുറത്തു വരി ആയി കാത്തു നിൽക്കുന്നു. അവരിൽ ഒരാളായി അവിടെ നിന്നു. 4 മണിയായപ്പോൾ യൂണിഫോം ഇട്ട ഒരാൾ വന്നു വാതിൽ തുറന്നു ഓരോരുത്തരെ ആയി അവരുടെ പേപ്പർ നോക്കി അകത്തേക്ക് കയറ്റിക്കൊണ്ടിരുന്നു. അവിടെ എന്താണ് ക്ലാസ്, എങ്ങനെ ആണ് ക്ലാസ് എന്ന് ഒരു ഐഡിയയും ഇല്ലല്ലോ എനിക്ക്. ഞാൻ അക്ഷമനായി കാത്തിരുന്നു. പിജി കഴിഞ്ഞേ പിന്നെ കുറെ കാലത്തിനു ശേഷം ഇപ്പോഴാണല്ലോ ഒരു ക്ലാസ്സിൽ ഇരിക്കുന്നത്. അതിന്‍റെ ഒരു ത്രില്‍ കൂടി ഉണ്ടായിരുന്നു എനിക്ക്.

               ഏകദേശം പുറത്തു നിന്ന ആളുകളൊക്കെ തീർന്നപ്പോൾ അയാൾ വാതിൽ അടച്ചു അകത്തു വന്നു കമ്പ്യൂട്ടറും പ്രോജെക്ടറും ഓൺ ആക്കി, ശേഷം കമ്പ്യൂട്ടറിൽ എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു. അവസാനം ഒരു വീഡിയോ പ്ലേയ് ചെയ്യാൻ തുടങ്ങി. എങ്ങനെ ആണ് ഫൈനൽ ടെസ്റ്റിന് വണ്ടി ഓടിക്കേണ്ടത് എന്നും പാർക്കിംഗ് ടെസ്റ്റ് എങ്ങനെ ആണ് ചെയ്യേണ്ടത് എന്നും ഒക്കെ ആയിരുന്നു ആ വീഡിയോയിൽ. ആദ്യ ടെസ്റ്റിന് പോകുന്നെനു മുന്നേ തന്നെ അതെ വീഡിയോ ഞാൻ യുട്യൂബിൽ നിന്നും കണ്ടിരുന്നു . അത് കൊണ്ടു എനിക്കതു ഒരു പുതുമയും നൽകിയില്ല. എല്ലാരേയും പോലെ ഞാനും ചുമ്മാ അതും നോക്കി ഇരുന്നു.....

Driving License @Saudi Part-2 വിൽ തുടർന്ന് വായിക്കുക

Comments

Popular posts from this blog

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part 6 (ദൂത് പത്രി )

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part -1 (ഡൽഹിയിലേക്ക് )