ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part 9 (പഹൽഗാം ഡേ 2 )
രാവിലെ ഉണരുമ്പോഴും നല്ല തണുപ്പ് തന്നെ. മഴയൊക്കെ പോയിട്ടുണ്ട്. മുന്നിലെ മഞ്ഞുമല കാണാൻ കഴിയാത്ത വിധം എല്ലാം കോട മൂടി കിടക്കുകയാണ്. ആദ്യം തന്നെ മൊബൈൽ എടുത്തു കാലാവസ്ഥ സംബന്ധിച്ച ന്യൂസ് വല്ലതും ഉണ്ടോ എന്നാണ് നോക്കിയത്. ആദ്യ മെസ്സേജ് കണ്ടതോടെ അകെ മൂഡോഫായി. തലേ ദിവസത്തെ മഴയിൽ ശ്രീനഗർ ജമ്മു റോഡിൽ മണ്ണ് ഇടിഞ്ഞു അപകടം ഉണ്ടായി ആ റോഡ് 4 ദിവസത്തേക്ക് അടച്ചിരിക്കുന്നു എന്ന വാർത്ത ആണ് രാവിലെ കേട്ടത്. ഉടനെ ഡ്രൈവറെ വിളിച്ചു, മഞ്ഞു കാണാൻ വേണ്ടി പോകാൻ ഇരുന്ന സിന്തൻ ടോപ്ന്റെ അവസ്ഥ എന്താണ് എന്നറിയാൻ. മഴ അവിടെയും ബാധിക്കാൻ ചാൻസ് ഉണ്ട്. കാരണം ആ റോഡ് പോകുന്നത് ചുരത്തിലൂടെ ആണ്. പേടിച്ച പോലെ തന്നെ സംഭവിച്ചു, സിന്തൻ ടോപ്പിലേക്ക് 2 ദിവസം വണ്ടി കടത്തിവിടില്ലത്രേ. അതോടെ എല്ലാ രസവും അവസാനിച്ചു.
ഇനി എന്ത് ചെയ്യും നല്ല മഞ്ഞുള്ള പ്രദേശം ഈ യാത്രയിൽ ഇനി കിട്ടില്ല എന്ന് തോന്നിയ നിമിഷങ്ങൾ. ഇന്നത്തെ പ്ലാൻ എല്ലാം തെറ്റി. ഇനി എന്ത് ചെയ്യും എന്ന് കുത്തിയിരുന്ന് ചർച്ച ചെയ്തു. വെറുതെ ഗുൽമാർഗിൽ പോയാലോ എന്നൊക്ക ആലോചന വന്നു . പക്ഷെ ഒത്തിരി ദൂരം ഓടാൻ ഉണ്ട് അങ്ങോട്ടേക്ക് ... അവസാനം ഈ ദിവസം കൂടെ പഹൽഗാമിൽ ചിലവഴിക്കാം എന്ന് തീരുമാനിച്ചു.
രാവിലത്തെ കഠിനമായ തണുപ്പ് കാരണം റൂമിൽ തന്നെ ഫുഡ് ഓർഡർ ചെയ്തു , ബ്രെഡ് ഓംലറ്റ് ഉം ചായയും മഞ്ഞു മലയെ നോക്കി ഇരുന്നു ആസ്വദിച്ച് കഴിച്ചു എല്ലാരും യാത്രക്ക് തയ്യാറായി. ഡ്രൈവറെ ഫോൺ ചെയ്ത് വരുത്തി, ഹോട്ടൽ നു പുറത്തു ഒരു സെൽഫിയും പാസ്സാക്കി നേരെ കാറിലേക്ക്...
ABC വാലി എന്ന മൂന്നു സ്പോട്ടുകൾ ഉണ്ട് ഇവിടെ, അവിടേക്ക് പക്ഷെ നമ്മുടെ കാർ വിടില്ല, യൂണിയൻ ടാക്സി വിളിച്ചു പോകണം. വിവിധ തരം കാറുകൾ ലഭ്യമാണ്. അതിനായി ഒരു ടാക്സി സ്റ്റാൻഡ് ഉണ്ട് അവിടെ. ഓരോ തരാം കാറുകൾക്ക് ഓരോ റേറ്റ് ആണ്. മാരുതിയുടെ ഈക്കോ കാർ ആണ് ഞങ്ങൾ തിരഞ്ഞെടുത്തത്. 4 പേർക്കും സൈഡ് വ്യൂ കിട്ടുന്ന വണ്ടി. യൂണിയൻ ടാക്സി കൗണ്ടറിൽ നിന്നും വണ്ടി സെലക്ട് ചെയ്തു ഞങ്ങൾ യാത്ര തുടങ്ങി. ABC എന്നാൽ ആരുവാലി, ബൈത്താബ് വാലി, ചന്ദൻവാരി എന്നിങ്ങനെ മൂന്ന് സ്ഥലങ്ങൾ ആണ്, ആദ്യം വണ്ടി അരുവാലിയിലേക്ക് ആണ് പോകുന്നത്.
ഡ്രൈവർ വണ്ടി അതി വേഗം ആരുവാലിയിലേക്ക് ഓടിച്ചു കൊണ്ടിരുന്നു. അധികം ഒന്നും സംസാരിക്കാത്ത ഒരു ആളാണ് ഡ്രൈവർ. സാധാരണ കാശ്മീരികൾ അധികവും നല്ല സംസാര പ്രിയരാണ്. വളരെ ഭംഗിയുള്ള കാഴ്ചകൾ കണ്ടു ഞങ്ങൾ ആരു വാലിയിലേക്ക് എത്തി. യാത്രയിൽ ഉടനീളം ഒരു ഭാഗത്ത് മഞ്ഞു മലയിൽ നിന്നും ഒഴുകി വരുന്ന നദി കാണാം. ഭംഗിയുള്ള ചെറുതായി മഞ്ഞുമൂടിയ മലകളും താഴ്‌വരകളും ... വണ്ടി ആരുവാലിയിലേക്ക് എത്തി. ഡ്രൈവർ റോഡ് സൈഡിൽ വണ്ടി ഒതുക്കി ഞങ്ങളോട് മുകൾ ഭാഗത്തേക്ക് പൊയ്ക്കോളാൻ പറഞ്ഞു. തിരികെ 1 മണിക്കൂറിൽ എത്തണം ഞാൻ ഇവിടെ കാണും എന്നും. ഞങ്ങൾ താഴ്വര ലക്ഷ്യമാക്കി നടന്നു.
അതി സുന്ദരമായ ഒരു താഴ്വര . ഒരു ഭാഗത്തു ദൂരെ വലിയ മഞ്ഞുമല, സൈഡിലൂടെ ഒഴുകുന്ന നദി പുൽമേട്ടിൽ മേഞ്ഞു നടക്കുന്ന കുതിരകൾ... എല്ലാം കണ്ടും ഫോട്ടോ എടുത്തും കുറച്ചു ഗിഫ്റ്റ് ഐറ്റംസ് വാങ്ങിയും ഒരു മണിക്കൂർ കഴിഞ്ഞു പോയി. ഞങ്ങൾ തിരികെ കാറിലേക്ക് നടന്നു മടക്ക യാത്ര തുടങ്ങി. അടുത്ത ലക്‌ഷ്യം മഞ്ഞു മലയായ ചന്ദൻവാരി ആണ്. അടുത്ത് കാണാൻ പോകുന്ന മഞ്ഞു മലയെ കുറിച്ചുള്ള ഓർമകളും ആയി ഞങ്ങൾ യാത്ര തുടർന്നു.


വളഞ്ഞു പുളഞ്ഞു പോകുന്ന റോഡ്, ഇടയ്ക്കിടെ ചെറിയ ചുരം പോലെ കയറ്റങ്ങൾ, ഒരു ഭാഗത്ത് വലിയ കല്ല് മല, മറുഭാഗത്ത് മഞ്ഞു പുതഞ്ഞ മലകൾ... യാത്ര തുടരുകയാണ്. കുറച്ചു സമയത്തെ യാത്രക്കൊടുവിൽ വണ്ടി ചന്ദൻവാരിയിൽ എത്തി. അവിടെയും 1 മണിക്കൂർ ആണ് ഡ്രൈവർ സമയം പറഞ്ഞത്. സമയം കളയാൻ ഇല്ലാത്തതു കൊണ്ട് ഞങ്ങൾ വേഗം മഞ്ഞുമല ലക്ഷ്യമാക്കി നടന്നു. നല്ല തിരക്കാണ് അവിടെ. പോകുന്ന വഴിയിൽ നിന്നും ബൂട്ട് വാടകക്ക് എടുത്തു. 100 രൂപയാണ് വാടക. പേശാൻ ഒന്നും സമയമില്ല, അതും കാലിൽ ഇട്ട് മുന്നോട്ട് പോകുമ്പോ കുത്തിപ്പിടിക്കാൻ വടി കണ്ടു. പലരും വാങ്ങിക്കുന്നുണ്ട്, അതും വാങ്ങി 25 രൂപ ആണ് വാടക. എന്താല്ലേ ഒരു ചുള്ളി കമ്പിന് 25 രൂപ വാടക.... ഓരോരോ ആളുകളുടെ ജീവിത മാർഗങ്ങൾ..


വടിയും കുത്തി ബൂട്ടുമണിഞ്ഞു മഞ്ഞിൽ കാലുകുത്തി. നല്ല വൃത്തിയുള്ള മഞ്ഞു. ഒരു മലയാണ് അത്. വടി കുത്തി കുറെ ഉയരം കയറി. ഇഷ്ടം പോലെ ഫോട്ടോസ് എടുത്തു. മഞ്ഞു നല്ലോണം ആസ്വദിച്ച്. സമയം എത്ര പെട്ടന്നാണ് കടന്നു പോയത്. 1 മണിക്കൂർ അകാൻ ആവുന്നു, മടങ്ങേണ്ട സമയം ആയി. മുകളിൽ നിന്നും താഴേക്ക് ഇറങ്ങുന്നത് എന്നാൽ സ്ലെഡിജിങ് പോലെ ആക്കം എന്ന് കരുതി മുകളിൽ നിന്നും താഴേക്ക് നിലത്തിരുന്നു മഞ്ഞിലൂടെ നിരങ്ങി നീങ്ങി. കുട്ടികളെ പോലെ.. വല്ലാത്ത ഒരു അനുഭൂതി... താഴെ എത്തുമ്പോ പാന്റിനുള്ളിൽ ഒക്കെ മഞ്ഞു കയറിയിട്ടുണ്ടായിരുന്നു. എന്നാലും അതൊന്നും ഒരു പ്രശനമായി തോന്നിയില്ല.
ബൂട്ടും വടിയും തിരികെ കൊടുത്തു വണ്ടിയിലേക്ക് നടന്നു. വണ്ടി കണ്ടു പിടിക്കാൻ കുറച്ചു തിരയേണ്ടി വന്നു. ഡ്രൈവർ ഞങ്ങളെ കണ്ടു ഞങ്ങളുടെ അടുത്തേക്ക് വരുന്നുണ്ട് എനിക്ക് അയാളെ മനസിലായില്ല. രാവിലെ തണുപ്പിനുള്ള വലിയ ഡ്രസ്സ് ധരിച്ചിരുന്ന ആള് ഇപ്പൊ അതൊക്കെ ഊറി മാറ്റി സാധാരണ ഡ്രെസ്സിൽ ആയിരുന്നു അതാണ് അറിയാതിരുന്നത്. 
അവിടെ നിന്നും പുറപ്പെട്ടു ഇനി പോകാൻ ഉള്ളത് ബൈത്താബ് വാലി യിലേക്ക് ആണ്. ചന്ദൻവാരിയിലേക്ക് പോയ വഴിയിൽ ആണ് ഈ സ്ഥലം. പക്ഷെ തിരികെ വരുമ്പോ കയറാം എന്ന് പറഞ്ഞു പോയതാണ്. വണ്ടി ബൈത്താബ് വാലിയിൽ എത്തി. പാർക്കിങ്ങിൽ ഇറങ്ങി ഗേറ്റിലേക്ക് നടന്നു. മറ്റു സ്ഥലങ്ങൾ പോലെ അല്ല ഇവിടെ എൻട്രി ഫീ ഉണ്ട്. ഒരാൾക്ക് 100 രൂപ. പാർക്ക് പോലെ ഒക്കെ ഉണ്ട് അകത്തു. പോകുന്ന വഴിയിൽ ആടിനെ കൂളിംഗ് ഗ്ലാസ് വെപ്പിച്ചു അതിന്റെ അടുത്ത് നിന്നും ഫോട്ടോ എടുക്കാൻ നിൽക്കുന്ന ആളുകൾ, പ്രാവിനെ കയ്യിൽ വച്ച് ഫോട്ടോ എടുക്കാൻ നയിക്കുന്നവർ അങ്ങനെ പല ആളുകളെയും കാണാം.

വിശാലമായ ഒരു മൈതാനം പോലെ ആണ് ബൈത്താബ് വാലി, ഇടയിലൂടെ നദിയും അരുവികളും ഒഴുകുന്നു. മഞ്ഞു മലകൾ അതിട്ടു നിക്കുന്ന പോലെ കാണാം. ഒരു ഭാഗത്ത് സിപ് ലൈൻ പോലുള്ള ആക്ടിവിറ്റീസ് കാണാം. കുറെ സമയം ഫോട്ടോ എടുത്തും ഭംഗി ആസ്വദിച്ചും അവിടെ ചിലവഴിച്ചു. 1 മണിക്കൂർ ആയപ്പോ തിരികെ കാറിലേക്ക് മടങ്ങി ഞങ്ങൾ പഹൽഗാമിലേക്ക് യാത്ര തിരിച്ചു. അല്പസമയത്തിനുള്ളിൽ പഹല്ഗാമിൽ എത്തിച്ചേർന്നു. ആദ്യം പറഞ്ഞുറപ്പിച്ച ക്യാഷ് വാങ്ങി ഡ്രൈവർ മടങ്ങി. സാധാരണ മറ്റുള്ളവരെ പോലെ എക്സ്ട്രാ എന്തേലും കിട്ടാൻ ഒന്നും ഡ്രൈവർ ചോദിച്ചില്ല. പറഞ്ഞ പൈസയും വാങ്ങി അങ്ങേരു പോയി...
വിശക്കാൻ തുടങ്ങിയിട്ടുണ്ട്, എന്തേലും കഴിക്കണം. നല്ല ഹോട്ടൽ നോക്കി നടന്നു ഒരു ഹോട്ടൽ കണ്ടു അവിടെ നല്ല തിരക്ക്, അവിടെ കയറാതെ വേറെ ഒരു ഹോട്ടലിൽ കയറി റൊട്ടിയും രാജ്മയും റൈസും കഴിച്ചു. പുറത്തിറങ്ങി നമ്മുടെ ഡ്രൈവർ സമീർ ഭായിയെ വിളിച്ചു. അല്പസമയത്തിനുള്ളിൽ വണ്ടി എത്തി ഞങ്ങൾ ശ്രീനഗറിലേക്ക് മടക്ക യാത്ര തുടങ്ങി.
ശ്രീനഗറിൽ നിന്നും പഹൽഗാമിലേക്ക് പോകുമ്പോൾ ഒരു ആപ്പിൾ തോട്ടം കണ്ടു ഫോട്ടോ എടുക്കാൻ നിർത്തിയ സമയത്ത് തിരികെ വരുമ്പോൾ വലിയ തോട്ടങ്ങൾ കാണിക്കാം എന്ന് ഡ്രൈവർ പറഞ്ഞിരുന്നു. അത് പ്രകാരം കുറച്ചു സമയം ഹൈവേയിലൂടെ ഓടിയ ശേഷം കാർ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കാൻ ആരംഭിച്ചു. കാശ്മീരി ഗ്രാമഭംഗി ആസ്വദിച്ച് ഞങ്ങൾ യാത്ര തുടർന്നു. റോഡിനു വശങ്ങളിൽ വാൾനട്ട് മരങ്ങൾ ഇഷ്ടം പോലെ കാണാം. അത് പോലെ ചിന്നാർ മരങ്ങളും. കുറച്ചു ചെന്നപ്പോ ആപ്പിൾ തോട്ടങ്ങൾ കാണാൻ തുടങ്ങി. പക്ഷെ സീസൺ അല്ലല്ലോ ആപ്പിൾ ഇല്ല എവിടെയും. കുറെ ഓടി ഒരു ഫാമിന്റെ മുന്നിൽ വണ്ടി നിർത്തി. ആപ്പിൾ ഫാമും ആപ്പിൾ ജ്യൂസ്, മറ്റു ആപ്പിൾ വിഭവങ്ങളും ഒക്കെ കിട്ടുന്ന ഒരു സ്ഥലം. വണ്ടിയിൽ നിന്നും ഇറങ്ങിയ ഞങളെ ഫാമിലെ ജീവനക്കാർ ഫാമിലേക്ക് കൊണ്ട് പോയി. അവിടെ ആപ്പിൾ കാണും എന്ന് കരുതി കൂടെ പോയ ഞങ്ങൾ ഇളിഭ്യരായി. അവിടെയും ഒന്നും കായ്കൾ ഇല്ല. അവസാനം ഓരോ ആപ്പിൾ ജ്യൂസ് കുടിച്ചു കുറച്ചു ആപ്പിൾ വിഭവങ്ങൾ ( അച്ചാർ,ജാം,അങ്ങനെ പലതും) ടേസ്റ്റ് നോക്കി ഞങ്ങൾ മടങ്ങി. വഴിയിൽ ഒക്കെ ഇഷ്ടം പോലെ ജ്യൂസ് കടകൾ കാണാം, എല്ലായിടത്തും വിളവെടുപ്പ് സമയത്ത് ഫ്രീസറിൽ സൂക്ഷിച്ച ആപ്പിളുകൾ ആണ് ഉപയോഗിക്കുന്നത് .ഇനി കുങ്കുമം വാങ്ങിക്കണം. അതാണ് അടുത്ത ലക്‌ഷ്യം. കാശ്മീരിൽ പോയിട്ട് പേരിനെങ്കിലും അല്പം കുങ്കുമം വാങ്ങിയില്ലെങ്കിൽ പിന്നെ എങ്ങനെയാ ... കേസറിനു പേര് കേട്ട പാംപോറിൽ നോക്കാം എന്നാണ് ഡ്രൈവർ പറഞ്ഞിരിക്കുന്നത്. പഹല്ഗാമിലെക്ക് വരുമ്പോൾ ഒരു കടയിൽ നിർത്തിയിരുന്നല്ലോ. അങ്ങനെ 100 കണക്കിന് കടകൾ ഉണ്ട് റോഡിനു ഇരുവശവും. പാംപോർ എത്തി ഡ്രൈവർ വേറെ എവിടെയും നിർത്താതെ തലേ ദിവസം നിർത്തിയ കടയുടെ മുന്നിൽ തന്നെ കൊണ്ട് നിർത്തി. കുറെ മുൻപേ ഞങ്ങൾ നിർത്താൻ പറയുന്നുണ്ടായിരുന്നെങ്കിലും അയാൾ ഓരോ ഒഴിവ് കഴിവ് പറഞ്ഞു ഇവിടെ തന്നെ എത്തിച്ചു. അങ്ങേർക്ക് കമ്മിഷൻ കിട്ടുന്ന കടയായിരിക്കും ഇത്.
കാറിൽ നിന്നും ഇറങ്ങിയ ഞങ്ങൾ ആ കടയിൽ കയറാതെ അടുത്ത കടകളിലേക്ക് നടന്നു. രണ്ടു മൂന്നു കടകളിൽ കയറി വില ചോദിച്ചു. ഏകദേശം എല്ലായിടത്തും ഫിക്സഡ് വില തന്നെ. പലർക്കും കച്ചവടം നടക്കണം എന്ന് തന്നെ ഇല്ല എന്ന് തോന്നി അവരുടെ പെരുമാറ്റം കണ്ടപ്പോ... എന്ന പിന്നെ ആദ്യത്തെ കടയിൽ തന്നെ പോയി വാങ്ങാം എന്ന് പറഞ്ഞു ഞങ്ങൾ അങ്ങോട്ട് തന്നെ നടന്നു. ആ കടക്കാരൻ നല്ല സംസാര പ്രിയനായിരുന്നു.
ഞങ്ങൾ വന്നപ്പോഴേക്കും ഇരിക്കാനും അതിനു പിറകെ നല്ല ടേസ്റ്റ് ഉള്ള കാശ്മീരി കഹ്‌വായും കൊണ്ട് വന്നു ഞങ്ങളെ സൽക്കരിച്ചു കടക്കാരൻ. ടേസ്റ്റ് കൊണ്ട് ഞാൻ ഒരു ഗ്ലാസ് കഹ്‌വാ കൂടെ കുടിച്ചു. മറ്റുള്ളവർ പറഞ്ഞതിലും 20 രൂപ കുറച്ചു അങ്ങേരു കുങ്കുമം തരാം എന്ന് ഏറ്റു. എല്ലാരും ഓരോ ഗ്രാം വീതവും ഫസൽ 2 ഗ്രാമും വാങ്ങിച്ചു. പുറമെ റഷീദും ഫസലും കുറച്ചു ഡ്രൈ ഫ്രൂട്സും മറ്റു ചില ഐറ്റംസും വാങ്ങിയിരുന്നു. എന്തെ ഭാര്യമാരെ കൂടെ യാത്രക്ക് കൊണ്ട് വരാതിരുന്നത് എന്ന് രസികനായ കടക്കാരൻ ചോദിക്കുന്നുണ്ടായിരുന്നു. അവർ വന്നിരുന്നെങ്കിൽ എനിക്ക് കച്ചവടം കൂടുമായിരുന്നു നിങ്ങളുടെ പോക്കറ്റ് ന്റെ കനം കുറയുകയും ചെയ്യുമായിരുന്നു എന്ന് തമാശ ഒക്കെ പറഞ്ഞു...സാധനം ഒക്കെ വാങ്ങി യാത്രക്കാരനോട് യാത്ര പറഞ്ഞു ഞങ്ങൾ പിരിഞ്ഞു.
കാർ ശ്രീനഗർ ലക്ഷ്യമാക്കി കുതിച്ചു, ഇടക്കൊന്നു നിസ്കരിക്കാൻ വണ്ടി നിർത്തി, വീണ്ടും യാത്ര തുടർന്നു. വീടുകളിലേക്ക് സാധനങ്ങൾ ഒന്നും വാങ്ങിയിട്ടില്ല. എല്ലാം വഴിയിൽ കിട്ടും എന്ന് പറഞ്ഞു ഞങ്ങളെ ചുമ്മാ ഡ്രൈവർ പറ്റിച്ചു. അത് ചോദിച്ചപ്പോ പുള്ളി ഒരു സ്ഥലം ഉണ്ട് നല്ല ലാഭം കിട്ടും എന്നൊക്കെ പറഞ്ഞു ഒരു സ്ട്രീറ്റിൽ കൊണ്ട് വണ്ടി നിർത്തി, ഒരു കടയിലേക്ക് ഞങ്ങളെ കൊണ്ട് പോയി വിട്ടു. കാര്യം നല്ല തിരക്കൊക്കെ ഉണ്ട് പക്ഷെ നമ്മളെ മൈൻഡ് ചെയ്യാൻ ഒന്നും ആരും ഇല്ല, കൂടാതെ പിള്ളാർക്ക് പറ്റുന്ന തരം ഡ്രെസ്സുകളും കണ്ടില്ല. അവിടെ നിന്നും ഇറങ്ങി വണ്ടി മുൻപ് പോയ ചൗക്കിലേക്ക് തന്നെ വിടാൻ പറഞ്ഞു. മഴ അത്യാവശ്യം പെയ്യുന്നുണ്ടായിരുന്നു അപ്പോഴൊക്കെ... ഞങ്ങളെ സ്ട്രീറ്റിൽ ഇറക്കി നാളെ എയർപോർട്ടിൽ പോകാൻ നേരത്തെ വരാം എന്ന് പറഞ്ഞു ഡ്രൈവർ പോയി.
രണ്ടു ദിവസം മുൻപ് ഈ സ്ട്രീറ്റിലെ പല കടയിലും ഞങ്ങൾ കയറിയതാണ്, അതിനേക്കാൾ നല്ല സാധനം വിലക്കുറവിൽ വേറെ കിട്ടും എന്ന ഡ്രൈവറുടെ വാക്ക് കേട്ട് ഒന്നും വാങ്ങിക്കാതെ പോയതായിരുന്നു. ആ ഓർമയിൽ മഴയും കൊണ്ട് സ്ട്രീറ്റിലേക്ക് വരുമ്പോ മിക്ക കടകളും അടഞ്ഞു കിടപ്പാണ്. കറന്റും ഇല്ല, ഞായറാഴ്ചയും മഴയും എല്ലാം ആയതോണ്ട് മിക്ക കടകളും അടച്ചിട്ടുണ്ട്. സാധനം കിട്ടുന്ന കാര്യം ഏകദേശം തീരുമാനമായി. തുറന്നിരുന്ന ഒന്നോ രണ്ടോ കടകൾ ... അവർ തന്നെ അടക്കാൻ നിൽക്കുകയാണ്. അവിടെ നിന്നും ചില സാധനങ്ങൾ മാത്രം വാങ്ങി ഞങ്ങൾ ഇറങ്ങി. മഴ അപ്പോഴും പെയ്യുന്നുണ്ട്. ഭക്ഷണം എന്തേലും കഴിക്കണം.
മുൻപ്, കാശ്മീരി വസ്വാൻ കഴിക്കാൻ ഹോട്ടൽ തിരഞ്ഞപ്പോ കേട്ട ഒരു പേരുണ്ട്. ഹോട്ടൽ കരീമ കുറെ പഴയ ഹോട്ടൽ ആണ്. അവിടെ ഒന്ന് കയറാം എന്ന് കരുതി അങ്ങോട്ട് പോകാൻ ഓട്ടോ തിരഞ്ഞു. ഭാഗ്യത്തിന് അടുത്ത് തന്നെ ഒരു ഓട്ടോ ഉണ്ടായിരുന്നതിൽ കയറി ഹോട്ടലിലേക്ക് വിട്ടു. കുറച്ചു ദൂരം ഓടി ഒരു സ്ഥലത്തു ഓട്ടോക്കാരൻ ഇറക്കി, ഹോട്ടലിലേക്ക് നടന്നു. വെളിച്ചം ഒന്നും ഇല്ലാത്ത ഒരു ചെറിയ വഴി. ഒരു ഡോർ തുറന്നു മുകൾ നിലയിലേക്ക് എത്തിയപ്പോ ഒരു ചെറിയ ഹോട്ടൽ കുറെ പേരുണ്ട് ഫുഡ് കഴിക്കാൻ സപ്ലൈ ചെയ്യാനും കുറെ പേരുണ്ട്.
എന്തുണ്ട് കഴിക്കാൻ എന്ന ചോദ്യത്തിന് വസ്വാൻ മാത്രമേ ഒള്ളു എന്ന് മറുപടി. ഒരേ ഒരു ഐറ്റം മാത്രം വിറ്റു കച്ചവടം നടത്തണേൽ അവരുടെ റേഞ്ച് എന്തായിരിക്കും അല്ലെ... രണ്ടു ദിവസം മുൻപ് വസ്വാൻ കഴിച്ച എനിക്ക് വീണ്ടും അതിനോട് താല്പര്യം ഇല്ലായിരുന്നു. ഞങ്ങളിലേക്ക് വന്ന സപ്പ്ലയർ വൈറ്റ് റൈസും വാസ്വാനിലെ കുറച്ചു ഐറ്റംസും (റോഹങ്ങജോഷ്, തബകമാഷ്) നൽകാം എന്ന് പറഞ്ഞു. അങ്ങനെ അതും കഴിച്ചു ഒരു ഓട്ടോ പിടിച്ചു റൂമിലേക്ക്...
നാളെ രാവിലെ എയർപോർട്ടിലേക്ക് പോകണം ഉച്ചക്കാണ് ഫ്ലൈറ്റ്. കശ്മീരിലെ അവസാന രാത്രി ആണ് ഇത്. കുറെ സംസാരിച്ചു നാളത്തെ കാര്യങ്ങൾ ഓർത്തു കൊണ്ട് ഉറങ്ങാൻ കിടന്നു.
















Comments
Post a Comment