ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part 10 (തിരികെ നാട്ടിലേക്ക് Srinagar- Delhi )

പാർട്ട് -9 വായിക്കാൻ... (പഹൽഗാം ഡേ 2...)              


 എന്നത്തേയും പോലെ രാവിലെ നേരത്തെ ഉണർന്നു. രാവിലെ 9.30 മണിക്കാണ് ഡ്രൈവർ എത്തുക. കുറച്ചു നേരത്തെ പറഞ്ഞതാണ്, എയർപോർട്ടിലേക്ക് ഉള്ള യാത്രയല്ലേ വഴിയിൽ ബ്ലോക്ക ഒക്കെ വന്നാൽ പണി കിട്ടണ്ട എന്ന് കരുതി ആണ് നേരത്തെ പറഞ്ഞത്. പിന്നെ മക്കൾക്ക്  കുറച്ചു സാധനങ്ങൾ കിട്ടുമോ എന്ന് ഒന്നുടെ നോക്കണം എന്നും പ്ലാൻ ഉണ്ട്, തലേന്ന് ഒന്നും കിട്ടിയില്ലല്ലോ... തലേന്ന് രാത്രി വീട്ടിൽ വിളിച്ചപ്പോ മക്കൾക്ക് എന്തേലും നിർബന്ധമായും കൊണ്ട് വരണം എന്ന് വൈഫ് അന്ത്യശാസനം നലകിയതുമാണ്. ഡൽഹിയിൽ ഇറങ്ങി പോകുകയാണേൽ സീൻ ഇല്ലായിരുന്നു എന്തും അവിടെ കിട്ടും. ഇത് ഇപ്പൊ നമ്മുടെ ഫ്ലൈറ്റ് മാറി കയറൽ മാത്രമേ ഒള്ളു എയർപോർട്ടിന് പുറത്തേക്ക് പോകുകയില്ല. ആദിൽ ഭായിയോട് 8 മണിക്ക് ചായ പറഞ്ഞിട്ടുണ്ട്. കശ്മീരിലെ അവസാനത്തെ ചായയും ബ്രഡ് ഓംലെറ്റും... 

            രാവിലെ നിസ്കാരം കഴിഞ്ഞ ഉടനെ തന്നെ എല്ലാരും ബാഗ് പാക്കിങ് ആരംഭിച്ചു. ഇങ്ങോട്ടു വരുമ്പോ ഉള്ളതിനേക്കാൾ സാധങ്ങൾ ഉണ്ടല്ലോ... കുറെ ഒക്കെ ആയി വാങ്ങി കൂട്ടിയത്. ഇനി കുറച്ചു ഐറ്റം കൂടെ വാങ്ങാൻ ഉണ്ട് അതിനൊക്കെ സ്ഥലം വേണം, കൂടാതെ ഫ്ലൈറ്റ്ൽ കൊണ്ട് പോകാവുന്ന ലഗേജ് നു ലിമിറ്റും  ഉണ്ട്. ചുരുട്ടിയും പരത്തിയും  ഒക്കെ ഒരു വിധം പാക്ക് ചെയ്തു വച്ച്, കുളിച്ചു ഫ്രഷ് ആയി ഫുഡ് കഴിക്കാൻ പോയി. ആദിൽ ഭായിയുടെ രുചിയുള്ള ചായയും ബ്രഡ് ഓംലെറ്റും കഴിച്ചു ഡ്രൈവറെ കാത്തിരിപ്പായി.

            10 മണിക്ക് മുൻപായി ഡ്രൈവർ വണ്ടിയുമായി എത്തി. ലഗ്ഗേജ് എല്ലാം എടുത്തു വണ്ടിയിൽ വച്ചു. കഴിഞ്ഞ കുറേ നാൾ ഞങ്ങൾക്ക് ആതിഥ്യം അരുളിയ ആദിൽ ഭായിയോട് വീണ്ടും കാണാം എന്ന യാത്രയും പറഞ്ഞു വീടിനു മുമ്പിൽ നിന്നും ഫോട്ടോയും എടുത്തു എല്ലാരും വണ്ടിയിൽ കയറി. പെട്ടെന്ന് ഇപ്പൊ വരാം പോകല്ലേ എന്നു പറഞ്ഞു ആദിൽ ഭായി അകത്തേക്ക് ഓടി. എന്താണ് കാര്യം എന്നു ഞങ്ങൾക്ക് പിടി കിട്ടുന്നതിന് മുന്നേ കയ്യിൽ 4 ബോട്ടിൽ വെള്ളവുമായി ആദിൽ ഭായി ഇറങ്ങി വന്നു. അയ്യോ വേണ്ട എന്നു പറഞ്ഞ ഞങ്ങളോട് ഡൽഹിയിൽ നല്ല ചൂടായിരിക്കും എന്നും പറഞ്ഞു നിർബന്ധിച്ചു ഏല്പിച്ചു ആ നല്ല അതിഥേയൻ ഞങ്ങളെ യാത്രയാക്കി. എന്തോ ഇഷ്ടമുള്ളവരെ വിട്ട്‌ പോകുന്ന വേദനയോടെ ഞങ്ങൾ എയർപോർട്ടിലേക്ക് യാത്ര തിരിച്ചു.

            തലേ ദിവസം പിള്ളാർക്ക് എന്തേലും വാങ്ങാൻ ശ്രമം നടത്തിയത് നടക്കാതെ പോയത് കൊണ്ട് ഇന്ന് എയർപോർട്ടിലേക്ക് പോകുന്ന വഴി ഒന്ന് ട്രൈ ചെയ്യണം എന്ന് മനസ്സിൽ ഉണ്ടായിരുന്നു. 2.45 നു ആണ് ഫ്ലൈറ്റ് അത് കൊണ്ട് സമയം ഇഷ്ടം പോലെ ഉണ്ട്, ഡ്രൈവർ യാതാർത്ഥ സമയം അറിഞ്ഞാൽ വൈകിയാലോ എന്ന് കരുതി നേരത്തെ വരാൻ പറഞ്ഞതാണ്.

            വണ്ടി മെയിൻ റോഡിലേക്ക് ഇറങ്ങി അല്പം മുന്നോട്ട് പോയപ്പോ ഞാൻ ഡ്രൈവറോട് എന്റെ ആവശ്യം അറിയിച്ചു. ഉടനെ തന്നെ ഒരു ഷോപ്പിങ് കോംപ്ലെക്സിന് മുന്നിലായി അയാൾ വണ്ടി നിർത്തി. കാര്യം പറഞ്ഞപ്പോ എല്ലാർക്കും എന്തേലും ഒക്കെ വാങ്ങണം. ഞാൻ വേഗം കടകളിലേക്ക് നടന്നു. എന്റെ കാരണം കൊണ്ട് നേരം വൈകരുതല്ലോ... കൂടെ മറ്റുള്ളവരും ഇറങ്ങി. നേരെ ഒരു കടയിലേക്ക് കയറി, കടക്കാരൻ നല്ല സമീപനം ആണ്, അവിടെ തന്നെ എടുക്കാം എന്ന് ഉറപ്പിച്ചു. മോൾക്കു കാശ്മീരി ഡ്രെസ്സും ഒരു മേൽ ജാക്കറ്റും , മോനും, ജേഷ്ഠന്റെ മോനും ഓരോ തണുപ്പ് ഡ്രെസ്സുകളും, ഉമ്മാക്ക് ഒരു കാശ്മീരി ഷാളും വിലപറഞ്ഞു ഉറപ്പിച്ചു, പിന്നെ ബാക്കി ഉള്ളവരും അവിടെ നിന്നും ഓരോന്നായി വാങ്ങി. അധികം സമയം കളയാതെ എല്ലാം കവറിലാക്കി ഡിക്കിയിൽ ഇട്ടു വേഗം എയർപോർട്ട് ലക്ഷ്യമാക്കി വണ്ടി വിട്ടു.

        ആ യാത്രയിൽ അധികം ഒന്നും ഡ്രൈവർ സമീർ സംസാരിക്കുന്നുണ്ടായിരുന്നില്ല. എന്തോ ഒരു സങ്കടം ഞങ്ങൾക്കും ഉണ്ടായിരുന്നു. ഇനി ഉള്ളത് വാൾനട്ട് ഫുഡ്‌ജ്‌ എന്ന ഒരു കാശ്മീരി സ്വീത്സ് വാങ്ങണം എന്നതാണ്.  വാൾനട്ടും, തേനും ഈത്തപ്പഴവും എല്ലാം കൂടെ പ്രതെയ്കമായി ഉണ്ടാക്കുന്ന കാശ്മീരിൽ മാത്രം കിട്ടുന്ന ഒരു മധുര പലഹാരമാണ് ഇത്, എയർപോർട്ട് റോഡിൽ അതിന്റെ വളരെ പ്രസിദ്ധമായ ഒരു കടയുണ്ട്. അവിടെ കയറണം എന്ന് ഡ്രൈവറോട് ഓർമിപ്പിച്ചു. ഓക്കേ പറഞ്ഞു സമീർ വണ്ടി അങ്ങോട്ട് വിട്ടു. 

            ഒരു കടയുടെ മുന്നിൽ വണ്ടി കൊണ്ട് ചെന്ന് നിർത്തി. മൂൺലൈറ്റ് എന്നാണ് കടയുടെ പേര്. ഈ ഒരു ഐറ്റം മാത്രമേ ആ കടയിൽ ഒള്ളു. സാമ്പിൾ ഒന്നും കിട്ടില്ല വേണേൽ ക്യാഷ് കൊടുത്തു വാങ്ങി കഴിക്കണം അത്രക്ക് ഡിമാൻഡ് ആണ്. രണ്ടു ദിവസം മുൻപ് ഹസ്രത് ബാലിൽ വച്ച് ഒരു ബേക്കറിയിൽ നിന്നും ഞങ്ങൾക്ക് ഇത് സാമ്പിൾ ആയി കിട്ടിയതാണ്. ഇവിടെ പക്ഷെ അതൊന്നും നടപ്പില്ല, അത്രക്ക് ഡിമാൻഡ് ആണ് ഈ കടക്കാരുടെ ഐറ്റത്തിനു.  എത്ര വേണം എന്ന് പറയുക, സാധനം തൂക്കി ഓരോ പെട്ടിയിൽ ആക്കി വച്ചിട്ടുണ്ട്, അത് എടുത്ത് തരും. ക്യാഷ് കൊടുക്കുക പോകുക അത്രേ ഒള്ളു, വേറെ സംസാരം ഒന്നും ഇല്ല. പിന്നെ ഒന്നും നോക്കിയല്ല ഓരോ കിലോ വച്ച് എല്ലാരും വാങ്ങി പെട്ടെന്ന് തന്നെ വണ്ടിയിൽ കയറി എയർപോർട്ടിലേക്ക്. ഇനി എവിടെയും നിർത്താനില്ല.

        കുറച്ചു ദൂരം ഓടി വണ്ടി എയർപോർട്ട്ലേക്ക് തിരിഞ്ഞു. ഉടനെ തന്നെ ഒരു സെക്യൂരിറ്റി ചെക്കിങ് ഉണ്ട്, വണ്ടിയുടെ അടുത്ത് വന്നു ഡീറ്റെയിൽസ് ഒക്കെ ചോദിച്ചു, ബോർഡിങ് പാസ് ഒക്കെ കാണിച്ചു അവിടെ നിന്നും പോന്നു. കുറച്ചൂടെ ഓടി എയർപോർട്ടിന് അടുത്ത് എത്തി. അവിടെയും സാധനങ്ങൾ ഒക്കെ സ്കാൻ ചെയ്യണം, അവിടെ നിന്നും കുറച്ചൂടെ മുന്നോട്ട് പോയി വണ്ടി അവിടെ പാർക്ക് ചെയ്തു. 

        ലഗേജ് എല്ലാം ഇറക്കി ട്രോളിയിൽ കയറ്റി ഞങ്ങൾ സമീർ ഭായിയോട് സലാം പറഞ്ഞു പിരിഞ്ഞു. സമീർ തിരികെ പോയി. 

ഞങ്ങൾ എയർപോർട്ട്നു ഉള്ളിലേക്കും. അകത്തേക്ക് കടക്കുന്നതിനു മുന്നേ എല്ലാരുടെയും രാവിലെ വാങ്ങിയ ഡ്രെസ്സുകളും, സ്വീറ്റ്സും അവരവരുടെ ബാഗിലേക്ക് മാറ്റി. സമയം ഇനിയും ഒരുപാട് ഉണ്ട്, ഫുഡ് പുറത്തു നിന്നും വാങ്ങി കയ്യിൽ വെക്കാം എന്ന് കരുതി. അകത്തു നല്ല റേറ്റ് ആകും എന്ന് കരുതിയാണ് ഈ തീരുമാനം.


        ഞാനും റിയാസും പുറത്തുള്ള ഒരു ഫുഡ് കൗണ്ടറിൽ പോയി നാലു പേർക്കും ബർഗർ വാങ്ങിച്ചു. പുറത്തു നിന്നും ഒരു സെൽഫിയും എടുത്തു ആദ്യമായി വിമാന എക്സ്പീരിയൻസ് ചെയ്യാൻ പോകുന്ന റഷീദിനെ ട്രോള്ളി കൊണ്ടു അകത്തേക്ക് നടന്നു. ലഗേജ് എല്ലാം ചെക്കിൻ ചെയ്യാൻ കൗണ്ടറിൽ കൊടുത്തപ്പോ കൗണ്ടറിലെ പയ്യന് ഒരു അബദ്ദം പറ്റി, നാലു ലഗേജ് നു പകരം 5 എണ്ണത്തിന് അവൻ പാസ് പ്രിന്റ് ചെയ്തു അപ്പൊ പിന്നെ 5 ലഗേജ് അവനു വേണം, അവസാനം ഫസലിന്റെ ട്രോളി ബാഗ് കൂടെ ലഗേജ് ആയി കൊടുത്തു അതോടെ ഫസൽ ഫ്രീ ആയി. അപ്പൊ പിന്നെ എല്ലാരുടെയും മൂൺ ലൈറ്റ് സ്വീറ്റ് ബോക്സ് ഫസലിന്റെ കയ്യിൽ ഏല്പിച്ചു, അവൻ അങ്ങനെ ഫ്രീ ആയി നടക്കണ്ടല്ലോ...

        സെക്യൂരിറ്റി ചെക്ക് നല്ല കടുപ്പം ആണ്, ഒരു മാതിരി കാലിക്കറ്റ് എയർപോർട്ടിലെ പോലെ... എല്ലാം കഴിഞ്ഞു ഞങ്ങൾ ബോർഡിങ്ങിനായി ലോഞ്ചിൽ വെയിറ്റ് ചെയ്യാൻ തുടങ്ങി. ഒരു ചെറിയ എയർപോർട്ട് ആണ് ശ്രീനഗർ എയർപോർട്ട്. ഫ്ലൈറ്റ് സർവീസ് കുറെ ഉണ്ട്, അത് കൊണ്ട് നിറയെ ആളുകളുണ്ട്. കുറെ നേരം ഇരുന്നപ്പോ ഞങ്ങൾ ഒന്ന് കറങ്ങി, കറങ്ങാൻ ഒരു പാട് സ്ഥലം ഒന്നും ഇല്ല, അകെ 6-7 കടകൾ ഉണ്ട് അത്ര തന്നെ... നിസ്കരിക്കാൻ സമയം ആയപ്പോ പോയി നിസ്കരിച്ചു വന്നു എല്ലാരും കയ്യിൽ കരുതിയ ബർഗർ കഴിച്ചു യാത്രക്ക് റെഡി ആയി.

            ഗേറ്റ് 4 ആണ് ബോർഡിങ് പാസിൽ ഉള്ളത്, ഏകദേശം സമയം ആയപ്പോ അങ്ങോട്ട് പോയി അവിടെ കുറച്ചു സമയം നിന്നു. പിന്നെ ഓരോരുത്തരായി ഒരു സീറ്റ് സംഘടിപ്പിച്ചു അവിടെ ഇവിടെ ഒക്കെ ആയി  ഇരുന്നു. 

          സൈലന്റ് എയർപോർട്ട് ആണ് ശ്രീനഗർ എയർപോർട്ട്, അത് കൊണ്ട് അധികം അന്നൗൺസ്‌മെന്റ് ഒന്നും ഉണ്ടാകില്ലത്രേ... അങ്ങനെ ഇരിക്കുമ്പോ ഒരു അന്നൗൺസ്‌മെന്റ് കേട്ടു, കൃത്യമായി മനസിലായില്ല, ചെറിയ സൗണ്ടിൽ ആണ്, എന്റെ അടുത്തിരുന്ന ഒരാളോട് അത് എന്താണ് എന്ന് ചോദിച്ചപ്പോ അവർക്കും കൃത്യമായി മനസിലായില്ല, പക്ഷെ ഒരു ഗേറ്റ് ചേഞ്ച് അന്നൗൻസ് മെന്റ് ആണ് എന്ന് അവർക്കും എനിക്കും മനസിലായി. ഉടനെ തന്നെ എണീറ്റ് ഡിസ്പ്ലേ ബോർഡിൽ നോക്കുമ്പോ ഞങ്ങളുടെ ഫ്ലൈറ്റ് ബോർഡിങ് ഗേറ്റ് മാറ്റിയിട്ടുണ്ട്. ഗേറ്റ് 7 ലേക്ക് ആണ് പോകേണ്ടത്. ഉടനെ തന്നെ എല്ലാരേയും വിളിച്ചു ഗേറ്റ് 7 ഉം തപ്പി നടന്നു.

            ഗേറ്റ് 7 താഴെ നിലയിൽ ആണ്, അതായത് എൻട്രൻസ് ഒക്കെ ഉള്ള അതെ നിലയിൽ. ഇത് വരെ വെയിറ്റ് ചെയ്തത് ഒന്നാം നിലയിൽ ആയിരുന്നു. ഗേറ്റിലേക്ക് ആദ്യം എത്തിയത് ഞങ്ങൾ തന്നെ ആണ്, പുറത്തു ഒരു ബസ് കാത്ത് കിടക്കുന്നുണ്ട്, ചാടി കയറി സീറ്റ് പിടിച്ചു, ബസ് ഫുൾ ആയ ഉടനെ നീങ്ങി, ഒരു 200-300 മീറ്റർ അകലെ കൊണ്ട് നിർത്തി, അതിനിപ്പോ ബസ് ഒക്കെ വേണമായിരുന്നോ ആവൊ.. അടുത്ത് തന്നെ ഞങ്ങൾക്ക് പോകേണ്ട ഇൻഡിഗോ വിമാനം കാത്തിരിക്കുന്നു, വരിയായി എല്ലാരും വിമാനത്തിനകത്തേക്ക്.. 

കയ്യിൽ ഉള്ള ക്യാബിൻ ലഗേജ് മുകളിലെ ക്യാബിനിൽ വച്ചു എല്ലാരും സീറ്റിലേക്ക്.. എല്ലാര്ക്കും മിഡിൽ സീറ്റ് ആണ്. ബാക്കി സീറ്റിനു ഒക്കെ എക്സ്ട്രാ ക്യാഷ് വേണം ബുക്ക് ചെയ്യുമ്പോ അത് കൊണ്ട് ഫീസ് ഇല്ലാത്ത മിഡിൽ സീറ്റ് ഒന്നിന് പുറകെ ഒന്നായി 4 എണ്ണം എടുത്തിരിക്കുകയാണ്. റഷീദ് ന്റെ ആദ്യത്തെ ഫ്ലൈറ്റ് ആണ്. 

എല്ലാരും കയറി, എയർ ഹോസ്റ്റസുമാർ നിർദേശങ്ങൾ എല്ലാം നൽകുന്നുണ്ട്, എല്ലാം കഴിഞ്ഞു പുറപ്പെടാൻ പോകുന്നു, ഇത്ര സമയത്തിനുള്ളിൽ ഡൽഹി എത്തും എന്നൊക്കെ പൈലറ്റ് വിവരങ്ങൾ നൽകി മെല്ലെ വിമാനം റൺവേ യിലൂടെ നീങ്ങാൻ തുടങ്ങി, കുറച്ചു ഓടി വിമാനം നിർത്തി. എന്താണ് എന്നൊന്നും പെട്ടെന്ന് മനസിലായില്ല, എയർ ഹോസ്റ്റസ് മാർ കുറെ പേര് ബാക്കിലേക്ക് ധൃതിയിൽ പോകുന്നു, പിന്നെ അവർ പറയുന്ന കേട്ടപ്പോഴാണ് കാര്യം പിടി കിട്ടിയത്. ഒരു യാത്രക്കാരന് പെട്ടെന്ന് സുഖമില്ലാതായി. അയാളെ നോക്കാൻ ആരേലും ഡോക്ടർസ് യാത്രക്കാരായിട്ടുണ്ടോ എന്ന് അവർ വിളിച്ചു ചോദിക്കുമ്പോ ആണ് കാര്യംപിടി കിട്ടിയത്. ഞങ്ങളുടെ ഒക്കെ കൂടെ സീറ്റിൽ ഇരുന്ന ഒരു പുണെ ടീമിൽ ഒരാൾ ഡോക്ടർ ആണ് അയാൾ എണീറ്റ് പുറകിലേക്ക് പോയി, കുറെ സമയം കഴിഞ്ഞു അയാൾ വന്നു കാര്യങ്ങൾ പറഞ്ഞു. യാത്രക്കാരന് പ്രമേഹവും ഒക്കെ ഉണ്ട്, ലോ ഷുഗർ ആയതാണ്, എയർപോർട്ടിലെ ഡോക്ടർ യാത്ര ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞത് കാരണം അയാളെ വിമാനത്തിൽ നിന്നും ഇറക്കി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുകയാണ്, വിമാനം ലേറ്റ് ആകും എന്ന് ഉറപ്പായി. രാത്രി 8.45 നു ആണ് നമുക്ക് ഡൽഹിയിൽ നിന്നും കണ്ണൂർ ഫ്ലൈറ്റ്, ഇഷ്ടം പോലെ സമയം ഉണ്ട്, അത് കൊണ്ട് നമുക്ക് വലിയ പ്രശ്നം ഒന്നും തോന്നിയില്ല. 

പക്ഷെ ഞങ്ങളുടെ അടുത്ത സീറ്റിൽ ഒക്കെ ഉണ്ടായിരുന്ന പുണെ ടീമിന് 6 മണിക്കാണ് ഡൽഹിയിൽ നിന്നും പുണെ കണക്ഷൻ ഫ്ലൈറ്റ്. അവർക്ക് ടെൻഷൻ അകാൻ തുടങ്ങി. അങ്ങനെ പല കണക്ഷൻ ഫ്ലൈറ്റ്കാരും ഉണ്ടാകും ഈ കൂട്ടത്തിൽ. വിമാനം അങ്ങനെ കുറെ നേരം അവിടെ നിർത്തി. കുറെ കഴിഞ്ഞപ്പോ ക്രൂ മെംബേർസ് വന്നു ലഗ്ഗേജ് ക്യാബിൻ എല്ലാം തുറന്നിട്ടു. പണി പാളിയോ എന്ന് ആയി. എല്ലാരേയും ഇറക്കാൻ ഉള്ള പ്ലാൻ ആണോ എന്നൊന്നും മനസിലാകുന്നില്ല. അപ്പൊ തന്നെ ഫ്രന്റ് ഭാഗത്തു നിന്നും ക്രൂ ടീം ഓരോ ബാഗും എടുത്തു ആരുടേതാണ് എന്ന് ചോദിയ്ക്കാൻ തുടങ്ങി.  അത് ഓരോരുത്തർ അവരുടെ ആണ് എന്ന് പറയുമ്പോ അകത്തേക്ക് വച്ച് അടക്കാനും തുടങ്ങി. ആ യാത്രക്കാരന്റെ ബാഗ് കണ്ടു പിടിക്കാൻ ആണ് എന്നാണ് ഞങ്ങൾ കരുതിയത്. ഇങ്ങനെ ഒരു പരിപാടി ഉണ്ടത്രേ ഫ്ലൈറ്റ് സ്റ്റാർട്ട് ആയിട്ട് പിന്നെ ഇങ്ങനെ എന്തേലും കാര്യത്തിന് നിർത്തിയാൽ ഈ procedure ചെയ്യണം എന്ന് പിന്നെ എവിടെയോ വായിച്ചു. കുറെ സമയത്തിനു ശേഷം 4 മണിയോട് കൂടെ ഫ്ലൈറ്റ് ഡൽഹിയിലേക്ക് പറന്നു. ആദ്യ വിമാന എക്സ്പീരിയൻസ് അങ്ങനെ റഷീദിന് ഒരു പ്രതെയ്ക എക്സ്പീരിയൻസ് ആയി. ഏതാണ്ട് 1 മണിക്കൂറിലേറെ സമയം കൊണ്ട് വിമാനം ഡൽഹിയിലേക്ക് എത്തി. ടൌൺ ഒക്കെ കാണാൻ ആയി. അധികം വൈകാതെ ഞങ്ങളെയും വഹിച്ചുള്ള ഇൻഡിഗോ വിമാനം ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഇറങ്ങി.

പാർട്ട് -11 വായിക്കാൻ... (തിരികെ നാട്ടിലേക്ക് Delhi- Home...)  

Comments

Popular posts from this blog

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part 6 (ദൂത് പത്രി )

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part -1 (ഡൽഹിയിലേക്ക് )

Driving licence @Saudi -Part1