ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part 5 (സോനമാർഗ്)

     

പാർട്ട് -4 വായിക്കാൻ... (ശ്രീനഗറിലേക്ക്...)


കാശ്മീരിലെ യാത്രകളുടെ ആദ്യ ദിവസം ആരംഭിക്കുകയായി..... തലേ ദിവസങ്ങളിലെ യാത്രയുടെ ക്ഷീണം കൊണ്ടായിരിക്കാം രാത്രി സുഖമായി ഉറങ്ങി. രാവിലെ നേരത്തെ ഉണർന്നു നിസ്കാരം കഴിഞ്ഞു എല്ലാരും ഫ്രഷ് ആകാൻ തുടങ്ങി. തലേ ദിവസം തന്നെ ആദിൽ ഭായിയോട്   ബ്രേക്ക്ഫാസ്റ്റ് വേണമെന്ന് പറഞ്ഞിരുന്നു.

ആദ്യ ദിവസം വന്ന ഉടനെ ആദിൽ ഭായി തന്ന ചായയുടെ രുചിയിൽ ഞങ്ങൾ ആ ചായയുടെ ഫാൻ ആയി മാറിയിരുന്നു. ഏഴരയോടെ  ആദിൽ ഭായി വന്നു  ചായയും ബ്രേക്ഫാസ്റ്റും റെഡി ആണ് എന്നറിയിച്ചു. ഉടനെ തന്നെ എല്ലാരും  ഡൈനിങ്ങ് ഹാളിലേക്ക് തിരിച്ചു. നല്ല ഭംഗിയായി തീന്മേശ സജ്ജീകരിച്ചിരിക്കുന്നു. ബ്രഡ് ഓംലെറ്റും ബട്ടറും ചായയും. ചായ നല്ല കശ്മീരി പാത്രത്തിൽ ഇഷ്ട്ടം പോലെ നിറച്ചു വച്ചിരിക്കുന്നു.  നല്ല ഭക്ഷണം ആസ്വദിച്ചു കഴിച്ചു. ചായ കഴിഞ്ഞു ഞങ്ങൾ കുളിച്ചു റെഡിയായി ഡ്രൈവർക്കായി കാത്തിരിപ്പായി. കൃത്യം 9 മണിയോടുകൂടി ഡ്രൈവർ ഫർഹാൻ ഭായി കാറുമായി ഞങ്ങളുടെ റൂമിന് മുന്നിലെത്തി.


               നല്ലൊരു സഹൃദയനായ  ആളാണ് ഡ്രൈവർ ഫർഹാൻ ഭായി എന്ന് മനസിലായി.   പെട്ടെന്ന് തന്നെ ഞങ്ങളെല്ലാവരും അദ്ദേഹവുമായി കമ്പനിയായി. അങ്ങനെ ഞങ്ങളുടെ ആദ്യത്തെ സന്ദർശന സ്ഥലമായ സോനാമാർഗ് ലക്ഷ്യമാക്കി യാത്ര തുടങ്ങി. നേരം വൈകി പുറപ്പെട്ടതിൽ ഞങ്ങൾ ചെറുതായി അസ്വസ്ഥരായിരുന്നു. തുടക്കത്തിൽ ടൗണിലൂടെ ഉള്ള യാത്രയിൽ ഉണ്ടായ ട്രാഫിക് ബ്ലോക്കുകളും മറ്റും ഞങ്ങളുടെ അസ്വസ്ഥതക്ക് ആക്കം കൂട്ടി. സോനാമാർഗിൽ എത്താൻ വൈകും എന്ന് ഞങ്ങൾ മനസ്സിൽ ചിന്തിച്ചു. പക്ഷേ ടൗണിലെ തിരക്ക് കഴിഞ്ഞ ഉടനെ  ഹൈവേയിലൂടെ സോനാമാർഗ്  ലക്ഷ്യമാക്കി കാർ അതിവേഗം നീങ്ങിക്കൊണ്ടിരുന്നു. പോകുന്ന വഴിയിൽ ദൂരെയായി മഞ്ഞുമലകൾ കാണുന്നത് ഞങ്ങളിൽ വളരെ ആനന്ദം ഉളവാക്കി. അത് ഞങ്ങളുടെ ഭാഷയിൽ മലയാളത്തിൽ ഞങ്ങൾ സംസാരിക്കുന്നത് ചെറിയ രീതിയിൽ മനസ്സിലാക്കിയ ഡ്രൈവർ ഭായി  അങ്ങോട്ട് തന്നെയാണ് നമ്മൾ പോകുന്നത് എന്നും അത് നിങ്ങൾക്ക്  കാണിച്ചു തരും എന്നും ഉറപ്പു നൽകി. 

 യാത്രയ്ക്കിടയിൽ ഡ്രൈവർ  രാവിലത്തെ ഭക്ഷണം കഴിക്കാൻ വേണ്ടി അൽപസമയം ഒരു നദിയുടെ കരയിൽ കാർ നിർത്തി. ഞങ്ങൾ പുറത്തിറങ്ങി അല്പം ഫോട്ടോയൊക്കെ എടുത്തു കാലാവസ്ഥ ഒക്കെ ആസ്വദിച്ചു. റീൽസ് എടുത്തു തരാം എന്ന് പറഞ്ഞു ഞങ്ങളുടെ കൂടെ ഒരു ചെറുപ്പക്കാരൻ കുറെ നടന്നു. നല്ല ഫോൺ കയ്യിലുള്ള ഞങ്ങൾ തന്നെ എടുത്തോളാം എന്ന് പറഞ്ഞിട്ടും അവൻ പിന്നെയും കുറെ നേരം പിറകെ നടന്നു അവൻ എടുത്ത പല വീഡിയോയും കാണിക്കുന്നുണ്ടായിരുന്നു. പിന്നീട് ഇതേ പോലെ ഉള്ള ആളുകളെ പല സ്ഥലത്തും ഞങ്ങൾ കണ്ടു. ഓരോരുത്തർ ഓരോ ജീവിത മാർഗം കണ്ടു പിടിക്കുന്നത് ഇങ്ങനെ ഒക്കെ ആണ്.  അല്പസമയത്തിനുള്ളിൽ ഞങ്ങൾ യാത്ര തുടർന്നു.
  

             വഴിയിൽ ഒരു  പുതിയ ടണൽ (സോനാ മാർഗ് ടണൽ അല്ലെങ്കിൽ Z-Morh tunnel എന്നാണ് ഈ ടണലിന്റെ പേര്) നിർമാണം പൂർത്തിയായി അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ് ഓപ്പൺ ആയിട്ടുണ്ട്. ടണൽ തുടങ്ങുന്നതിന് അടുത്തായി  വണ്ടി നിർത്തി അവിടെ നിന്നും വളരെ ഭംഗിയുള്ള ഫോട്ടോ എടുക്കാൻ ഉള്ള അവസരം ഡ്രൈവർ ഒരുക്കിത്തന്നു. അവിടുന്ന് ഫോട്ടോയും എടുത്ത് ഞങ്ങൾ വീണ്ടും വാഹനത്തിൽ കയറി ടണലിലേക്ക് പ്രവേശിച്ചു. 6.5 കിലോമീറ്റർ ദൂരമുള്ള ഈ ടണൽ അവസാനിക്കുന്നത് സോനാമാർഗിൽ ആണ്. 


                ടണൽ ഇറങ്ങി കുറച്ചു മുന്നോട്ട് സഞ്ചരിച്ചു സോനാമാർഗിലെ തിരക്കിലേക്ക് എത്തുമ്പോഴാണ് അവിടെ കിടക്കുന്ന വണ്ടികളും ആളുകളെയും  കാണുമ്പോൾ ഇത്രയും ആളുകൾ ഇവിടെ എത്തിയിരുന്നോ എന്ന് അത്ഭുതപ്പെട്ടുപോയി. നല്ല തിരക്കുണ്ടായുരുന്നു അവിടെ ഒക്കെ. 

            പാർക്കിംഗ് സ്ഥലത്ത് വണ്ടി നിർത്തി ഞങ്ങൾ പുറത്തിറങ്ങി. നമ്മുടെ വണ്ടി അത് വരെയേ പോകുകയുള്ളു.  ഇനി സോനാമാർഗിലെ  മറ്റു  കാഴ്ചകൾ ആസ്വദിക്കണമെങ്കിൽ ഒന്നുകിൽ യൂണിയൻ ടാക്സിയിൽ (അവിടെ ഉള്ള നാട്ടുകാരായ ആളുകളുടെ ടാക്സി യൂണിയൻ - അവർക്ക് ജോലി ഉണ്ടാക്കാൻ വേണ്ടി ഉണ്ടാക്കിയ പരിപാടി ആണ് ഈ യൂണിയൻ ടാക്സി.) പോകണം അല്ലെങ്കിൽ കുതിരപ്പുറത്ത് പോകണം. നമ്മുടെ വണ്ടി അങ്ങോട്ട് ഒന്നും കടത്തി വിടില്ല. കാറിൽ നിന്നും പുറത്തിറങ്ങിയ ഉടനെ യൂണിയൻ ടാക്സിക്കാരും  കുതിരക്കാരും ഞങ്ങളെ വളഞ്ഞു ക്യാൻവാസ് ചെയ്യാൻ തുടങ്ങി. വലിയ സംഖ്യ ഒക്കെ ആണ്  തുടക്കം മുതലേ അവർ പറഞ്ഞുകൊണ്ടിരുന്നത്. ഞങ്ങൾ അതിനൊന്നും ചെവി കൊടുക്കാതെ നടക്കാൻ തുടങ്ങി. 

                   നടന്നു കാണാനുള്ള ചിന്തയിലായിരുന്നു ഞങ്ങൾ. കുതിര വേണ്ട എന്ന് തീരുമാനിച്ചു ആദ്യമേ അവരെ ഒക്കെ  മടക്കിയയച്ചു.  പിന്നെയും പിറകെ ആളുകൾ  വന്നു കൊണ്ടിരുന്നു അവസാനം അവിടെയുള്ള ഒരു താഴ്വരയിലേക്ക്  നടന്ന ഞങ്ങളുടെ പിന്നാലെ വന്ന ഒരു ഡ്രൈവർ ചെറിയൊരു സംഖ്യാ പറഞ്ഞു. അത് വലിയ കുഴപ്പമില്ല എന്ന് തോന്നിയപ്പോ അയാളുമായി സംഖ്യാ പറഞ്ഞുറപ്പിച്ചു ഞങ്ങൾ അയാളുടെ കാറിൽ കയറി. 5 ലൊക്കേഷൻ കാണിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. 

          വണ്ടിയിൽ കയറി യാത്ര തുടങ്ങി അഞ്ചു ലൊക്കേഷൻ പേരിന് മാത്രമാണ്. ഈ യാത്രയിൽ മഞ്ഞു  തീർച്ചയായിട്ടും കൈ കൊണ്ട് തൊടാൻ പറ്റും എന്ന് ഡ്രൈവർ പറഞ്ഞു  ഇല്ലെങ്കിൽ നിങ്ങൾ ക്യാഷ് തരേണ്ട എന്നും അങ്ങേരു പറഞ്ഞപ്പോ ഞങ്ങൾ അകെ ത്രില്ലിലായി.  ആദ്യം പോയത്  ഒരു നദിക്കു കുറുകെ ഉള്ള സിപ് ലൈൻ ലേക്കാണ്.  മഞ്ഞു കാണാൻ ഉള്ള ചിന്തയിൽ സിപ് ലൈൻ ഒന്നും ഞങ്ങൾ ശ്രദ്ധിക്കാൻ പോയില്ല. അവിടെ നിന്നും കുറച്ചു ഫോട്ടോ എടുത്തു അടുത്ത സ്ഥലത്തേക്ക് തിരിച്ചു. 5 ൽ അടുത്ത ലൊക്കേഷൻ ഒരു  ഫിഷ് പോണ്ട് ആണ്, ക്ലിയർ ആയ വെള്ളത്തിൽ മീനുകളെ കാണാം എന്നെ ഒള്ളു, അവിടെ ഇറങ്ങേണ്ട എന്ന് ഞങ്ങൾ പറഞ്ഞു. പിന്നെ ഒരു പോയിന്റിൽ കൊണ്ട് വണ്ടി നിർത്തി, അതിനു അടുത്തായി മഞ്ഞു മലകൾ ഉണ്ടായിരുന്നു. ആദ്യമായി മഞ്ഞു കൈ കൊണ്ട് തൊടാൻ പോകുന്ന ആ നിമിഷമോർത്ത് പെട്ടെന്ന് വണ്ടിയിൽ നിന്നും ഇറങ്ങി മഞ്ഞിന്റെ അടുത്തേക്ക് കുതിച്ചു.  മഞ്ഞൾ പാളികൾ അടർന്നു തുടങ്ങിയിട്ടുണ്ട് അതിനു  മുകളിലേക്ക് മഴ പെയ്തു ചെളിയും വന്നിട്ടുണ്ട് എല്ലാം കൂടെ കാണാൻ ഒരു ഭംഗി ഇല്ലാത്ത അവസ്ഥയിൽ ആണ് മഞ്ഞു കട്ടകൾ ഉള്ളത്. കിട്ടിയ മഞ്ഞു  പാളിയിലേക്ക് ആകാംക്ഷയോടെ കൂടി ഞങ്ങൾ കുറച്ചു പണിപ്പെട്ടു കൊണ്ട് ഇറങ്ങുകയും  അവിടുന്ന് കയ്യിൽ മഞ്ഞു  കോരിയെടുത്ത് ഫോട്ടോക്ക് പോസ് ചെയുകയും ചെയ്തു. 

        അൽപ സമയം അവിടെ  ചെലവഴിച്ച ഞങ്ങൾ അടുത്ത അഞ്ചാമത്തെ ലൊക്കേഷനിലേക്ക് നീങ്ങുകയും ചെയ്തു. പോകുന്ന വഴിയിൽ നാലാമത്തെ ലൊക്കേഷൻ ആയ അമർനാഥ് തീർത്ഥാടകരുടെ ബസ് സ്റ്റേഷനും ഹെലിപാഡും വണ്ടിയിൽ ഇരുന്നു കണ്ടു. അവസാന ലൊക്കേഷനിൽ ധാരാളം ആളുകൾ ഉണ്ടായിരുന്നു. അവിടെ നിന്നും ATV വണ്ടിയിൽ മഞ്ഞു കാണാൻ പോകുന്ന ആക്ടിവിറ്റി ഒക്കെ ഉണ്ട്, നല്ല ക്യാഷ് ആണ് ചോദിക്കുന്നത് അത് കൊണ്ട് ആദ്യമേ ആ പരിപാടി ഉപേക്ഷിച്ചു. ഇവിടെയും കുറെ മഞ്ഞു ഉണ്ടായിരുന്നു. കുറെ സമയം ആ മഞ്ഞിൽ കളിച്ചു ഫോട്ടോ എടുത്തു  ഞങ്ങൾ അവിടെ കുറച്ചു സമയം ചിലവഴിച്ചു. മഞ്ഞിൽ റിയാസ് രണ്ടുപ്രാവശ്യം തെന്നി വീഴുന്നതും കണ്ടു. ശേഷം തിരികെ യാത്ര തുടങ്ങി ഞങ്ങളെ ഡ്രൈവർ ഞങ്ങൾ യാത്ര തുടങ്ങിയ  സ്ഥലത്തുതന്നെ കൊണ്ടു വിട്ടു. 


പിന്നീട് ഞങ്ങൾ അവിടെ ഉള്ള വിശാലമായ താഴവരയിലേക്ക് നടന്നു. ഒരു ഭാഗത്ത് മഞ്ഞുമലകൾ അതിരിട്ടു നിൽക്കുന്ന മനോഹര താഴ്വര.  ആ പ്രദേശത്തെ മഞ്ഞുമൂടിയ മലകളെ ബാക്ഗ്രൗണ്ടാക്കി  കൊണ്ട് ധാരാളം ഫോട്ടോ എടുത്തു. അൽപ സമയത്തിനുശേഷം സോനാമാർഗ് നോട് വിട പറഞ്ഞു ഞങ്ങൾ ശ്രീനഗറിലേക്കുള്ള യാത്ര തുടങ്ങി.
          


തിരികെ മടങ്ങുന്ന  വഴിയിൽ അത്യാവശ്യം മഴ പെയ്യാൻ തുടങ്ങിയിരുന്നു അന്നു മുതൽ ശ്രീനഗറിൽ വൈകുന്നേരങ്ങളിൽ നല്ല മഴയായിരുന്നു. രാത്രി 7.30 മണിയോടെ റൂമിൽ എത്തി. റൂമിൽ ചെന്ന് ഫ്രഷായി ഞങ്ങൾ ഫുഡ് കഴിക്കാൻ പുറത്തിറങ്ങി.  നല്ല മഴ .. ഒരു രക്ഷയും ഇല്ല, എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുമ്പോ ആദിൽ ഭായി റൂമിലേക്ക് മറ്റ് അതിഥികളെ  കൊണ്ടുവന്ന ഒരു കാർ ഡ്രൈവറെ പരിചയപ്പെടുത്തി. അദ്ദേഹം ഞങ്ങളെ സ്ട്രീറ്റിൽ കൊണ്ട് വിട്ടു. അവിടെ നിന്നും ആദ്യം കണ്ട ഒരു ഹോട്ടലിൽ കയറുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. ഫുഡ് അത്ര നന്നായി തോന്നിയില്ല, വേറെ വഴിയില്ലാത്തതിനാൽ കിട്ടിയത് കഴിച്ചു കൊണ്ട് റൂമിലേക്ക് ഓട്ടോ പിടിച്ചു. അടുത്ത ദിവസം ദൂത് പത്രി എന്ന സ്ഥലമാണ് കാണാൻ ഉള്ളത്.. അവിടേക്ക് പോകാൻ ഉള്ള കാര്യങ്ങൾ ഓർത്തു കൊണ്ട് ഉറക്കത്തിലേക്ക് ....

പാർട്ട് -6 വായിക്കാൻ... (ദൂത് പത്രി...)


Comments

Popular posts from this blog

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part- 2 (ഡൽഹിയിൽ )

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part -1 (ഡൽഹിയിലേക്ക് )

Driving licence @Saudi -Part1